ശബരിമല: മണ്ഡലപൂജയുടെ ഭാഗമായ തങ്കഅങ്കി ഘോഷയാത്രയുടെ സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ബുധനാഴ്ചഭക്തരെ പമ്പയില്‍നിന്നു കടത്തിവിടുന്നതില്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തി. ഉച്ചയോടെയാണ് തങ്ക അങ്കി ഘോഷയാത്ര പമ്പയിലെത്തുന്നത്.
ഈ സാഹചര്യത്തില്‍ രാവിലെ 11.00 മണിക്കുശേഷം തീര്‍ഥാടകരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചയ്‌ക്കു 1.30ന് പമ്പയില്‍ എത്തി വിശ്രമിക്കുന്ന തങ്ക അങ്കി ഘോഷയാത്ര ഉച്ചകഴിഞ്ഞു മൂന്നുമണിയോടെ സന്നിധാനത്തേക്കു തിരിക്കും. ഘോഷയാത്ര വൈകിട്ട് അഞ്ചുമണിയോടെ ശരം കുത്തിയില്‍ എത്തിച്ചേര്‍ന്ന ശേഷമായിരിക്കും ഭക്തതരെ പമ്പയില്‍നിന്നു സന്നിധാനത്തേക്കു കടത്തിവിടുന്നത് പുനരാരംഭിക്കുക.
സാധാരണദിവസങ്ങളില്‍ ഉച്ചയ്‌ക്കു ഒരു മണിക്ക് നട അടച്ചശേഷം മൂന്നുമണിക്കാണ് തുറക്കുന്നത്. 25ന് ഉച്ചപൂജയ്‌ക്കു ശേഷം നടഅടച്ചാല്‍ അഞ്ചുമണിക്കേ തുറക്കൂ. അഞ്ചുമണിക്കു നടതുറന്നാലും ആചാരനുഷ്ഠാനങ്ങളുടെ ഭാഗമായി ദീപാരാധനയ്‌ക്കുശേഷമേ ഭക്തര്‍ക്കു ദര്‍ശനം ഉണ്ടാകൂ. വൈകിട്ട് 6.40നാണ് തങ്ക അങ്കി ചാര്‍ത്തിയുള്ള ദീപാരാധാന. ദീപാരാധന കഴിഞ്ഞശേഷമായിരിക്കും ഭക്തരെ പതിനെട്ടാംപടി ചവിട്ടാന്‍ അനുവദിക്കുക. തുടര്‍ന്നെത്തുന്ന എല്ലാവര്‍ക്കും തങ്ക അങ്കി വിഭൂഷിതനായ അയ്യപ്പനെ കണ്ടു തൊഴാന്‍ അവസരം ഉറപ്പാക്കുമെന്ന് സന്നിധാനം സ്‌പെഷല്‍ ഓഫീസര്‍ ബി. കൃഷ്്ണകുമാര്‍ പറഞ്ഞു.
ഭക്തര്‍ക്കു സുഗമമായ ദര്‍ശനമൊരുക്കാന്‍ നിലയ്‌ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ പൊലീസ് യൂണിറ്റുകള്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും സ്‌പെഷല്‍ ഓഫീസര്‍ പറഞ്ഞു.