
ബാങ്കോക്ക്: തായിലാന്‍ഡ് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത താരങ്ങളായ പി.വി. സിന്ധു, ലക്ഷ്യ സെന്‍, കിഡംബി ശ്രീകാന്ത്, മാളവിക ബന്‍സോദ്, ദേവിക സിഹാഗ് എന്നിവര്‍ പ്രീക്വാര്‍ട്ടറില്‍. ആയുഷ് ഷെട്ടി തുടക്കത്തിലേ പരാജയപ്പെട്ട് പുറത്തായി.
വനിതാ സിംഗിള്‍സില്‍ ആറാം സീഡായി മത്സരിച്ച സിന്ധു ചൈനീസ് തായിപേയ് താരം ടുങ് ക്യൂ-ടോങ്ങിനെ നേരിട്ടുള്ള ഗെയിമിനാണ് തോല്‍പ്പിച്ചത്. ലോക 43-ാം നമ്പര്‍ താരത്തിനെതിര ഭാരത താരം അനായാസം ജയിച്ച് മുന്നേറുകയായിരുന്നു. വെറും 33 മിനിറ്റില്‍ മത്സരം പൂര്‍ത്തിയായി.
പുരുഷ സിംഗിള്‍സില്‍ ലക്ഷ്യ സെന്‍ സിംഗപ്പൂരിന്റെ ജിയാ ഹെങ് ജേസനെ നേരിട്ടുള്ള ഗെയിമിന് തോല്‍പ്പിച്ചു. സ്‌കോര്‍ 21-16, 21-17. കിഡംബി ശ്രീകാന്ത് എട്ടാം സീഡായി ഇറങ്ങിയ സിംഗപ്പൂരിന്റെ ലോഹ് കീന്‍ യൂവിനെ(21-14, 21-15)യാണ് തോല്‍പ്പിച്ചത്.
ആയുഷ് ഷെട്ടി പരാജയപ്പെട്ട് പുറത്തായത് ജപ്പാന്റെ കോഡായി നരോക്കയ്‌ക്ക് മുന്നിലാണ്. രണ്ടാം സെറ്റില്‍ പോരാട്ട വീര്യം പ്രകടമാക്കിയ ആയുഷ് മൂന്നാം സെറ്റില്‍ വീണ്ടും അടിപതറിയതോടെ പുറത്തേക്കുള്ള വഴി കണ്ടു(21-13, 17-21, 21-4).
21കാരി ദേവിക സിഹാഗ് ജപ്പാന്‍കാരി നാറ്റ്‌സുകി നിദയ്‌റയെ ആണ് തോല്‍പ്പിച്ചത്(21-19, 13-21, 21-15). ഭാരത താരം മാളവിക ബന്‍സോദ് കനേഡിയന്‍ താരം വെന്‍ യു ഷാങ്ങിനെ തോല്‍പ്പിച്ചാണ് മുന്നേറിയത്(13-21, 26-24, 21-13). മാളവികയും ദേവികയും കരിയറില്‍ ആദ്യമായാണ് സൂപ്പര്‍ 500 ലെവല്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ജയിക്കുന്നത്.









