തിരുവനന്തപുരം: അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചികിത്സാ സംവിധാനങ്ങളുള്ള താലൂക്ക്, ജില്ലാതല ആശുപത്രികളില്‍ തന്നെ രോഗികളെ ചികിത്സിക്കണം. പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
മെഡിക്കല്‍ കോളേജുകളുടെ ഭാരം കൂട്ടാതിരിക്കാനാണ് മറ്റ് ആശുപത്രികളെ ശാക്തീകരിക്കുന്നത്. ഓരോ ആശുപത്രികളുടേയും റഫറല്‍ ലിസ്റ്റ് പരിശോധിച്ച് നടപടി സ്വീകരിക്കും. പേരൂര്‍ക്കട ആശുപത്രിയില്‍ കിടത്തി ചികിത്സയ്‌ക്ക് 227 കിടക്കകളാണ് സജ്ജമാക്കിയിരിക്കുന്നത്. അതേസമയം ഇന്നലത്തെ നൈറ്റ് സെന്‍സസ് അനുസരിച്ച് കിടത്തി ചികിത്സയിലുള്ള രോഗികളുടെ എണ്ണം 77 ആണ്. അതേ സമയം മെഡിക്കല്‍ കോളേജുകളില്‍ രോഗികളുടെ ബാഹുല്യമാണ്. ഇത് ഉദാഹരണമായെടുത്ത് അതാത് ആശുപത്രികളില്‍ നിന്ന് നല്‍കാവുന്ന ചികിത്സകള്‍ അവിടെ തന്നെ ലഭ്യമാക്കണം.