ശബരിമല : രണ്ടാം ജന്മം തന്ന അയ്യന്റെ സന്നിധിയിൽ നിൽക്കുമ്പോൾ ക്യാപ്റ്റൻ ഡി.പി.സിങ് ഔജലയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഒരുജന്മംമുഴുവൻ കാത്തിരുന്നതിന്റെ, ഇരുമുടികെട്ടി നീലിമല താണ്ടിയതിന്റെ, പതിനെട്ടാംപടി കയറിയതിന്റെ ക്ലേശങ്ങളെല്ലാം അയ്യനെക്കണ്ടനിമിഷം ഇല്ലാതായി.
ഇന്ത്യന്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ പൈലറ്റായിരുന്ന ഡി.പി.സിംഗ് നാല്പത് വർഷത്തെ കാത്തിരിപ്പിന് അവസാനമിട്ടാണ് കഴിഞ്ഞ ദിവസം സന്നിധാനത്ത് അയ്യപ്പദർശനത്തിനെത്തിയത് .
‘നന്ദിയുണ്ട് ഭഗവാനേ, രണ്ടാംജന്മം തന്നതിന്; അങ്ങയെ കണ്‍നിറയെകണ്ട് തൊഴാന്‍ കഴിഞ്ഞതിനും‘ കണ്ണീരിനിടയിൽ വാക്കുകൾ മുറിയുമ്പോഴും സിംഗ് പറയുന്നുണ്ടായിരുന്നു.
1985 മേയ് 18-നായിരുന്നു അയ്യപ്പന്റെ അനുഗ്രഹത്തിലൂടെ ഡിപി സിംഗ് ജീവിതം തിരികെ പിടിച്ചത് . കൊച്ചി നാവികസേനയുടെ സമുദ്രനിരീക്ഷണവിമാനം പശ്ചിമഘട്ടത്തില്‍ കാണാതായി. അതു തിരയാന്‍ നിയോഗിച്ച ഹെലികോപ്റ്ററിന്റെ പൈലറ്റായിരുന്നു ഡി.പി.സിങ്. തേക്കടിയില്‍നിന്നാരംഭിച്ച, കാനനമേഖലയിലൂടെയുള്ള സാഹസികമായ തിരച്ചില്‍ ഒരു പകല്‍മുഴുവന്‍ തുടര്‍ന്നു. നേരമേറെ കഴിഞ്ഞപ്പോഴാണ് ഹെലികോപ്റ്ററില്‍ ഇന്ധനം കുറഞ്ഞത് ശ്രദ്ധയില്‍പ്പെട്ടത്.
ഹെലികോപ്റ്റര്‍ ഇറക്കാന്‍ ഒരിടം കണ്ടെത്താനാകാതെ സിങ് വിഷമിച്ചു. ഒടുവില്‍ മലകള്‍ക്കിടയിലൂടെ തെളിഞ്ഞുവന്ന ഒരുമൈതാനത്ത് ഹെലികോപ്റ്റര്‍ ഇറക്കി. അത് പമ്പയായിരുന്നു . അന്ന് മുഴുവന്‍ അദ്ദേഹം അവിടെ കഴിച്ചുകൂട്ടി. തനിക്ക് അഭയം തന്നത് അയ്യപ്പനാണെന്ന് അന്നുമുതല്‍ അദ്ദേഹം വിശ്വസിക്കുന്നു. ശബരിമല ദര്‍ശനത്തിനെത്തണമെന്നും അന്ന് നിശ്ചയിച്ചതാണ്. പഞ്ചാബ് സര്‍ക്കാരിന്റെ ചീഫ് പൈലറ്റായി വിരമിച്ച അദ്ദേഹം ചണ്ഡീഗഢിലാണ് താമസിക്കുന്നത്.
ഇന്ന് പമ്പ അപ്പാടെമാറി. മാറ്റം അദ്ദേഹം നടന്നുകണ്ടു. ശ്രീനാഗേഷ് ബി.നായർ, ബന്ധുവായ എസ്.ശ്യാംകുമാർ എന്നിവർക്കൊപ്പമാണ് ഡി.പി.സിങ് മലചവിട്ടിയത്. ഉച്ചതിരിഞ്ഞ് മലയിറങ്ങി.
ഏറെക്കാലം സഹപ്രവര്‍ത്തകനായിരുന്ന തിരുവനന്തപുരം സ്വദേശി കേണല്‍ ശ്രീനാഗേഷ് ബി.നായരുടെ വീട്ടില്‍നിന്നാണ് സിംഗും , ഭാര്യയും ചൊവ്വാഴ്ച ശബരിമലയിലെത്തിയത്.