തിരുവനന്തപുരം: റെയിൽവേയിൽ ടിക്കറ്റ് നിരക്കുകൾ മുതൽ തത്കാലിലും വെയിറ്റിങ് ലിസ്റ്റിലും വരെ മാറ്റങ്ങൾ പ്രാബല്യത്തിൽ. എ.സി കോച്ചിന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കൻഡ് ക്ലാസ് ടിക്കറ്റുകൾക്ക് ഒരു പൈസയും വർധിച്ചതോടെ ദീർഘദൂര യാത്രക്ക് ചെലവേറും. സെക്കൻഡ് ക്ലാസ് ഓർഡിനറിയിൽ 500 കിലോമീറ്റർ വരെ വർധനയില്ല. എന്നാൽ, അതിനുശേഷം 501-1500 കിലോമീറ്റർ വരെ അഞ്ച് രൂപ വർധിക്കും. 1501-2500 കിലോമീറ്റർ വരെ 10 രൂപയും 2501-3000 കിലോമീറ്റർ വരെ 15 രൂപയും അധികമായി നൽകണം. രാജധാനി, ശതാബ്ദി, തുരന്തോ, വന്ദേ ഭാരത് എന്നിവയിലടക്കം നിരക്ക് വർധനയുണ്ട്. അതേ സമയം സീസൺ ടിക്കറ്റുകളെ ഒഴിവാക്കി.
തത്കാൽ ടിക്കറ്റിന് ആധാർ നിർബന്ധം
ആധാർ ലിങ്ക് ചെയ്ത അക്കൗണ്ടുകൾ വഴി മാത്രമേ ഇനി തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകൂ. ജൂലൈ ഒന്നു മുതൽ ഇത് നിലവിൽ വന്നു. ഈ മാസം തന്നെ തത്കാൽ ബുക്കിങ്ങിന് ആധാർ അധിഷ്ഠിത ഒ.ടി.പി സംവിധാനവും നിലവിൽ വരും. തത്കാൽ ടിക്കറ്റ് ബുക്കിങ്ങിന് അംഗീകൃത ഏജന്റുമാർക്കും നിയന്ത്രണം ഏർപ്പെടുത്തി. പുതിയ സർക്കുലർ പ്രകാരം റെയിൽവേയുടെ അംഗീകൃത ഏജന്റുമാർക്ക് വിൻഡോ തുറന്നതിനുശേഷമുള്ള ആദ്യത്തെ 30 മിനിറ്റ് തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാവില്ല. അതായത് എ.സി ക്ലാസുകളിൽ രാവിലെ 10.00 മുതൽ 10.30 വരെയും നോൺ എ.സിയിൽ രാവിലെ 11.00 മുതൽ 11.30 വരെയും ഏജന്റ് ബുക്കിങ്ങിന് നിയന്ത്രണമുണ്ടാകും.
ചാർട്ട് എട്ടുമണിക്കൂർ മുമ്പ്
ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് യാത്ര ആരംഭിക്കുന്നതിന് എട്ടു മണിക്കൂർ മുമ്പ് പ്രസിദ്ധീകരിച്ച് തുടങ്ങി. നിലവിൽ നാലു മണിക്കൂർ മുമ്പായിരുന്നു ചാർട്ട് പുറപ്പെടുവിച്ചിരുന്നത്. സീറ്റ് സാധ്യത മുൻകൂട്ടി മനസ്സിലാക്കി യാത്ര ആസൂത്രണം ചെയ്യാനാകുമെന്നതും അവസാന നിമിഷത്തിലെ അനിശ്ചിതത്വങ്ങൾ കുറക്കാനുമാകുമെന്നതാണ് പുതിയ പരിഷ്കാരത്തിന്റെ മെച്ചമായി റെയിൽവേ ചൂണ്ടിക്കാട്ടുന്നത്. വെയിറ്റിങ് ലിസ്റ്റിന്റെ പരിധി 25 ശതമാനമായി കുറച്ച നടപടി പിൻവലിച്ചു. പകരം എ.സി ക്ലാസുകളിൽ 60 ശതമാനമായും നോൺ എ.സിയിൽ 30 ശതമാനമായും വർധിപ്പിച്ചു.
ഒരു മിനിറ്റിൽ 1.5 ലക്ഷം ടിക്കറ്റ്
പാസഞ്ചർ റിസർവേഷൻ സംവിധാനം (പി.ആർ.എസ്) ശേഷി വർധിപ്പിച്ച് വിപുലീകരിച്ചു. ഒരു മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകളാണ് ഇപ്പോൾ ബുക്ക് ചെയ്യാനാകുക. നിലവിൽ ഇത് 32,000 ടിക്കറ്റ് ആണ്. ഇതിനു പുറമെ, മൂന്ന് മണിക്കൂറിലേറെ വൈകിയോടൽ, ട്രെയിൻ വഴിമാറ്റിവിടൽ എന്നീ സാഹചര്യങ്ങളിലെ റീഫണ്ടിനുള്ള അപേക്ഷ ഇനി ഓൺലൈനായി നൽകാം. ഐ.ആർ.സി.ടി.സി പോർട്ടലിലും ആപ്പിലും ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് (ടി.ഡി.ആർ) ഫയൽ ചെയ്ത് റീഫണ്ട് നേടാനാകും.