ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്ത്. വോട്ടെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിട്ടത്. വൈകീട്ട് ആറ് മണി വരെയായിരുന്നു വോട്ടെടുപ്പിന്റെ സമയം. ബിജെപിക്ക് മുന്‍തൂക്കം പ്രവചിക്കുന്ന സര്‍വേഫലങ്ങളാണ് പുറത്തുവരുന്നത്. 6.30 ന് ശേഷമെ എക്സിറ്റ് പോളുകള്‍ പുറത്തുവിടാന്‍ പാടുള്ളൂ എന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം.
വോട്ടെടുപ്പ് കഴിഞ്ഞയുടനെ നടത്തുന്ന എക്സിറ്റ് പോളുകള്‍ പലപ്പോഴും കൃത്യതയുള്ളതായി കൊള്ളണം എന്നില്ല. കഴിഞ്ഞ വര്‍ഷം നടന്ന ഹരിയാന തിരഞ്ഞെടുപ്പിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഭൂരിഭാഗം എക്‌സിറ്റ് പോളുകളേയും ഖണ്ഡിക്കുന്ന ഫലമായിരുന്നു പുറത്തുവന്നിരുന്നത്. ഡല്‍ഹിയില്‍ ഒറ്റഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. 70 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്കാണ് ആരംഭിച്ചത്.
രാഷ്ട്രപതി ദ്രൗപതി മുര്‍മു, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖര്‍ വോട്ട് ചെയ്തു. ഭരണകക്ഷിയായ ആം ആദ്മി പാര്‍ട്ടിയും, ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ഡല്‍ഹി ഇക്കുറി സാക്ഷ്യം വഹിക്കുന്നത്. 2015 ലും 2020 ലും വമ്പിച്ച ഭൂരിപക്ഷത്തില്‍ ജയിച്ചാണ് ആം ആദ്മി സര്‍ക്കാര്‍ രൂപീകരിച്ചിരുന്നത്.