
കൊച്ചി: സഹോദരിയുടെ വിവാഹ നിശ്ചയത്തിന് വാങ്ങിയ സാരിയുടെ കളര്‍ മങ്ങിയെന്ന പരാതിയില്‍ കടയുടമയ്ക്ക് 36500 രൂപ പിഴയിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മിഷന്‍. എറണാകുളം കൂവപ്പടി സ്വദേശി ജോസഫ് നിക്‌ളാവോസിന്റെ പരാതിയില്‍ ആലപ്പുഴയിലെ ഇഹാ ഡിസൈന്‍സ് എന്ന സ്ഥാപനത്തിന് പിഴ ചുമത്തിയത്.
സഹോദരിയുടെ വിവാഹ നിശ്ചയത്തിനായി ഭാര്യക്കും മറ്റ് ബന്ധുക്കള്‍ക്കുമായി 89,199 രൂപയ്ക്ക് 14 സാരികളാണ് പരാതിക്കാരന്‍ വാങ്ങിയത്. മികച്ച ഗുണമേന്മയുള്ളവയെന്ന് എതിര്‍ കക്ഷി വിശ്വസിപ്പിച്ചുവെന്ന് പരാതിക്കാരന്‍ പറയുന്നു. അതില്‍ 16,500 രൂപ വിലയുള്ള സാരി ഉടുത്ത്, ആദ്യ ദിവസം തന്നെ കളര്‍ നഷ്ടമായി. വിവാഹ നിശ്ചയത്തില്‍ പങ്കെടുക്കാനാണ് സാരി വാങ്ങിയത് എന്നതിനാല്‍ പരാതിക്കാരനും ഭാര്യയ്ക്കും ഇത് ഏറെ വിഷമമുണ്ടാക്കി. ഇമെയില്‍ വഴിയും വക്കീല്‍ നോട്ടീസ് അയച്ചും സാരിയുടെ ന്യൂനത എതിര്‍കക്ഷിയെ അറിയിച്ചുവെങ്കിലും പരിഹാരം ഉണ്ടായില്ല. തുടര്‍ന്നാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
കുടുംബാംഗങ്ങളെല്ലാം പങ്കെടുക്കുന്ന സുപ്രധാനമായ ചടങ്ങില്‍ ധരിച്ച സാരിയുടെ കളര്‍ പോയി എന്ന പരാതി പരിഹരിച്ചില്ല എന്ന എതിര്‍കക്ഷിയുടെ നടപടി സേവനത്തിലെ ന്യൂനതയും അധാര്‍മികമായ വ്യാപാര രീതിയുമാണെന്ന് കോടതി പറഞ്ഞു. ഉപഭോക്തൃ സൗഹൃദം അല്ലാത്ത ഇത്തരത്തിലുള്ള വ്യാപാരികളുടെ പ്രവര്‍ത്തനങ്ങളുടെ നേര്‍ക്ക് നിശബ്ദമായിരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. സാരിയുടെ വിലയായ 16,500 രൂപ പരാതിക്കാരന് തിരിച്ചു നല്‍കണം. കൂടാതെ നഷ്ടപരിഹാരം, കോടതി ചെലവ് എന്നിവയ്ക്ക് 20,000 രൂപ 45 ദിവസത്തിനകം നല്‍കണമെന്നും എതിര്‍കക്ഷികള്‍ക്ക് കോടതി നിര്‍ദേശം നല്‍കി.
The post വിവാഹനിശ്ചയത്തിനെടുത്ത സാരിയുടെ കളര്‍ മങ്ങി, 36500 രൂപ പിഴ; 45 ദിവസത്തിനകം നല്‍കണമെന്ന് ഉത്തരവ് appeared first on Express Kerala.









