മനാമ: ബഹ്റൈനിലെ നഴ്സുമാരുടെ കൂട്ടായ്മയായ യുനീബ്- ദേവ്ജിയുമായി സഹകരിച്ച് എട്ടാം വാർഷികവും നഴ്സ് ഡേ സെലിബ്രേഷനും അവാർഡ് ദാനവും സംഘടിപ്പിച്ചു. സൽമാനിയ മർമാരിസ് ഹാളിൽ നടന്ന പരിപാടിയിൽ 500ഓളം നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു.
യുനീബ് പ്രസിഡന്റ് ലിത മറിയം അധ്യക്ഷയായ ചടങ്ങിന് സെക്രട്ടറി അനു ശൈജിത്ത് സ്വാഗതം പറഞ്ഞു. ചടങ്ങിലെ മുഖ്യാതിഥി എം.പി ഹസൻ ഈദ് ബുഖമ്മാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമീന ഇബ്രാഹിം മാലിക്, രാജീവ് കുമാർ മിശ്ര, ഫാത്തിമ യൂസുഫ് മുഹമ്മദ് അൽ റഈസ്, ഡോ. ജോർജ് ചെറിയാൻ, റഹ്മ ജാസിം അൽ ബസ്രി, ഡോ. ബാബു രാമചന്ദ്രൻ, ഡോ. അനൂപ് അബ്ദുല്ല എന്നിവർ സംസാരിച്ചു.ബഹ്റൈനിലെ വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു.
ബഹ്റൈനിലെ വിവിധ ഹോസ്പിറ്റലുകളിൽ സേവനം അനുഷ്ഠിച്ച് വരുന്ന 30ഓളം സീനിയർ നഴ്സുമാരെ ചടങ്ങിൽ മെമന്റോ നൽകി ആദരിച്ചു. നഴ്സ് പ്രതിജ്ഞ മെഴുകുതിരി തെളിച്ച് നഴ്സുമാർ ഏറ്റുചൊല്ലി. ചടങ്ങിൽ കുട്ടികളടക്കമുള്ളവർ അവതരിപ്പിച്ച കലാപരിപാടികൾ മിഴിവേകി.വൈസ് പ്രസിഡന്റ് ഹരികൃഷ്ണൻ നന്ദി പറഞ്ഞു.









