മനാമ: ബഹ്റൈൻ മാർത്തോമ്മാ സൺഡേ സ്കൂളിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ സമാപനം സനദ് മാർത്തോമ്മാ കോംപ്ലക്സിൽ വച്ച് നടന്നു. ബഹുമാനപ്പെട്ട ഇന്ത്യൻ അംബാസിഡർ ശ്രീ. വിനോദ് കെ. ജേക്കബ് മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ സൺഡേ സ്കൂൾ പ്രസിഡന്റ് റവ. ബിജു ജോൺ അദ്ധ്യക്ഷത വഹിക്കുകയും വൈസ് പ്രസിഡന്റ് റവ. സാമുവേൽ വര്ഗീസ്, സെന്റ് പോൾസ് മാർത്തോമ്മാ ഇടവക വികാരി റവ. അനീഷ് സാമുവേൽ ജോൺ, സി.എസ്. ഐ സൗത്ത് കേരള ഇടവക വികാരി റെവ. അനൂപ് സാം, ഇടവക സെക്രട്ടറി ശ്രീ. സൻസി ചെറിയാൻ എന്നിവർ പങ്കെടുത്തു ആശംസകൾ അറിയിച്ചു.
കുട്ടികളുടെ വൈവിധ്യമാർന്ന നൃത്ത പരിപാടികൾ, ശ്രീ. സന്തോഷ് തങ്കച്ചൻ സംവിധാനം നിർവഹിച്ച “അഗ്നിതുല്യനായ അപ്പോസ്തലൻ ” എന്ന ബൈബിൾ നാടകം, സൺഡേ സ്കൂൾ ഗായകസംഘം ആലപിച്ച ജൂബിലി ഗാനം, ബാൻഡ് എന്നിവ ചടങ്ങിനെ വർണാഭമാക്കി. സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ, ജൂബിലി കൺവീനർ എന്നിവർ യഥാക്രമം സ്വാഗതവും കൃതജ്ഞതയും രേഖപ്പെടുത്തി. കുമാരി ഐശ്വര്യ മേരി ബിനോയ്, കുമാരി കൃപ ആൻ ബിനോയ് എന്നിവർ അവതാരകരായി.
മാർതോമ്മാ സഭയുടെ കോട്ടയം കൊച്ചി ഭദ്രാസനാധിപൻ റൈറ്റ്. റവ. തോമസ് മാർ തീമോത്തിയോസ് എപ്പിസ്കോപ്പ ഉദ്ഘാടനം നിർവഹിച്ച ഒരു വര്ഷം നീണ്ടു നിന്ന വജ്രജൂബിലീ ആഘോഷങ്ങളുടെ ഭാഗമായി കൊല്ലം ആശ്രയ ചാരിറ്റബിൾ സൊസൈറ്റിക്ക് സാമ്പത്തിക സഹായം നൽകി. വജ്ര ജൂബിലി പരിപടികളുടെ സുഗമമായ നടത്തിപ്പിനായി സൺഡേ സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. ബിജു കെ. നൈനാൻ, ജൂബിലി കൺവീനർ ശ്രീ. ജനു ജോൺ വര്ഗീസ്, സെക്രട്ടറി ശ്രീ. അനീഷ് എബ്രഹാം എന്നിവരുടെ നേതൃത്വത്തിലുള്ള ജൂബിലി കമ്മിറ്റിയാണ് പ്രവർത്തിച്ചത്.