കൊച്ചി:ഫോര്‍ട്ട് കൊച്ചി കാര്‍ണിവലില്‍ പപ്പാഞ്ഞിയെ ചൊല്ലി വിവാദം. ഫോര്‍ട്ട് കൊച്ചിയില്‍ രണ്ട് പപ്പാഞ്ഞികള്‍ അനുവദിക്കില്ലെന്ന് പൊലീസ് പറഞ്ഞു. പരേഡ് ഗ്രൗണ്ടില്‍ ഒരുക്കുന്ന പപ്പാഞ്ഞി മാത്രം മതിയെന്നാണ് പൊലീസ് നിലപാട്.
സുരക്ഷാ പ്രശ്‌നങ്ങള്‍ മുന്‍ നിര്‍ത്തി വെളി ഗ്രൗണ്ടില്‍ നിര്‍മിക്കുന്ന പപ്പാഞ്ഞി പൊളിച്ചു കളയാന്‍ പൊലീസ് നിര്‍ദേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നാട്ടുകാരില്‍ ഒരു വിഭാഗം പ്രതിഷേധവുമായി എത്തി.
പുതുവത്സര ആഘോഷത്തിന് വേണ്ടിയാണ് ഫോര്‍ട്ട് കൊച്ചി വെളി മൈതാനത്ത് പാപ്പാഞ്ഞിയെ ഒരുക്കിയിരിക്കുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ സമീപം തന്നെ ഫോര്‍ട്ട് കൊച്ചി കടപ്പുറത്തും പുതുവര്‍ഷ ആഘോഷവും പപ്പാഞ്ഞിയെ കത്തിക്കലും നടക്കുന്നുണ്ട്.
ഒരേസമയം രണ്ട് സ്ഥലത്ത് പപ്പാഞ്ഞിയെ കത്തിക്കാന്‍ പറ്റില്ലെന്നും സുരക്ഷാപ്രശ്‌നം ഉണ്ടാകുമെന്നുമാണ് പൊലീസ് നിലപാട്.ഒരേസമയം രണ്ട് പരിപാടികള്‍ നടന്നാല്‍ രണ്ടിനും മതിയായ സുരക്ഷ നല്‍കാനാകില്ല.
അതേസമയം, വെളി മൈതാനത്തെ പപ്പാഞ്ഞി രൂപം ഞായറാഴ്ച അനാച്ഛാദനം ചെയ്യില്ലെന്ന് സംഘാടകര്‍ വെളിപ്പെടുത്തി.വിഷയത്തില്‍ പൊലീസുമായി ചര്‍ച്ച നടത്തുമെന്ന് സംഘാടകര്‍ പ്രതികരിച്ചു. കൂടുതല്‍ തര്‍ക്കത്തിനോ വിവാദത്തിനോ ഇല്ലെന്നും ഗാല ഡി കൊച്ചി ഭാരവാഹികള്‍ പറഞ്ഞു.