
ഇസ്ലാമബാദ് :ട്വന്റി 20 ലോകകപ്പില്‍ ഈ മാസം 15ന് ശ്രീലങ്കന്‍ തലസ്ഥാനമായ കൊളൊംബോയില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരം നടക്കുമെന്ന് സൂചന. കൊളൊംബോയിലും ലാഹോറിലുമായി ഐ സി സി നടത്തിയ ചര്‍ച്ചയില്‍ ധാരണയിലെത്തിയെന്നാണ് സൂചന.
അന്താരാഷ്‌ട്ര ക്രിക്കറ്റിന്റെ താത്പര്യം പരിഗണിച്ച് ഇന്ത്യക്കെതിരായ മത്സരത്തില്‍ കളിക്കണമെന്ന് കാട്ടി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന് കത്തയച്ചു.സുഹൃദ് രാജ്യത്തിന്റെ അഭ്യര്‍ത്ഥന മാനിച്ച് പഴയ നിലപാട് വിഴുങ്ങി പാകിസ്ഥാന്‍ ഇന്ത്യക്കെതിരെ കളിക്കുമെന്നാണ് അറിയുന്നത്. ഇതോടെ പാകിസ്ഥാനെതിരെ ഐ സി സി നടപടി ഉണ്ടാകില്ല. ചര്‍ച്ചകളിലെ ധാരണ പ്രകാരമാണിതെന്നാണ് സൂചന.
ഈ സാഹചര്യത്തില്‍ ഇന്ത്യയോടുളള എതിര്‍പ്പിനെ തുടര്‍ന്ന് ലോകകപ്പില്‍ നിന്ന് പിന്മാറിയ ബംഗ്ലാദേശിനെതിരെ ഐ സി സി നടപടികള്‍ ഉണ്ടാവില്ലെന്നാണറിയുന്നത്. ബംഗ്ലാദേശിനുളള വിഹിതം വെട്ടിക്കുറയ്‌ക്കില്ല. ഒരു ഐ സി സി ടൂര്‍ണമെന്റും ബംഗ്ലാദേശിന് നല്‍കും നേരത്തേ ബംഗ്ലാദേശിന്റെ അഭ്യര്‍ത്ഥന പ്രകാരം അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചാണ് പാകിസ്ഥാന്‍ ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ചത്.
ഇന്ത്യയില്‍ അഭയം തേടിയ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷേക്ക് ഹസീനയെ വിട്ടു നല്‍കണമെന്ന ആവശ്യം ഇന്ത്യ അംഗീകരിക്കാത്തതാണ് ബംഗ്ലാദേശിനെ പ്രകോപിപ്പിച്ചത്.









