യാംബു: സൗദിയിൽ ശൈത്യകാലത്തിന് തുടക്കമായതോടെ ആളുകൾ അത് ആസ്വദിക്കാനായുള്ള പലതരം വിനോയാത്രകളിൽ മുഴുകിക്കഴിഞ്ഞു. ട്രക്കിങ് പ്രിയരെ മാടിവിളിക്കുന്ന പർവതനിരകളാണ് യാംബു അൽ നഖ്ലിലെ ‘തൽഅത്ത് നസ’. സാഹസിക മലകയറ്റ പ്രേമികളുടെ ഹരമായി മാറുകയാണ് യാംബു ടൗണിൽനിന്ന് ഏകദേശം 60 കി.മീ അകലെയുള്ള ഈ കുന്നിൻ പ്രദേശങ്ങൾ. അടുത്ത കാലത്താണ് സഞ്ചാരികളുടെ പ്രവാഹത്തിലൂടെ ഈ സ്ഥലം പ്രശസ്തമായത്.
പ്രകൃതി രമണീയത വഴിഞ്ഞൊഴുകുന്ന മലഞ്ചരുവുകൾ മനോഹരമായ കാഴ്ചകൾ സമ്മാനിക്കുന്നു. അനുയോജ്യമായ ഷൂട്ടിങ് ലൊക്കേഷൻ എന്ന നിലയിലും ഈ മേഖല പ്രശസ്തമാണ്. മലനിരകളെ തഴുകിയെത്തുന്ന കുളിർകാറ്റും മനം കുളിർപ്പിക്കുന്ന കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു. സാഹസിക ടൂറിസത്തിന് അനന്ത സാധ്യതകളുള്ള ഈ മലനിരകൾ ഒരു ദൃശ്യവിസ്മയമാണ്. മലയാളി യുവാക്കളുടെ സംഘങ്ങളും ഇപ്പോൾ എത്തുന്നുണ്ട്.
യാംബുവിലെ ‘മലർവാടി’ ബാലസംഘത്തിന്റെ ആഭിമുഖ്യത്തിൽ സോണൽ കോഓഡിനേറ്റർ നൗഷാദ് വി. മൂസയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം കുട്ടികളമായി തൽഅത്ത് നസയിലേക്ക് ഉല്ലാസയാത്ര നടത്തിയിരുന്നു. ഏറെ ഹൃദ്യമായ അനുഭവമായിരുന്നു യാത്രയെന്ന് അതിൽ പങ്കെടുത്തവർ പറഞ്ഞു. മലർവാടി മെന്റർമാരായ ഷൗക്കത്ത് എടക്കര, ജാസിറ മുസ്തഫ, തമീസ തൽഹത്ത്, നസ്റിൻ ജാബിർ എന്നിവരുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചതും യാത്രയെ കൂടുതൽ ഉല്ലാസഭരിതമാക്കി.
നീരുറവകളുടെ കേദാരമെന്ന നിലയിലാണ് തൽഅത്ത് നസയും യാംബു അൽ നഖ്ൽ പ്രദേശങ്ങളും പ്രസിദ്ധിയാർജിച്ചത്. ഈ മലയോര പ്രദേശങ്ങളിലെ ട്രക്കിങ് സ്പോട്ടുകൾ യാത്രക്കായി തിരഞ്ഞെടുക്കുന്നവർക്ക് ആകർഷിക്കാൻ ഇവിടുത്തെ ഭൂപ്രകൃതി ദൃശ്യങ്ങൾ തന്നെ ധാരാളം. തൽഅത്ത് നസയിലേക്കുള്ള യാത്രാവേളയിൽ ആവശ്യത്തിനു വേണ്ട വെള്ളവും ഭക്ഷണവും മറ്റു സാമഗ്രികളും കരുതണം. ജനവാസമില്ലാത്ത പ്രദേശമാണ്. വിശന്നാൽ മലയിറങ്ങേണ്ടിവരും. ബഹുവർണ നിറങ്ങളിലുള്ള പാറകളും പർവതനിരകളും സാഹസിക യാത്രികരെ കൂടുതൽ ആവേശത്തിലാക്കും. മലയടിവാരത്തിലെ തണുപ്പും സുഗന്ധവും ആസ്വദിച്ച് പോകുന്ന യാത്രയിൽ വർണാഭമായ സായന്തന കാഴ്ചകൾ കാണാൻ ആസ്വദിക്കാനാവും. ശാരീരിക ക്ഷമതയുള്ളവർക്ക് വാരാന്ത്യ അവധിദിനങ്ങൾ ചെലവഴിക്കാൻ ഇവിടത്തെ ട്രക്കിങ് തിരഞ്ഞെടുക്കാം. അംബരചുംബികളായ പർവതങ്ങളുടെ വശ്യമായ സൗന്ദര്യം സഞ്ചാരികൾക്ക് മുന്നിൽ അനാവൃതമാവുകയാണ്. മനസ്സിനെ മാത്രമല്ല നമ്മുടെ ആരോഗ്യത്തെയും ചുറുചുറുക്കോടെ നില നിർത്തുന്ന പ്രകൃതിയുടെ ഉത്തേജക മരുന്ന് കൂടിയാണ് ട്രക്കിങ് യാത്രകൾ.