ഇത്തവണയും കേരളം പത്മ പുരസ്കാരങ്ങൾക്കായി നിർദ്ദേശിച്ച ഭൂരിപക്ഷം പേരുകളും കേന്ദ്രസർക്കാർ തള്ളി. മമ്മൂട്ടിയും കെ എസ് ചിത്രയും പ്രൊഫ. എം കെ സാനുവും ഉൾപ്പെടെയുള്ളവർക്ക് പത്മ പുരസ്കാരം നൽകണമെന്നായിരുന്നു കേരളത്തിന്റെ ശുപാർശ എന്നാൽ, ഇതൊക്കെ തള്ളിയാണ് റിപ്പബ്ലിക് ദിനത്തിൽ കേന്ദ്ര സർക്കാർ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.
കെ.എസ് ചിത്രയ്ക്ക് പത്മവിഭൂഷണും മമ്മൂട്ടിയ്ക്ക് പത്മഭൂഷണും പ്രൊഫ.എം.കെ സാനുവിന് പത്മശ്രീയും നൽകണമെന്നായിരുന്നു കേരളത്തിന്റെ ശുപാർശ. കേരളം കേന്ദ്രത്തിന് നൽകിയ ശുപാർശ പട്ടിക പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. എന്നാൽ, സംസ്ഥാന സർക്കാർ ശുപാർശ പ്രകാരം എഴുത്തുകാരൻ എം.ടി വാസുദേവൻ നായർക്ക് പത്മവിഭൂഷണും ഒളിമ്പ്യൻ പി.ആർ ശ്രീജേഷ് പത്മഭൂഷണും മാത്രമാണ് നൽകിയത്. അതേസമയം, സർക്കാർ നൽകിയ 20 അംഗ പട്ടികയിൽ ഇടം പിടിയ്ക്കാത്ത ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിനും സിനിമ താരവും നർത്തകിയുമായ ശോഭനയ്ക്കും പത്മഭൂഷൺ നൽകി.
മലയാളി ഫുട്‌ബോൾ താരം ഐ.എം. വിജയൻ, കലാകാരി ഓമനക്കുട്ടിയമ്മ എന്നിവർക്കും പത്മശ്രീ നൽകിയപ്പോൾ കേരളം നൽകിയ പട്ടികയിൽ ഒരാളെ പോലും പത്മശ്രീയ്ക്ക് പരിഗണിച്ചില്ല. പ്രഫ. എം കെ സാനു, സൂര്യ കൃഷ്ണമൂർത്തി, വൈക്കം വിജയലക്ഷ്മി, പുനലൂർ സോമരാജൻ, പത്മിനി തോമസ്, കെ ജയകുമാർ ഐഎഎസ്, വ്യവസായി ടി എസ് കല്യാണരാമൻ എന്നിവർക്ക് പത്മശ്രീ നൽകണമെന്നായിരുന്നു കേരളത്തിന്റെ ശുപാർശ.