
മുംബൈ: ഫിഫ ലോകകപ്പ് ഇക്കുറി മൂന്ന് രാജ്യങ്ങളിലായി നടക്കുന്നു എന്ന പ്രത്യേകതയ്‌ക്ക് പുറമെ മൂന്ന് രാജ്യങ്ങളിലും ഉദ്ഘാടന ചടങ്ങും ഉണ്ടാകും. ആദ്യ മത്സരം നടക്കുന്ന ജൂണ്‍ 11ന് മെക്‌സിക്കോയിലും ഇതിനോടനുബന്ധമായി തൊട്ടടുത്ത ദിവസം കാനഡയിലും അമേരിക്കയിലും വര്‍ണാഭമായ ചടങ്ങുകള്‍ അരങ്ങേറും.
കാനഡയിലെ ടൊറന്റോയില്‍ നടക്കുന്ന ചടങ്ങിലാണ് ബോളിവുഡിലും മലയാളത്തിലുമടക്കം ശ്രദ്ധേയയായ കനേഡിയന്‍ ഗായികയും നര്‍ത്തകിയുമായ നോറ ഫത്തേഹി പങ്കെടുക്കുക. ബോളിവുഡിന്റെ ഭാഗമായി സജീവമായ നോറ ഭാരത സിനിമയില്‍ നിരവധി കളക്ഷന്‍ റിക്കാര്‍ഡുകള്‍ ഭേദിച്ച ബാഹുബലി ബിഗിനിങ്ങില്‍ നര്‍ത്തകിയായി എത്തിയിട്ടുണ്ട്. മലയാള സിനിമകളായ ഡബിള്‍ ബാരല്‍, കായംകുളം കൊച്ചുണ്ണി എന്നിവയിലും നോറ ഭാഗമായിട്ടുണ്ട്. 2014ല്‍ പുറത്തിറങ്ങിയ റോര്‍ ടൈഗര്‍ ഓഫ് സബര്‍ബന്‍ എന്ന ചിത്രത്തിലൂടെയാണ് നോറ ഭാരത സിനിമയില്‍ സാന്നിധ്യമറിയിച്ച് തുടങ്ങിയത്.
ടൊറന്റോയിലെ ബിഎംഒ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിന്റെ ഭാഗമായുള്ള സംഗീത നിശയില്‍ പ്രശസ്ത താരങ്ങളായ മൈക്കല്‍ ബുബ്‌ലെ, അലാനിസ് മോറിസെറ്റെ, അലീസിയ കാരാ, എല്യാന്നാ, ജെസീ റെയെസ്, സാഞ്‌ജോയ്, വെഗെഡ്രീം, വില്ല്യന്‍ പ്രിന്‍സ് എന്നിവര്‍ക്കൊപ്പമാണ് നോറ ഫത്തേഹിയും ചേരുക.








