ഏളക്കുഴി (കണ്ണൂര്‍): സമാജ സേവനത്തിലൂടെ സ്വാവലംബന ഗ്രാമങ്ങള്‍ എന്നതാണ് ഭാരതത്തിന്റെ കാഴ്ചപ്പാടെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
ഏളക്കുഴിയില്‍ പഴശ്ശിരാജ സാംസ്‌കാരിക നിലയം സമര്‍പ്പണ സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓരോ ഗ്രാമവും എല്ലാ മേഖലയിലും സ്വയംപര്യാപ്തമാകണം. ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പ് ഭാരതം സന്ദര്‍ശിച്ച ചൈനീസ് സഞ്ചാരി ഹുയാന്‍ സാങ് ഭാരതത്തിലെ സ്വയംപര്യാപ്ത ഗ്രാമങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയിട്ടുണ്ട്.
ഗ്രാമക്കൂട്ടായ്മകളിലൂടെ ലാഭേച്ഛയില്ലാതെ സമാജത്തിന്റെ സര്‍വാംഗീണ പുരോഗതി നേടാനാണ് നാം ലക്ഷ്യമിടുന്നത്. അത്തരം ഗ്രാമങ്ങളാണ് ഭാരതത്തിന്റെ ആത്മാവ്. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ നിരന്തര ശ്രമത്തിലൂടെയാണ് ആ ഗ്രാമങ്ങള്‍ ഭാരതത്തില്‍ നില നിന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തോടെ മാത്രം ഗ്രാമവികാസം നമ്മുടെ സങ്കല്‍പ്പമല്ല. സര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശം നല്കണം. എക്കാലത്തും സര്‍ക്കാര്‍ സഹായത്താലുള്ള പ്രവര്‍ത്തനം ഗ്രാമങ്ങളെ ദുര്‍ബലമാക്കും. വികസനം കേവലം ഭൗതിക വളര്‍ച്ച എന്നതിലുപരി ആധ്യാത്മികവും മാനസികവുമായ വികാസം കൂടിയാകണം, ദത്താത്രേയ ഹൊസബാളെ പറഞ്ഞു.
ഭാരതം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ അമൃതകാലത്തിലേക്കുള്ള പ്രയാണമാണ് നമ്മുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രകൃതിദുരന്തം മഹാമാരികള്‍ തുടങ്ങിയ വെല്ലുവിളികള്‍ വന്നിട്ടുണ്ട്. അപ്പോഴെല്ലാം സ്വയംസേവകര്‍ സേവന തല്‍പ്പരരായി ഗ്രാമഗ്രാമാന്തരങ്ങളില്‍ നിരന്തരമായി പ്രവര്‍ത്തിച്ചുവരികയാണ്. നമ്മുടെ പൊതു സമൂഹത്തിന് ആത്മവിശ്വാസം നല്‍കുന്ന പ്രവര്‍ത്തനമാണ് സ്വയംസേവകരുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത്.
ത്യാഗവും സേവനവും ആണ് ഭാരതത്തിന്റെ രണ്ടു മുഖമെന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിട്ടുണ്ട്. ഇതുതന്നെയാണ് സ്വയംസേവകര്‍ രാഷ്‌ട്രത്തിനായി ചെയ്യുന്നത്. ഉത്തര കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളില്‍ കൂടി യാത്ര ചെയ്താല്‍ നിരന്തരമായ ജാഗ്രതയോടെയുള്ള സേവന പ്രവര്‍ത്തനങ്ങള്‍ നമുക്ക് കാണാം. നിരവധി തടസ്സങ്ങള്‍ ഇത്തരം സേവനങ്ങളില്‍ നേരിടേണ്ടി വന്നിട്ടുണ്ട്. അവയെ ആദര്‍ശത്തില്‍ അടിയുറച്ച പ്രവര്‍ത്തനത്തിലൂടെ തരണം ചെയ്ത് നാം മുന്നോട്ട് പോവുകയായിരുന്നു.
ആര്‍എസ്എസ് ഉത്തര കേരള പ്രാന്ത സംഘചാലക് അഡ്വ.കെ.കെ. ബാലറാം അധ്യക്ഷനായി. മാതാ അമൃതാനന്ദമയി മഠം കണ്ണൂര്‍ മഠാധിപതി സ്വാമി അമൃത കൃപാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. വിഭാഗ് സംഘചാലക് അഡ്വ.സി.കെ. ശ്രീനിവാസന്‍, ജില്ലാ സംഘചാലക് സി.പി. രാമചന്ദ്രന്‍, ഖണ്ഡ് സംഘചാലക് എം. അശോകന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പഴശ്ശിരാജ സാംസ്‌കാരിക സമിതി ചെയര്‍മാന്‍ ബിജു ഏളക്കുഴി സ്വാഗതവും കെ.പി. സജിത്ത് നന്ദിയും പറഞ്ഞു.