
പുതിയ യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിസ്ഥാനത്തേക്ക് തുടക്കം മുതൽ തന്റെ പേര് പരിഗണനയിലില്ലായിരുന്നുവെന്ന് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ. മന്ത്രിസ്ഥാനവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന വാർത്തകളെല്ലാം മാധ്യമസൃഷ്ടി മാത്രമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“മാധ്യമങ്ങൾ പുറത്തുവിട്ട ഏഴുപേരുടെ മന്ത്രിമാരുടെ പട്ടികയിൽ നിന്ന് ഒരു പേര് മാത്രമാണ് ഇല്ലാതായത്. അത് എങ്ങനെ സംഭവിച്ചുവെന്ന് നിങ്ങൾ തന്നെ പരിശോധിക്കണം. മാധ്യമങ്ങൾ കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നു,” ചാണ്ടി ഉമ്മൻ പറഞ്ഞു. മറ്റേത് ഔദ്യോഗിക പദവിയേക്കാളും വലിയ സ്ഥാനമാണ് ജനങ്ങൾ തനിക്ക് നൽകിയിട്ടുള്ളതെന്നും, അത് ‘കേരളത്തിന്റെ മകൻ’ എന്ന സ്ഥാനമാണെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
കേരളത്തിന്റെ മുഖ്യമന്ത്രി പുതുപ്പള്ളിയുടെ കൂടി മന്ത്രിയാണെന്നും അതിനാൽ പുതുപ്പള്ളിക്ക് മാത്രമായി വേറെയൊരു മന്ത്രിയുടെ ആവശ്യമില്ലെന്നും ചാണ്ടി ഉമ്മൻ ഓർമ്മിപ്പിച്ചു. എ.കെ. ആന്റണി തന്റെ കുടുംബത്തിന്റെ ഭാഗമാണെന്നും തിരുവനന്തപുരത്ത് എത്തിയപ്പോൾ നടത്തിയ വെറുമൊരു സ്നേഹസന്ദർശനം മാത്രമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടി ഫൗണ്ടേഷന്റെ പ്രവർത്തനം കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനങ്ങൾ വെറുത്തുകഴിഞ്ഞാൽ പിന്നെ എത്ര വലിയ സ്ഥാനമുണ്ടായിട്ടും കാര്യമില്ല. അതുകൊണ്ട് എന്നും ജനങ്ങളോടൊപ്പം നിൽക്കാനാണ് തന്റെ തീരുമാനം. കേരളത്തിലെ ജനങ്ങൾ നൽകുന്ന സ്നേഹത്തിന് തന്റെ ജീവിതം കൊണ്ട് മറുപടി നൽകുമെന്നും ചാണ്ടി ഉമ്മൻ വിനയത്തോടെ വ്യക്തമാക്കി.
The post മന്ത്രിസ്ഥാനത്തേക്ക് തുടക്കം മുതൽ തന്റെ പേരില്ലായിരുന്നു, അത് മാധ്യമസൃഷ്ടി; ചാണ്ടി ഉമ്മൻ appeared first on Express Kerala.






