അഹമ്മദാബാദ്: അടുത്തമാസം മൂന്നിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനലിന് മുന്നോടിയായി നടക്കുന്ന സമാപന ചടങ്ങില്‍ ഓപ്പറേഷന്‍ സിന്ദൂരിന്റെ വിജയത്തിനായി പ്രയത്‌നിച്ച സായുധ സേനയ്‌ക്ക് ആദരം സമര്‍പ്പിക്കാന്‍ ബിസിസിഐ. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള ചടങ്ങ് സംഘടിപ്പിക്കാനാണ് ബിസിസിഐ തീരുമാനിച്ചത്.
സമാപന ചടങ്ങില്‍ കര സേന, നാവിക സേന, വ്യോമ സേന തുടങ്ങി മൂന്ന് വിഭാഗങ്ങളുടെയും പ്രതിനിധികള്‍ ഉണ്ടാകും. സൈനിക ബാന്‍ഡുകളുടെ പ്രകടനവും ഇതോടൊപ്പം ഉണ്ടായിരിക്കും. ഗ്രാന്‍ഡ് ഫിനാലെയ്‌ക്ക് മുന്നോടിയായി സംഗീത നിശയും ബിസിസിഐ ഒരുക്കുന്നുണ്ട്.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 സാധാരണക്കാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് തിരിച്ചടിയായി മെയ് 7 ന് ഇന്ത്യ ‘ഓപ്പറേഷന്‍ സിന്ദൂര്‍’ ആരംഭിക്കുകയും ഭീകരവാദകേന്ദ്രങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഐപിഎല്‍ പത്ത് ദിവസത്തേക്ക് നിര്‍ത്തിവെക്കുകയും ചെയ്തിരുന്നു.