കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ എയർ ഇന്ത്യ പുനരാരംഭിക്കാൻ സാദ്ധ്യത. കൊച്ചി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മാനേജിംഗ് ഡയറക്ടർ എസ് സുഹാസിന്റെ നേതൃത്വത്തിലുള്ള സംഘം ഗുഡ്ഗാവിൽ എയർ ഇന്ത്യ ഉദ്യോഗസ്ഥരെ കാണുകയും ഇത് സംബന്ധിച്ച് ഉറപ്പ് നേടുകയും ചെയ്തുവെന്നാണ് പുറത്തുവരുന്ന വിവരം. മാർച്ച് 28ന് കൊച്ചി-ലണ്ടൻ സര്‍വീസ് അവസാനിപ്പിക്കുമെന്ന അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു കൂടിക്കാഴ്‌ച.
സിയാലിന്റെ നിർദേശം വിലയിരുത്തിയ ശേഷം അധികം വൈകാതെ തന്നെ വിമാന സർവീസ് പുനഃസ്ഥാപിക്കാമെന്ന് എയർ ഇന്ത്യ വാഗ്ദാനം ചെയ്‌തു. ചർച്ചയിൽ, യുകെയുമായുള്ള കേരളത്തിന്റെ കണക്‌ടിവിറ്റിക്ക് റൂട്ടിന്റെ പ്രാധാന്യം സിയാൽ ഊന്നിപ്പറഞ്ഞു. വാണിജ്യ സ്ഥിരത കൈവരിക്കുന്നതുവരെ പിന്തുണ നൽകുന്നതിനായി ഒരു പ്രോത്സാഹന പദ്ധതി നിർദേശിക്കുകയും ചെയ്‌തു.
വേനൽക്കാല ഷെഡ്യൂളിന് ശേഷം കുറച്ച് മാസങ്ങൾക്കുള്ളിൽ തന്നെ സർവീസുകൾ പുനസ്ഥാപിക്കാമെന്ന് എയർലൈൻ അധികൃതർ അറിയിച്ചതായും സിയാൽ പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നുണ്ട്.