ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ അങ്കത്തിനിറങ്ങി രണ്ട് മലയാളികൾ. കന്നിയങ്കത്തിനിറങ്ങിയിരിക്കുന്ന ഇവർ പത്തനംതിട്ടക്കാരാണ്. റാന്നിയിലെ ഷിജോ വർഗീസ് കുര്യൻ വികാസ്പുരിയിൽ സി.പി.ഐ. സ്ഥാനാർഥിയാണ്. ഏനാദിമംഗലം സ്വദേശി ജി. തുളസീധരൻ ദ്വാരകയിൽ പീപ്പിൾസ് ഗ്രീൻ പാർട്ടി സ്ഥാനാർഥിയും. കേരളീയരെങ്കിലും വോട്ടർമാർക്കു മുന്നിലിവർ തനി ഡൽഹിക്കാരാണ്. മണ്ഡലത്തിലെ ജനങ്ങളുടെ ശബ്ദമാകുമെന്നാണ് ഇരുവരുടെയും പ്രഖ്യാപനം.
ഡൽഹിയിൽ സ്റ്റാഫ് നേഴ്‌സായ അമ്മ ജോളിക്കും അച്ഛൻ ടി.വി. കുര്യനുമൊപ്പം പതിനൊന്നാം വയസിൽ ഡൽഹിയിലെത്തിയതാണ് ഷിജോ. വികാസ്പുരി കേരള സ്‌കൂളിൽ പഠനത്തിനുശേഷം ഡൽഹി സർവകലാശാലയിൽനിന്ന് ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം. സഹോദരൻ ഷിജിൻ ബിരുദവിദ്യാർഥിയാണ്. ഷിജോ സ്‌കൂൾ പഠനകാലത്ത് 800, 1500 മീറ്റർ ഓട്ടത്തിൽ ഡൽഹി ചാമ്പ്യനായിരുന്നു.
കേരളഹൗസിലെ ഒരനുമോദനച്ചടങ്ങിൽ സി.പി.ഐ. നേതാവ് ബിനോയ് വിശ്വത്തെ പരിചയപ്പെട്ടതോടെ രാഷ്ട്രീയക്കാരനായി. വിദ്യാർഥി രാഷ്ട്രീയത്തിലിറങ്ങിയ ഷിജോ എ.ഐ.എസ്.എഫിലൂടെ പ്രവർത്തനം തുടങ്ങി. ഇപ്പോൾ എ.ഐ.വൈ.എഫ്. സംസ്ഥാന കൗൺസിലിലുമെത്തി. കോവിഡ് കാലത്തിനുശേഷം ഡൽഹിയിൽ യുവജന സംഘടനാ പ്രവർത്തനത്തിൽ സജീവമായി. സാമൂഹിക വിഷയങ്ങളിലും ഇടപെട്ടു. ഡൽഹിയിലെ മലയാളിക്കൂട്ടായ്മയായ ജനസംസ്‌കൃതിയും ഇടതുപാർട്ടികളുടെ യൂണിയനുകളും കൈകോർക്കുമ്പോൾ പ്രചാരണം സജീവമാണ്. സിറ്റിങ് എം.എൽ.എ. മഹിന്ദ്ര യാദവാണ് മണ്ഡലത്തിൽ എ.എ.പി. സ്ഥാനാർഥി. കോൺഗ്രസിന്റെ ജിതേന്ദ്ര സോളങ്കിയും ബി.ജെ.പി.യുടെ പങ്കജ് കുമാർ സിങ്ങും ഇവിടെ മത്സരിക്കുന്നു.
40 വർഷത്തോളമായി ഡൽഹിയിലുള്ള തുളസീധരൻ സംഘടനാ പ്രവർത്തകനെന്ന നിലയിൽ ദ്വാരകയിൽ പ്രശസ്തനാണ്. പ്രഗതികുഞ്ച് റസിഡന്റ് വെൽഫെയർ അസോസിയേഷന്റെ പ്രസിഡന്റായ അദ്ദേഹം നാട്ടുകാർക്ക് പ്രിയപ്പെട്ട ‘തുളസിജി’യാണ്. മലയാളി സമൂഹത്തിനപ്പുറത്തേക്കുള്ള ബന്ധങ്ങൾ വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇത്തവണ സ്ഥാനാർഥിയായത്.
റോഡ് നന്നാക്കാനും കുടിവെള്ളത്തിനും അഴുക്കുചാൽ പ്രശ്‌നങ്ങൾക്കുമൊക്കെ ജനപ്രതിനിധികളുടെ പിന്നാലെ നടക്കേണ്ടിവന്നിട്ടുണ്ട്. മോശം അനുഭവങ്ങൾക്കുപുറമെ പരിഹാരമില്ലാത്ത സ്ഥിതിയും. മലയാളിയായ കെ.പി. ഹരീന്ദ്രൻ ആചാരി നേതൃത്വം നൽകുന്ന പീപ്പിൾസ് ഗ്രീൻ പാർട്ടിയുടെ സ്ഥാനാർഥിയാകുന്നത് അങ്ങനെയാണ്. കല ധരനാണ് ഭാര്യ. മക്കൾ: അഞ്ജലി, അഞ്ജന. സിറ്റിങ് എം.എൽ.എ. വിനയ് മിശ്രയാണ് എ.എ.പി. സ്ഥാനാർഥി. കോൺഗ്രസിന്റെ ആദർശ് ശാസ്ത്രിയും ബി.ജെ.പിയുടെ പ്രദ്യുമ്‌ന സിങ് രാജ്പുത്തും മത്സരരംഗത്തുണ്ട്.