മനാമ: ഗുരുതരമായി കാലിന് പരിക്കേറ്റ് കിടപ്പിലായിരുന്ന ബംഗ്ലാദേശി സ്വദേശിയെ ചികിത്സ നൽകി നാട്ടിലെത്തിച്ചു. ഗുദൈബിയയിൽ കാർ വാഷിംഗ് ജോലിക്കിടെ കാലിന് പരിക്കേറ്റ് കിടപ്പിലായിരുന്ന ബംഗ്ലാദേശി സ്വദേശിക്ക് സഹായമായത് ടൈംസ് ഓഫ് ബഹ്റൈൻ മീഡിയ ഗ്രൂപ്പിന്റെ ഇടപെടലായിരുന്നു. ടൈംസ് ഓഫ് ബഹ്റൈൻ മീഡിയ ഗ്രൂപ്പിൻറെ സ്ഥാപകനും കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷമായി ബഹ്‌റൈനിൽ മാധ്യമ രംഗത്തും സാമൂഹ്യ സേവനരംഗത്തും സേവനം അനുഷ്ഠിച്ചു വരുന്ന വ്യക്തിയുമായ ഡോ. അൻവർ മൊയ്‌ദീൻ മാസങ്ങളോളമായി നടത്തിയ സജീവ ഇടപെടലിനൊടുവിലാണ് പത്തു വർഷമായി നാട്ടിൽ പോയിട്ടില്ലാത്ത 48കാരനായ ബംഗ്ളാദേശി സ്വദേശി ബച്ചു മിയ സിദ്ധിഖ് ഉല്ല നാടണഞ്ഞത്.
ബച്ചു മിയയായിരുന്നു സ്ഥിരമായി അൻവർ മൊയ്ദീന്റെ കാർ ക്ളീൻ ചെയ്തിരുന്നത്. ബച്ചുമിയ ദിവസങ്ങളായി കാർ ക്ലീൻ ചെയ്യാൻ വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തിന് കാലിൽ മുറിവേറ്റ് റൂമിൽ കിടക്കുകയാണെന്ന വിവരം മനസ്സിലാക്കാൻ സാധിച്ചത്. കാലിൽ നിസ്സാരമായ മുറിവേ ഉള്ളൂ എന്നു പറഞ്ഞു ഒഴിഞ്ഞു മാറാൻ അദ്ദേഹം ശ്രമിച്ചു. തുണി കെട്ടി വെച്ചിരിക്കുന്ന മുറിവ് തുറന്ന് കാണണമെന്ന് ആവശ്യപ്പെട്ടപ്പോൾ തുറന്നു കാണിച്ചു. അത് നേരിൽ കണ്ടപ്പോഴാണ് മുട്ടുകാലിൽ നിന്ന് താഴോട്ട് മൊത്തമായി പഴുപ്പ് ബാധിച്ചതായും അതിൽ നിന്നും ദുർഗന്ധം വമിക്കുന്ന ഒരു ദ്രാവകം ഒഴുകുന്നതായും കണ്ടു.ഉടനെ തന്നെ അദ്ദേഹത്തെയും കൂട്ടി ഹോസ്പിറ്റലിൽ പോയെങ്കിലും മുറിവ് തുറന്നു കണ്ടപ്പോൾ കാലിന്റെ അടിഭാഗം മുറിച്ചുമാറ്റണമെന്നു ഡോക്ടർ പറഞ്ഞു. തുടർ ചികിത്സക്ക് ശ്രമിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ രേഖകൾ എല്ലാം കലഹരണപ്പെട്ട വിവരം മനസ്സിലാക്കാൻ സാധിച്ചത്. തുടർന്നാണ് ഹൂറയിൽ പ്രവർത്തിക്കുന്ന ദാർ അൽ ഷിഫ മെഡിക്കൽ സെന്ററിൽ കൊണ്ടുപോയി ചികിത്സ നൽകിയത്. പിന്നീടാണ് അൻവർ മൊയ്‌ദീൻ ഇദ്ദേഹത്തിന്റെ അവസ്ഥ ദാർ അൽ ഷിഫ മെഡിക്കൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ കെ.ടി മുഹമ്മദലി, ജനറൽ മാനേജർ അഹമ്മദ് ഷമീർ എന്നിവരെ അറിയിക്കുന്നത്. തുടർന്ന് ബച്ചു മിയക്ക് വേണ്ട എല്ലാ ചികിത്സയും സൗജന്യമായാണ് അവർ നൽകിയിരുന്നതെന്ന് അൻവർ മൊയ്‌ദീൻ പറഞ്ഞു. ഹൂറ ബ്രാഞ്ചിലെ ജനറൽ ഫിസിഷ്യൻ ഡോക്ടർ ചേതൻ ഷെട്ടിയും, ഹെഡ് നേഴ്സ് സിസ്റ്റർ ആയിശ ജാബിറുമായിരുന്നു ചികിത്സക്കും ഓരോ ദിവസവും ഇടപെട്ടുള്ള ചികിത്സക്കും ബാൻഡേജിങ്ങിനും നേതൃത്വം നൽകിയിരുന്നത്. ഡോക്ടർ നടത്തിയ ചെക്കപ്പിനൊടുവിൽ അദ്ദേഹത്തിന്റെ ഷുഗർ ലെവൽ 600 നു മുകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം ഇതുവരെ അതിനുവേണ്ടിയുള്ള ഒരു ചികിത്സയും നടത്തിയിട്ടില്ല എന്നും മനസ്സിലാക്കാൻ സാധിച്ചത് . ഷുഗർ ലെവൽ കൂടിയതും കാലിലെ പഴുപ്പ് വിട്ടുമാറാത്തതുമായ ഈ അവസ്ഥയിൽ കാൽഭാഗം കാൽപാദം മുറിച്ച് കളയേണ്ടി വരും എന്നും വരെ ഡോക്ടർ പറഞ്ഞിരുന്നു. ഒടുവിൽ നിരന്തരമായ ചികിത്സയെ തുടർന്ന് ഷുഗർ ലെവൽ കുറയുകയും ഘട്ടം ഘട്ടമായി കാലിലെ മുറിവ് ഉണങ്ങി വരികയുമായിരുന്നു. അസുഖം നിയന്ത്രണത്തിലായാൽ ഉടനെ തന്നെ നാട്ടിൽ എത്തിച്ചു തുടർ ചികിത്സ നടത്തണമെന്നും ഡോക്ടർ നിർദ്ദേശം നൽകി. അപ്പോഴാണ് ഇദ്ദേഹത്തിന് വിസയില്ലെന്ന് മനസിലായത്. നിലവിൽ അദ്ദേഹത്തിൻറെ പേരിൽ മുമ്പ് ജോലി ചെയ്തിരുന്ന കമ്പനി റണ്ണവേ കേസ് നൽകിയിട്ടുണ്ടെന്നും അറിവായി. തുടർന്ന് അൻവർ മൊയ്‌ദീൻ നിരന്തരമായി കമ്പനിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും യാതൊരു മറുപടിയും അവരുടെ ഭാഗത്തുനിന്ന് ലഭിച്ചില്ല. അവസാനം കമ്പനിയിൽ നേരിട്ട് എത്തി കമ്പനി ഉടമസ്ഥനോട് സംസാരിച്ചു പ്രശ്നങ്ങൾ അവസാനിപ്പിച്ച് തരണമെന്ന് അഭ്യർത്ഥിച്ചു. ഉടനെ തന്നെ റെഡിയാക്കി നൽകാമെന്ന് പറഞ്ഞെങ്കിലും പിന്നീട് അവരുടെ ഭാഗത്തുനിന്ന് യാതൊരു മറുപടിയും ലഭിച്ചില്ല. പിന്നീടാണ് ബംഗ്ലാദേശ് എംബസി ഫസ്റ്റ് സെക്രട്ടറി മുഖേന എംബസിയിൽപോയി വിവരങ്ങൾ അറിയിക്കുന്നത് . ഉടനെ തന്നെ എംബസി അതിനുവേണ്ട പേപ്പർ വർക്ക് പൂർത്തിയാക്കി ഔട്ട് പാസ്സ് നൽകി. തുടർന്ന് എമിഗ്രേഷനിൽ പോയി വിസ ക്യാൻസൽ അടക്കമുള്ള കാര്യങ്ങൾ പൂർത്തിയാക്കിയാതായി അൻവർ മൊയ്‌ദീൻ പറഞ്ഞു.
കഴിഞ്ഞ എട്ട് മാസമായി ഭക്ഷണവും താമസസൗകര്യവും അദ്ദേഹത്തിന്റെ നിത്യചെലവുകളും നൽകിയിരുന്നത് അൻവർ മൊയ്ദീനായിരുന്നു. ബംഗ്ലാദേശ് എംബസി വിമാന ടിക്കറ്റ് നൽകി. കൂടാതെ കൂടാതെ അൽ റബീഹ് ദന്തൽ ഗ്രൂപ്പ് ചെയർമാൻ മുജീബ് അടാട്ടിൽ, സൊ സ്വീറ് ചെയർമാൻ അബ്ദുൽ മജീദ് തെരുവത്ത്, ഐമാക്ക് ബി.എം.സി ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത്, ബി.കെ.എസ് പ്രസിഡണ്ട് പി.വി രാധാകൃഷ്ണപിള്ള, സെക്രട്ടറി വർഗീസ് കാരക്കൽ, ലുലു റീജിയണൽ മാനേജർ ശുക്കൂർ, നൊസ്റ്റോ ജനറൽ മാനേജർ ഹനീഫ്, ഫുഡ് വേൾഡ് മാനേജിങ് ഡയറക്ടർ സവാദ്, ബി.സി.എഫ് ചെയർമാൻ മുഹമ്മദ് മൻസൂർ എന്നിവർ അടങ്ങുന്ന നല്ലവരായ മനുഷ്യസ്നേഹികളുടെ സഹായത്താൽ അദ്ദേഹത്തെ നാട്ടിലെത്തിക്കുകയായിരുന്നു