മനാമ: കത്തോലിക്കാ സഭയുടെ പരമാധികാരിയായിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ വിയോഗത്തെ തുടർന്ന്, കേരള കത്തോലിക്കാ അസോസിയേഷൻ (കെ.സി.എ) ബഹ്റിൻ, അനുശോചന സമ്മേളനം സംഘടിപ്പിച്ചു.
പ്രസിഡന്റ് ശ്രീ ജെയിംസ് ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ, ഫ്രാൻസിസ് മാർപാപ്പയുടെ അസാധാരണമായ ജീവിതത്തെയും മാനവികതയ്ക്കുള്ള ദൗത്യത്തെയും പ്രസംഗത്തിൽ പരാമർശിച്ചു, സമാധാനം, സ്നേഹം, സേവനം എന്നിവയ്ക്കായി അദ്ദേഹം നിരന്തരം പരിശ്രമിച്ചുവെന്ന് ഊന്നിപ്പറഞ്ഞു. ഒരു മിനിറ്റ് മൗനം ആചരിക്കുകയും തുടർന്ന് പങ്കെടുത്ത എല്ലാവരും മെഴുകുതിരി കത്തിക്കുകയും ചെയ്തു.
മുഖ്യാതിഥിയും ബഹ്‌റൈനിലെ ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസഡറുമായ ശ്രീ. വിനോദ് കെ. ജേക്കബ് സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ഭീകരാക്രമണം മൂലം ഇന്ത്യയിൽ അടുത്തിടെയുണ്ടായ ജീവഹാനിയിൽ അദ്ദേഹം ദുഃഖം രേഖപ്പെടുത്തി. ഇരകളായ കുടുംബങ്ങളോടുള്ള അഗാധമായ ദുഃഖവും ഐക്യദാർഢ്യവും ഈ യോഗത്തിൽ അർപ്പിച്ചു.
ചടങ്ങിൽ ബഹ്റിൻ എം.പി. ശ്രീ. മുഹമ്മദ് ഹുസൈൻ ജനാഹി, ക്യു.ഇ.എൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ശ്രീ. കെ.ജി. ബാബുരാജൻ, കെ.സി.എയുടെ മുൻ പ്രസിഡന്റുമാരായ ശ്രീ. വർഗീസ് കാരക്കൽ, ശ്രീ. സേവി മാത്തുണ്ണി, ശ്രീ. റോയ് സി. ആന്റണി, ശ്രീ. നിത്യൻ തോമസ്, ആർ.പി. കൺസ്ട്രക്ഷൻസ് മാനേജിങ് ഡയറക്ടറായ ശ്രീ. പി.വി. തോമസ്, അൽ സാറാജ് ജ്വല്ലേഴ്‌സ് മാനേജിങ് ഡയറക്ടർ മുഹമ്മദ് ഹുസൈൻ മാലിം, സമസ്ത ബഹ്‌റൈൻ പ്രസിഡൻ്റ് സയ്യിദ് ഫക്രുദ്ദീൻ കോയ തങ്ങൾ, ബികെഎസ് പ്രസിഡൻ്റ് പി.വി. രാധാകൃഷ്ണപിള്ള എന്നിവരും പ്രമുഖ സംഘടനകളുടെ നേതൃത്വം വഹിക്കുന്ന മറ്റ് വിശിഷ്ട വ്യക്തികൾ, പ്രമുഖ ബിസിനസുകാർ, ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക / മത നേതാക്കൾ എന്നിവരും അവരുടെ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.
യോഗത്തിൽ സംസാരിച്ചവർ ഫ്രാൻസിസ് മാർപ്പാപ്പയുടെ ഗാഢമായ മനുഷ്യസ്നേഹവും, സമാധാനത്തിനായി നടത്തിയ പ്രവർത്തനങ്ങളും, ദരിദ്രരുടെ ക്ഷേമത്തിനായി നടത്തിയ പരിശ്രമങ്ങളും ആദരവോടെയും അനുസ്മരിച്ചു. അത്യന്തം വിനയത്തോടെയും സഹനശീലത്തോടെയും മുന്നേറിയ മാർപ്പാപ്പ, ആധുനിക ലോകത്തെ ഏറ്റവും ബഹുമാനിക്കപ്പെട്ട മതനേതാക്കളിൽ ഒരാളായി മാറാൻ കഴിഞ്ഞതിന്റെ പ്രസക്തി സമ്മേളനം വീണ്ടു ശ്രദ്ധാപഥത്തിലാക്കി. പാപ്പായുടെ അധ്യാത്മിക സന്ദേശങ്ങൾ ജനങ്ങളുടെ ഹൃദയങ്ങളിൽ ജീവിച്ചിരിപ്പുണ്ടെന്നു യോഗത്തിൽ അഭിപ്രായപ്പെട്ടു.
കെസിഎ ജനറൽ സെക്രട്ടറി ശ്രീ. വിനു ക്രിസ്റ്റി ചടങ്ങിനെ ഔപചാരികമായി സ്വാഗതം ചെയ്തു. കെസിഎ വൈസ് പ്രസിഡന്റ് ശ്രീ. ലിയോ ജോസഫ് എല്ലാ വിശിഷ്ട വ്യക്തികൾക്കും, പങ്കെടുത്തവർക്കും, അഭ്യുദയകാംക്ഷികൾക്കും സാന്നിധ്യത്തിനും പിന്തുണയ്ക്കും നന്ദി പറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.