ബെംഗളൂരു: ഇന്ത്യയുടെ പ്രതിരോധ പങ്കാളിയാണ് ഫ്രാന്‍സ്. യുദ്ധവിമാനങ്ങളും അന്തര്‍വാഹികളുമൊക്കെയായി ഇന്ത്യ ഫ്രാന്‍സില്‍നിന്ന് ആയുധങ്ങള്‍ വാങ്ങുന്നുണ്ട്. എന്നാല്‍, ഇന്ത്യയില്‍നിന്ന് ആയുധം വാങ്ങിയ ചരിത്രം ഫ്രാന്‍സിനില്ല. ആ ചരിത്രവും വഴിമാറുകയാണെന്നാണ് സൂചനകള്‍. ഇതിനകംതന്നെ കരുത്ത് തെളിയിച്ച ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച പിനാക റോക്കറ്റ് സംവിധാനം വാങ്ങാന്‍ ഫ്രാന്‍സ് ആലോചിക്കുന്നുവെന്നാണ് പ്രതിരോധ വൃത്തങ്ങളില്‍ നിന്ന് പുറത്തുവരുന്ന സൂചനകൾ.
ഇന്ത്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ ആയുധ വിതരണക്കാരാണ് ഫ്രാന്‍സ്. അങ്ങനെയൊരു രാജ്യം ഇന്ത്യയില്‍ നിന്ന് ആയുധം വാങ്ങുന്നതിനേപ്പറ്റി ചിന്തിക്കുന്നത് ഇന്ത്യന്‍ പ്രതിരോധ വ്യവസായത്തിന്റെ ശക്തിയാണ് വെളിവാക്കുന്നത്. ലോക ആയുധ വ്യാപാരത്തില്‍ ഇന്ത്യ സ്വന്തമായൊരിടം സൃഷ്ടിച്ചു കഴിഞ്ഞിരുന്നു. പതിയെ പതിയ ആയുധ കയറ്റുമതി ഇന്ത്യ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിലാണ് ഫ്രാന്‍സുമായുള്ള ആലോചനകളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്.
ഇന്ത്യയുടെ പിനാക റോക്കറ്റ് സംവിധാനത്തിന് 90 കിലോ മീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാനാകും. മൂന്ന് മാസം മുമ്പ് ഫ്രഞ്ച് പ്രതിനിധി സംഘത്തിന് മുന്നില്‍ പിനാകയുടെ പ്രകടനം വിലയിരുത്തുന്നതിനായുള്ള പ്രദര്‍ശനം നടന്നിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. പിനാകയുടെ പ്രഹരശേഷിയിലും കൃത്യതയിലും ഫ്രാന്‍സ് തൃപ്തരാണെന്നാണ് വിവരങ്ങള്‍.
കരാറിലേക്ക് എത്താനുള്ള വിലപേശല്‍ ചര്‍ച്ചകളാണ് ഇപ്പോള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ പിനാകയുടെ കാര്യവും ചര്‍ച്ചയിലുള്‍പ്പെട്ടേക്കും. എന്നാല്‍, ഇക്കാര്യത്തില്‍ വിദേശകാര്യമന്ത്രാലയം ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്തിടെ അര്‍മേനിയ ഇന്ത്യയില്‍നിന്ന് നാല് പിനാക റോക്കറ്റ് സംവിധാനം വാങ്ങിയിരുന്നു. 2000 കോടിരൂപയുടെ ഇടപാടായിരുന്നു അത്. ഇന്തോനേഷ്യ, നൈജീരിയ തുടങ്ങിയ രാജ്യങ്ങളും പിനാകയില്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ച ആയുധമാണ് പിനാക. 44 സെക്കന്‍ഡിനുള്ളില്‍ 12 തവണ റോക്കറ്റുകള്‍ ലോഞ്ച് ചെയ്യാനാകുമെന്നതാണ് പിനാകയുടെ പ്രത്യേകത. ഇതിന്റെ 120 കിലോ മീറ്റര്‍ ദൂരപരിധിയുള്ള വകഭേദം ഡി.ആര്‍.ഡി.ഒ. വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. മാര്‍ക്ക്-1, മാര്‍ക്ക്-2 എന്നീ വകഭേദങ്ങളാണ് നിലവിലുള്ളത്. ദൂരപരിധി കൂടിയ പിനാക റോക്കറ്റ് വരുന്നതോടെ മുന്‍ ശ്രേണികള്‍ ഒഴിവാക്കാനാണ് സൈന്യം പദ്ധതിയിടുന്നത്.
പിനാക സംവിധാനത്തിനെ പൂര്‍ണമായും ഒരു ഫയര്‍ കണ്‍ട്രോള്‍ കംപ്യൂട്ടര്‍ ആണ് നിയന്ത്രിക്കുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ ഓട്ടോണമസ് ആയി അത് പ്രവര്‍ത്തിക്കുകയും ചെയ്യും. ഇതിന് പുറമെ സ്റ്റാന്‍ഡ് എലോണ്‍ മോഡ്, റിമോട്ട് മോഡ്, മാനുവല്‍ മോഡ് തുടങ്ങിയ രീതിയിലും ഉപയോഗിക്കാം. 2024 നവംബര്‍ വരെയുള്ള വിവരങ്ങള്‍ പ്രകാരം ഇന്ത്യന്‍ സൈന്യത്തിന്റെ പക്കല്‍ നാല് പിനാക റെജിമെന്റുകളുണ്ട്. ആറ് എണ്ണത്തിന് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. ഓരോ പിനാക റെജിമെന്റിലും 18 ലോഞ്ചറുകളാണ് ഉള്ളത്. ഇവയില്‍ ഓരോന്നിനും 44 സെക്കന്‍ഡിനുള്ളില്‍ 40 കിലോ മീറ്റര്‍ ദൂരപരിധിയുള്ള 12 റോക്കറ്റുകള്‍ വിക്ഷേപിക്കാന്‍ കഴിയും. ഇവയ്ക്ക് പുറമേ, ഒരു റെജിമെന്റിന് സപ്പോര്‍ട്ട് വെഹിക്കിളുകള്‍, ഒരു റഡാര്‍, ഒരു കമാന്‍ഡ് പോസ്റ്റ് എന്നിവയും ഉണ്ട്.