സ്റ്റാവംഗര്‍: മാഗ്നസ് കാള്‍സന് കഴിഞ്ഞ 14 വര്‍ഷമായി ആഗോള ചെസ് ഫെഡറേഷനായ ഫിഡെയുടെ റാങ്കിങ്ങില്‍ ലോക ഒന്നാം നമ്പര്‍ താരമാണ്. നോര്‍വ്വെ ചെസ്സില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യനുമാണ്. പക്ഷെ ഇക്കുറി നോര്‍വ്വെ ചെസ് കിരീടം നിലനിര്‍ത്താനാകാതെ നാട്ടുകാരുടെ മുന്‍പില്‍ കാള്‍സന്‍ നാണം കെടുമോ എന്നേ ഇനി അറിയാനുള്ളൂ.
അഞ്ചാം ഗെയിമില്‍ ഗുകേഷില്‍ നിന്നും ക്ലാസിക്കല്‍ ഗെയിമില്‍ തോല്‍വി ഏറ്റുവാങ്ങി എന്ന നാണക്കേേടില്‍ നിന്നും മാഗ്നസ് കാള്‍സന്‍ മുക്തനായിട്ടില്ല. നോര്‍വ്വെയിലും സമൂഹമാധ്യമങ്ങളില്‍ കാള്‍സനെതിരെ പരിഹാസം ഉയരുന്നുണ്ട്. ടൂര്‍ണ്ണമെന്‍റില്‍ അഞ്ചാം ഗെയിം വരെ ഒന്നാം സ്ഥാനത്ത് നിന്ന കാള്‍സനാണ് ആറാം റൗണ്ടില്‍ ഗുകേഷുമായി തോറ്റതോടെ ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുന്നത്. ഇനി രണ്ട് റൗണ്ട് കൂടിയേ മത്സരം ബാക്കിയുള്ളൂ. ഗുകേഷിനോട് തോല്‍വി ഏറ്റുവാങ്ങിയതിന് പുറമെ നോര്‍വെ ചെസ് കിരീടം കൂടി കൈവിട്ടാല്‍ കാള്‍സന് നാട്ടുകാരുടെ മുഖത്ത് നോക്കാന്‍ കഴിയില്ല എന്നതാണ് സ്ഥിതി.
ആദ്യറൗണ്ടുകളിലെ തിരിച്ചടികള്‍ പിന്നിട്ട ഗുകേഷ് ഇപ്പോള്‍ വലിയ ആത്മവിശ്വാസത്തിലാണ്. ഏഴാം റൗണ്ടില്‍ സ്വന്തം നാട്ടുകാരനായ അര്‍ജുന്‍ എരിഗെയ്സിയെ ക്ലാസിക്കല്‍ ഗെയിമില്‍ തോല്‍പിച്ച് മൂന്ന് പോയിന്‍റ് കൂടി നേടിയതോടെ ഗുകേഷ് പോയിന്‍റ് നിലയില്‍ കാള്‍സനെ പിന്തള്ളി 11.5 പോയിന്‍റോടെ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 11 പോയിന്‍റ് മാത്രമുള്ള കാള്‍സന്‍ മൂന്നാം സ്ഥാനത്താണ്.
ഒന്നാം സ്ഥാനത്ത് യുഎസിന്റെ ഫാബിയാനോ കരുവാനയാണ്. ഏഴാം റൗണ്ടില്‍ കരുവാന ചൈനയുടെ വെയ് യിയ്‌ക്കെതിരെ ക്ലാസിക് ഗെയിമില്‍ വിജയം നേടിയതോടെയാണ് കരുവാന 12.5 പോയിന്‍റോടെ ഒന്നാം സ്ഥാനത്തെത്തിയത്. ആറാം റൗണ്ടില്‍ ഗുകേഷിനോട് ഏറ്റ തോല്‍വിക്ക് ശേഷം കാള്‍സന്‍ ഉണര്‍ന്നിട്ടില്ല. അമേരിക്കയുടെ ഹികാരു നകാമുറയെയാണ് ഏഴാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍ ആമഗെഡോണ്‍ ഗെയിമില്‍ തോലിപിച്ചത്. അതിനാല്‍ ഒന്നര പോയിന്‍റ് കൂടി ലഭിച്ചതോടെ 11 പോയിന്‍റേ ഉള്ളൂ. ഒന്നാം സ്ഥാനത്ത് നിന്നിരുന്ന കാള്‍സനാണ് ഇപ്പോള്‍ മൂന്നാം സ്ഥാനത്തേക്ക് വീണുപോയിരിക്കുന്നത്.
തിരിച്ചടിയുടെ ആഘാതത്തില്‍ കാള്‍സന്‍ മൗനിയുമാണ്. ഗുകേഷിനെ ലോക ചെസ് കിരീടം നേടാന്‍ യോഗ്യനല്ലെന്ന് നടത്തിയ വിമര്‍ശനമെല്ലാം ഗുകേഷ് തോല്‍പിച്ചതോടെ പാഴായിരിക്കുന്നു. ഗുകേഷാകട്ടെ, കാള്‍സനെതിരെ ക്ലാസിക്കല്‍ വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്. ആ ആത്മവിശ്വാസമാണ് അര്‍ജുന്‍ എരിഗെയ്സിയെപ്പോലെ മിടുക്കനായ കളിക്കാരനെ ക്ലാസിക്കല്‍ ഗെയിമില്‍ തകര്‍ക്കാന്‍ ഗുകേഷിനെ സഹായിച്ചത്.
ഗുകേഷിനെ തുണയ്‌ക്കുന്നത് ഭാഗ്യമോ? അതോ ദൃഢനിശ്ചയത്തിന്റെ പ്രതിഫലമോ?
ഇന്ത്യയുടെ അര്‍ജുന്‍ എരിഗെയ്സിക്ക് മുന്‍പില്‍ ഗുകേഷ് പലപ്പോഴും പരാജയപ്പെട്ടിട്ടുള്ള ചരിത്രമാണുള്ളത്. ഇരുവരും ഏറ്റുമുട്ടിയതില്‍ ആറിലും അര്‍ജുന്‍ ആണ് ജയിച്ചിരിക്കുന്നത്. നോര്‍വ്വെയിലും രണ്ടാം റൗണ്ടില്‍ അര്‍ജുന്‍ ജയിച്ചിരുന്നു. ഏഴാം റൗണ്ടില്‍ ഗുകേഷ് തോല്‍ക്കുമെന്ന് ഉറപ്പിച്ച ഗെയിമിലാണ് വിജയിച്ചത്. അവസാനം വരെ പൊരുതി നിന്ന ഗുകേഷ് അര്‍ജുന്‍ എരിഗെയ്സി വരുത്തിയ പിഴവില്‍ കയറി വിജയം പിടിച്ചെടുക്കുകയായിരുന്നു. 100ല്‍ 99 ശതമാനവും തോല്‍ക്കുമെന്ന് ഉറപ്പായ ഗെയിമാണ് ജയിച്ചതെന്ന് ഗുകേഷ്.
ആറാം റൗണ്ടില്‍ മാഗ്നസ് കാള്‍സന്‍ എന്ന ലോക ഒന്നാം നമ്പര്‍താരത്തെ റുയ് ലോപസ് ഓപ്പണിംഗിലൂടെ വീഴ്‌ത്തിയ ഗുകേഷിന്റെ കളിയും ഗുകേഷ് 99 ശതമാനവും തോല്‍ക്കുമെന്ന് ഉറപ്പിച്ച ഗെയിമാണ്. പക്ഷെ അവസാന നിമിഷത്തില്‍ കാള്‍സന്‍ വരുത്തിയ പിഴവില്‍ കയറിപ്പിടിച്ചാണ് വിജയിച്ചത്. എല്ലായ്പോഴും ഗുകേഷിനെ ഭാഗ്യം തുണയ്‌ക്കുകയാണോ എന്ന ചോദ്യംവും സമൂഹമാധ്യമത്തില്‍ ഉയരുന്നു
മോദിയുടെ പ്രശംസ
An exceptional achievement by Gukesh! Congratulations to him for triumphing over the very best. His first-ever win against Magnus Carlsen in Round 6 of Norway Chess 2025 showcases his brilliance and dedication. Wishing him continued success in the journey ahead.@DGukesh pic.twitter.com/TjxyPzn3uN
— Narendra Modi (@narendramodi) June 2, 2025
ഇതിനിടെ ഗുകേഷിനെ തേടി പ്രധാനമന്ത്രി മോദിയുടെ പ്രശംസയും എത്തി. ആദ്യമായി ക്ലാസിക്കല്‍ ഗെയിമില്‍ മാഗ്നസ് കാള്‍സനെ തോല്‍പിച്ച ഗുകേഷിന് അഭിനന്ദനങ്ങള്‍ എന്നാണ് മോദി കുറിച്ചത്. ആറാം റൗണ്ടില്‍ സമര്‍പ്പണവും അസാമാന്യമികവും ആണ് ഗുകേഷിന് വിജയത്തിന് തുണയായതെന്നും കുറിച്ച മോദി വരും യാത്രകളിലും തുടര്‍ച്ചയായ വിജയം നേരുകയും ചെയ്തു.
മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് കൊനേരു ഹംപി
ഏഴാം റൗണ്ടില്‍ ഉക്രൈന്റെ അന്ന മ്യൂസിചുകിനോട് ആമഗെഡോണ്‍ ഗെയിമില്‍ തോല്‍വി ഏറ്റുവാങ്ങിയ ഇന്ത്യയുടെ കൊനേരു ഹംപി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കൊനേരു ഹംപിയ്‌ക്ക് 10.5 പോയിന്‍റേ ഉള്ളൂ. ലോക വനിതാ ചെസ് ചാമ്പ്യന്‍ കൂടിയായ ജു വെന്‍ജുന്‍ ഏഴാം റൗണ്ടില്‍ ഇറാന്റെ സാറ കാദമിനെ ക്ലാസിക്കല്‍ ഗെയിമില്‍ തോല്‍പിച്ചതോടെയാണ് 11.5 പോയിന്‍റോടെ ഒന്നാം സ്ഥാനത്തേക്കുയര്‍ന്നത്. 11 പോയിന്‍റോടെ അന്ന മ്യൂസിചുക് രണ്ടാം സ്ഥാനത്തെത്തി. ചൈനയുടെ തന്നെ ലെയ് ടിംഗ്ജീയില്‍ നിന്നും തോല്‍വി ഏറ്റുവാങ്ങിയതോടെ പ്രതീക്ഷകള്‍ അസ്തമിച്ച വൈശാലി എട്ട് പോയിന്‍റോടെ അഞ്ചാം സ്ഥാനത്താണ്.