
ഹൈദരാബാദ്: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗി(ഐഎഫ്എല്‍)ല്‍ ഗോകുലം കേരള എഫ് സിക്ക് ഇന്ന് റെലിഗെഷന്‍ റൗണ്ടിലെ അവസാന മത്സരം. നാംധാരി എഫ് സിയെ ഹൈദരാബാദിലെ ഡെക്കാന്‍ അരീനയില്‍ വൈകിട്ട് 6.30ന് നേരിടും. സീസണിലെ അവസാന മത്സരത്തില്‍ ജയിച്ചെങ്കില്‍ മാത്രമേ ഗോകുലത്തിന് റെലിഗെറ്റ് ആവാതെ വരും സീസണില്‍ ലീഗില്‍ തുടരാനാവു. റെലിഗെഷന്‍ സ്റ്റേജിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ നിന്ന് 1 പോയിന്റ് മാത്രമാണ് ഗോകുലത്തിന് നേടാനായത്.
ടൂര്‍ണമെറ്റില്‍ മുന്‍പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ 1-1 സമനിലയിലാണ് പിരിഞ്ഞത്. മാറിവന്ന വിദേശ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കളത്തില്‍ ഫലം കാണിക്കാതെ വന്നതോടെയാണ് ഗോകുലം സമീപകാലത്തെ ഏറ്റവും മോശം പൊസിഷനിലേക്ക് എത്തിയത്. ഇന്നത്തെ മത്സരം ജയിച്ചു റെലെഗേഷനില്‍ നിന്ന് രക്ഷനേടാന്‍ തന്നെയാണ് ടീം ലക്ഷ്യമിടുന്നത്. റെലിഗെഷന്‍ സ്റ്റേജില്‍ നിന്ന് റിയല്‍ കാശ്മീരും ഐസ്വാള്‍ എഫ് സിയും മുന്‍ മത്സരങ്ങളിലെ അനുകൂല ഫലത്തിലൂടെ സേഫ് ആയിരുന്നു. അതിനാലാണ് അവസാന കളി നിര്‍ണ്ണായകമാവുന്നത്.
ഇന്ത്യന്‍ വിമെന്‍സ് ലീഗില്‍ 13 പോയിന്റുകളുമായി നിലവില്‍ ആഞ്ചാം സ്ഥാനത്തുള്ള ഗോകുലം വനിതാ ടീം കൊല്‍ക്കത്തയിലെ ഈസ്റ്റ് ബംഗാള്‍ ഗ്രൗണ്ടില്‍ ഇന്ന് ശ്രീ ഭൂമി എഫ് സിയെ നേരിടും. വൈകീട്ട് നാലിനാണ് കിക്ക് ഓഫ്. ഇന്നത്തേയുള്‍പ്പെടെ മൂന്ന് മത്സരങ്ങളാണ് ഗോകുലം വനിതകള്‍ക്ക് ഇനിയുള്ളത്. ഒന്നാം സ്ഥാനത്തുള്ള ഈസ്റ്റ് ബംഗാളിന് 30 പോയ്ന്റുകളുണ്ട്. അതിനാല്‍ പരമാവധി പോയ്ന്റുകള്‍ നേടി ലീഗിലെ പൊസിഷന്‍ മെച്ചപ്പെടുത്താനാവും ഗോകുലം വനിതകള്‍ ശ്രദ്ധിക്കുക. മത്സരം ഇന്ത്യന്‍ ഫുട്‌ബോള്‍ യൂട്യൂബ് ചാനലില്‍ തത്സമയം കാണാവുന്നതാണ്.






