
ബാഴ്‌സിലോണ: സീസണിലെ അവസാന എല്‍ ക്ലാസിക്കോയില്‍ റയല്‍ മാഡ്രിഡിനെ നിഷ്പ്രഭരാക്കി ബാഴ്‌സ ജയത്തോടെ സ്പാനിഷ് ലാലിഗ കിരീടവും നിലനിര്‍ത്തി. മത്സരം 2-0നാണ് വിജയിച്ചത്. ബാഴ്‌സയുടെ 29-ാം കിരീട നേട്ടമാണിത്.
സീസണ്‍ പൂര്‍ത്തിയാകാന്‍ മൂന്ന് മത്സരങ്ങള്‍ ബാക്കിയുള്ളപ്പോഴാണ് ബാഴ്‌സ ലീഗ് സ്വന്തമാക്കിയിരിക്കുന്നത്. ഇതുവരെ പൂര്‍ത്തിയായ 35 മത്സരങ്ങളില്‍ നിന്ന് 91 പോയിന്റായി. തൊട്ടടുത്ത എതിര്‍ ടീം റയല്‍ മാഡ്രിഡിന് ഇത്രയും മത്സരങ്ങളില്‍ നിന്ന് 77 പോയിന്റേ ആയിട്ടുള്ളു. ഇനിയുള്ള മൂന്ന് മത്സരത്തിലും റയല്‍ ജയിച്ചാല്‍ പോലും ബഴ്‌സയുടെ ഇപ്പോഴത്തെ നിലയെക്കാള്‍ അഞ്ച് പോയിന്റ് പിന്നിലെ ഫിനിഷ് ചെയ്യാന്‍ സാധിക്കൂ. ലീഗില്‍ മൂന്നാം സ്ഥാനത്ത് 69 പോയിന്റുമായി വിയ്യാറയല്‍ തുടരുന്നു. 63 പോയിന്റുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് ആണ് നാലാം സ്ഥാനത്ത്.
ബാഴ്‌സയുടെ കാമ്പ് ന്യൂവില്‍ നടന്ന സീസണിലെ അവസാന എല്‍ ക്ലാസിക്കോ തീര്‍ത്തും ഏകപക്ഷീയമായിരുന്നു. റയലിനെക്കാള്‍ അടിമുടി മുന്നിട്ട് നിന്നത് ബാഴ്‌സയാണ്. ഒമ്പതാം മിനിറ്റില്‍ ലഭിച്ച ഫ്രീകിക്ക് മാര്‍കസ് റാഷ്ഫഡ് അത്യുഗ്രന്‍ ഒരു ഷോട്ടിലൂടെ ഗോളാക്കിമാറ്റി. അടുത്ത ഒരു ഒമ്പത് മിനിറ്റ് കൂടി പിന്നിടുമ്പോള്‍ ബാഴ്‌സ നടത്തിയ മികച്ചൊരു മിന്നേറ്റ ഫെറാന്‍ ടോറസിന്റെ നല്ലൊരു ഫിനിഷിങ്ങില്‍ കലാശിച്ചു. കളത്തില്‍ നനഞ്ഞ പടക്കമായി മാറിയ റയല്‍ മത്സരത്തില്‍ ആകെ ഒരേയൊരു തവണയാണ് ഓണ്‍ ടാര്‍ജറ്റ് ഷോട്ട് ഉതിര്‍ത്തത്.








