അബുദാബി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങളുടെ പട്ടികയില്‍ വീണ്ടും ഒന്നാമതെത്തിയിരിക്കുകയാണ് അബുദാബി. 88.4 പോയിന്റ് നേടിയാണ് അബുദാബി ഒന്നാമതെത്തിയത്. തുടര്‍ച്ചയായ ഒമ്പതാം വര്‍ഷമാണ് നംബിയോ സുരക്ഷാ സൂചികയില്‍ അബുദാബി ഒന്നാം സ്ഥാനത്തെത്തുന്നത്.
സുരക്ഷിത നഗരങ്ങളില്‍ യുഎഇയില്‍ നിന്ന് അബുദാബിക്ക് പുറമെ ദുബായും ഷാര്‍ജയും ആദ്യ പത്തില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് ഖത്തര്‍ തലസ്ഥാനമായ ദോഹയാണ്. 84.1 പോയിന്റാണ് ദോഹക്ക് ലഭിച്ചത്. 83.8 പോയിന്റോടെ ദുബായ് മൂന്നാമതും 83.8 പോയിന്റോടെ തായ്വാനിലെ തായ് പേയി നാലാമതുമെത്തി.
Also Read: ആണവ റിയാക്ടറുകളുടെ അപകടസാധ്യതകള്‍ വിലയിരുത്തുന്നതിനായി ഉന്നതതല യോഗം ചേര്‍ന്ന് കുവൈത്ത്
അഞ്ചാമതെത്തിയ ഷാര്‍ജക്കും 83.8 പോയിന്റാണുള്ളത്. ബഹ്റൈൻ നഗരമായ മനാമയാണ് ആറാമത് (81 പോയിന്റ്). ഒമാനിലെ മസ്ക്കത്ത് (80.9) ഏഴാമതും നെതര്‍ലാന്‍ഡ്സിലെ ഹേഗ്(79.5) എട്ടാമതും ജർമ്മനിയിലെ മ്യൂണിച് (79.4) ഒമ്പതാമതുമെത്തി.
നോര്‍വേയിലെ ട്രോണ്‍ഡ്ഹൈം(79.3)ആണ് പട്ടികയില്‍ പത്താമതുള്ളത്. കുറ്റകൃത്യങ്ങളുടെ കുറവോ അഭാവമോ വിലയിരുത്തിയാണ് നംബിയോയുടെ സുരക്ഷാ സൂചിക തയ്യാറാക്കിയിട്ടുള്ളത്. പൂജ്യം മുതല്‍ 100 വരെയാണ് ഓരോന്നിനും മാര്‍ക്ക് നല്‍കുക. ഉയര്‍ന്ന മാര്‍ക്ക് ലഭിക്കുന്ന നഗരത്തിലായിരിക്കും കൂടുതല്‍ സുരക്ഷയുള്ളത്. അതിക്രമം, മോഷണം, വസ്തുവകകള്‍ നശിപ്പിക്കുക, ശാരീരിക അതിക്രമം എന്നിങ്ങനെ വിവിധ കുറ്റകൃത്യങ്ങളുടെ തോത് നോക്കിയാണ് പട്ടിക തയ്യാറാക്കുന്നത്.
The post ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി അബുദാബി appeared first on Express Kerala.