ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ ചിത്രം ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക്. കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇന്‍റർനാഷനൽ ഫന്‍റാസ്റ്റിക് ഫിലിഫെസ്റ്റിവൽ(ബിഫാൻ)-ലാണ് ‘മാർക്കോ’യുടെ ഇന്‍റർനാഷനൽ പ്രീമിയർ. സംവിധാന മികവിലൂടെ മലയാള സിനിമയെ ഒരുപാട് ഉയരത്തിലേക്ക് എത്തിച്ചിരിക്കുകയാണ് സംവിധായകൻ ഹനീഫ് അദേനി.
തിയറ്ററുകളിൽ 100 ദിനം പിന്നിട്ട ചിത്രം നേരത്തെ തന്നെ 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. ഒ.ടി.ടിയിലും ചിത്രം തരംഗമായിരുന്നു. മലയാളത്തിലും ഇതര ഭാഷകളിലും ഇതിനകം ആവേശമായി ആഞ്ഞടിച്ച ചിത്രം 100 കോടിക്ക് മുകളിൽ ബോക്സ് ഓഫിസ് കലക്ഷൻ നേടിയതിന് ശേഷമാണ് ചിത്രം ഒ.ടി.ടിയിൽ എത്തിയത്.
സോണി ലിവിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രം ഏവരും ഏറ്റെടുത്തിരുന്നു. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും തമിഴിലും കന്നഡയിലും തിയറ്റർ റിലീസിന് ഗംഭീര വരവേൽപ്പാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. മലയാളത്തിൽ ഇറങ്ങിയിട്ടുള്ള ഏറ്റവും വലിയ വയലന്‍റ് ചിത്രമായ ‘മാർക്കോ’ക്ക് എ സർട്ടിഫിക്കറ്റ് ആണ് സെൻസർ ബോർഡ് നൽകിയിരുന്നത്. ഒരു എ സർട്ടിഫിക്കറ്റ് ചിത്രമായിട്ടുകൂടി വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്.
The post ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ കൊറിയൻ ഫിലിം ഫെസ്റ്റിവലിലേക്ക് appeared first on Malayalam Express.