പ്രകൃതിശാസ്ത്രജ്ഞർ മഡഗാസ്കറിനെ ജൈവവൈവിധ്യത്തിന്റെ ഒരു നിധിയായും ‘പരിണാമത്തിന്റെ ലബോറട്ടറി’യായും കാണുന്നു. ഗാലപ്പഗോസിനെപ്പോലെ സഞ്ചാരികളായ പ്രകൃതി സ്നേഹികൾ ഏറെ ഇഷ്ടപ്പെടുന്നഇടമാണ് മഡഗാസ്കർ
ഏകദേശം 160 ദശലക്ഷം വർഷങ്ങൾക്കു മുമ്പ് മഡഗാസ്കർ ആഫ്രിക്കയിൽനിന്ന് വേർപിരിഞ്ഞതോടെ അത് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്ന് വളരെ വ്യത്യസ്തമായി മാറി. അതുകൊണ്ടുതന്നെ ഇതിനെ ചിലപ്പോൾ ‘എട്ടാം ഭൂഖണ്ഡം’ എന്ന് വിളിക്കപ്പെടുന്നു.
ഒരു ദ്വീപിന്റെ സവിശേഷതയായ ഉയർന്നതലത്തിലുള്ള എൻഡെമിസം (മറ്റൊരിടത്തും കാണാത്ത സ്പീഷീസുകൾ) ഉണ്ടെന്ന് മാത്രമല്ല, ശ്രദ്ധേയമായ പ്രകൃതി വൈവിധ്യവും ഇവിടെയുണ്ട്. മഡഗാസ്കർ ലെമറുകളുടെ നാടാണ്, ഈ പ്രിയപ്പെട്ട ജീവികൾ മലഗാസി പ്രകൃതിയുടെ അംബാസഡർമാരാണ്.
മഡഗാസ്കർ വിസ്മയങ്ങളുടെ നാടുകൂടിയാണ്. പക്ഷികൾ, പുരാതന ഉരഗവംശങ്ങൾ, ലോകത്തിലെ ഒമ്പതിനം ബയോബാബുകളിൽ ആറെണ്ണം ഇവിടെ കാണാം. പ്രകൃതിശാസ്ത്രജ്ഞരും മഡഗാസ്കറിനെ ജൈവവൈവിധ്യത്തിന്റെ ഒരു നിധിയായും ‘പരിണാമത്തിന്റെ ലബോറട്ടറി’യായും കാണുന്നു. ഗാലപ്പഗോസിനെപ്പോലെ സഞ്ചാരികളായ പ്രകൃതി സ്നേഹികൾ ഏറെ ഇഷ്ടപ്പെടുന്ന ഇടമാണ് മഡഗാസ്കർ.
മഡഗാസ്കറിലേക്ക്
പരിസ്ഥിതിപ്രവർത്തകരായ 13 പേരാണ് യാത്രാസംഘത്തിലുണ്ടായിരുന്നത്. കണ്ണൂരിൽനിന്ന് മുംബൈ വഴി കെനിയയിലെ നൈറോബിയിലെത്തി. അവിടെനിന്ന് സംഘാംഗങ്ങൾക്കൊപ്പമാണ് മഡഗാസ്കറിന്റെ തലസ്ഥാനമായ അൻടനാരവിയോയിലേക്ക് പോയത്. അന്നവിടെ ഹോട്ടലിൽ തങ്ങി. അടുത്ത ദിവസം രാവിലെ അൻഡാസിബെയിലെ നാഷനൽ പാർക്ക് കാണാനായി പുറപ്പെട്ടു. 140 കി.മി ദൂരം താണ്ടാൻ മൂന്നര മണിക്കൂർ വേണ്ടിവന്നു. വളഞ്ഞുപുളഞ്ഞുപോകുന്ന തകർന്ന റോഡുകൾക്കിരുവശവും മൊട്ടക്കുന്നുകളാണ്.
ഇടക്കിടെ യൂക്കാലി മരങ്ങളുമുണ്ട്. റോഡിലൂടെ സൈക്കിളിലും മരച്ചക്രമുള്ള കൈവണ്ടിയിലും മരക്കരി ചാക്കിലാക്കി കൊണ്ടുപോകുന്നു. റോഡിന്റെ ഇരുവശങ്ങളിലും മരക്കരി വിൽപനക്കും വെച്ചിട്ടുണ്ട്. മിക്കസ്ഥലത്തും സ്ത്രീകളാണ് വിൽപനക്കാർ. കുന്നിൻമുകളിൽ പലഭാഗത്തും പുക ഉയരുന്നുണ്ട്. മരം കത്തിച്ച് കരിയുണ്ടാക്കുകയാണ് നാട്ടുകാർ. ഇവിടത്തെ 94 ശതമാനം കാടുകളും നശിപ്പിക്കപ്പെട്ടു. ആഫ്രിക്കയിലെ ഏറ്റവും ദരിദ്രമായ രണ്ടാമത്തെ രാജ്യമാണ് മഡഗാസ്കർ.

ഫ്രഞ്ച് അധിനിവേശ കാലത്ത് കാടുകളിലേക്ക് റെയിൽ ട്രാക്കുകൾ പണിത് വിലയേറിയ മഹാഗണി, റോസ് വുഡ് പോലുള്ള മരങ്ങൾ മുറിച്ച് നാട്ടിലേക്ക് കടത്തി. പിന്നീടവിടെ യൂക്കാലി നട്ടു. യൂക്കാലി വളർന്നപ്പോൾ അത് മുറിച്ചു കത്തിച്ചു മരക്കരിയാക്കി വ്യാവസായികാവശ്യത്തിന് കൊണ്ടുപോയി. വനങ്ങളെല്ലാം ഇന്ന് മൊട്ടക്കുന്നുകളാണ്. തദ്ദേശീയർ ബാക്കിയുള്ള കാടും വെട്ടി പുനം കൃഷിയും കപ്പകൃഷിയും തുടങ്ങി. ചെറിയ മരങ്ങൾ വരെ കത്തിച്ച് കരിയാക്കി വിൽക്കുന്നതാണ് ഉപജീവനത്തിനുള്ള ഇവിടത്തെ പ്രധാന മാർഗമെന്ന് ഗൈഡ് സോളോഹാരി പറഞ്ഞു.
ലെമൂറുകൾ; പരിണാമത്തിലെ കണ്ണികൾ
ഉച്ചക്കുശേഷം അനലമാസയോട്രാ റിസർവിലെത്തി. വിവിധതരത്തിലുള്ള ലെമൂറുകളെ കണ്ടു. ലെമൂറുകൾ ഏതാണ്ട് 50-60 ലക്ഷം വർഷം മുമ്പാണ് മഡഗാസ്കറിലേക്ക് എത്തിയതെന്ന് കണക്കാക്കപ്പെടുന്നു. അതിനുശേഷം അവ വളരെയധികം മാറ്റങ്ങൾക്ക് വിധേയമായി. ചെറിയ മൗസ് ലെമൂർസ് മുതൽ വലിയ, ഇപ്പോൾ വംശനാശം നേരിട്ട ജയന്റ് ലെമൂർസ് വരെയുണ്ട്. ആവാസ സ്ഥലത്തിന് അനുയോജ്യമായ ശാരീരിക ഘടനയും പെരുമാറ്റശീലങ്ങളും ഇവർ പ്രാപിച്ചു.
മഡഗാസ്കർ സിനിമ സീരീസിലൂടെയാണ് ലെമൂറുകൾ ലോകമെമ്പാടും പ്രശസ്തരാവുന്നത്. ഇന്ന് ലെമൂറുകൾ വംശനാശത്തിന്റെ ഭീഷണിയിലാണ്. വനനശീകരണം, വേട്ടയാടൽ, കാലാവസ്ഥാ വ്യതിയാനം എന്നിവയാണ് പ്രധാന കാരണങ്ങൾ. മഡഗാസ്കറിന്റെ പരിസ്ഥിതി സംരക്ഷണം ലെമൂറുകളുടെ നിലനിൽപിന് അനിവാര്യമാണ്. ലെമൂറുകളിൽ 121 സ്പീഷീസും 25 സബ്സ്പീഷീസും ഉണ്ട്. ഇതിൽ ഇന്ന് 60 ഇനങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ഇവയെല്ലാം ഐ.യു.സി.എന്നിന്റെ (IUCN) റെഡ് ഡേറ്റാ ലിസ്റ്റിലുള്ളവയാണ്.

പെർമേറിയ നാഷനൽ പാർക്ക്
മൂന്നാം ദിവസം പെർമേറിയ നാഷനൽ പാർക്കിലേക്ക് യാത്ര തിരിച്ചു. 130 കി.മി അകലെയാണ് തടാകത്തിലെ ഈ ചെറിയ ദ്വീപ്. പങ്ങലാനസ് കനാലിന്റെ തീരത്തുള്ള ഈ പാർക്ക്, പരിസ്ഥിതി സൗന്ദര്യം, ജൈവ വൈവിധ്യം, കനാൽയാത്ര എന്നിവയാൽ സമ്പന്നമാണ്. തുറമുഖ നഗരമായ ടമാട്ടാവ് വഴി മനമ്പാട്ടോ എന്ന ഗ്രാമത്തിലെത്തി. ഇവിടെനിന്ന് പങ്ങലാസ് കനാൽ വഴി ബോട്ടുയാത്രയാണ്.

ഒന്നര മണിക്കൂറുള്ള ബോട്ടുയാത്ര. കനാലിനിരുവശവും കൈതോല നിറഞ്ഞ കാടുകൾ. ഇതിൽ ചെറിയ തോണിയിൽ ചെരിപ്പു തുഴയാക്കി സഞ്ചരിക്കുന്ന പ്രദേശവാസികളെ കണ്ടു. കുട്ടികളും സ്ത്രീകളും തടാകക്കരയിൽ നീന്തുന്നു. ഇവിടെ വിവിധയിനം ലെമൂറുകളെ കാണാൻ കഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് അപൂർവമായ ആയി-ആയി ആണ്.
ആയി-ആയി
അന്ധവിശ്വാസവും രൂപവും ‘ആയി-ആയി’യുടെ വംശനാശത്തിന് കാരണമായി. ലോകത്തിലെ ഏറ്റവും വിചിത്രമായ ജീവികളിൽ ഒന്നായ ആയി ആയി രാത്രിയിൽമാത്രം സഞ്ചരിക്കുന്ന ഒരുതരം ലെമൂർ ആണ്. പേടിതോന്നുന്ന മുഖം, തുറിച്ചുള്ള നോട്ടം, വവ്വാലിന്റെ ചെവികൾ, എലിയുടെതു പോലെയുള്ള പല്ലുകൾ, വല്ലാത്ത രീതിയിൽ വിന്യസിച്ച കറുത്ത ശരീര രോമങ്ങൾ, നീണ്ട കറുത്ത വാൽ, നീളമുള്ള വിരലുകളിൽ വളഞ്ഞുനിൽക്കുന്ന നഖങ്ങൾ എല്ലാം ചേർന്ന രൂപം. ഇതിനെ അപശകുനമായാണ് മഡഗാസി ജനങ്ങൾ കണക്കാക്കുന്നത്.
ഇതിന്റെ നീളമുള്ള വിരൽ ആരുടെയെങ്കിലും നേരെ ചൂണ്ടിയാൽ അയാൾക്ക് മരണം അടുത്തെത്തിയെന്നാണ് അവരുടെ വിശ്വാസം. അതുകൊണ്ടുതന്നെ എവിടെ കണ്ടാലും നാട്ടുകാർ ഈ ജീവിയെ തല്ലിക്കൊല്ലും. ആയി-ആയിയെ കണ്ടെത്തിയാൽ ആ പ്രദേശത്തുനിന്ന് ഗ്രാമീണർ ഒഴിഞ്ഞുപോകും. ആയി-ആയി നൂറിൽ താഴെ എണ്ണം മാത്രമാണ് ഇന്ന് അവശേഷിക്കുന്നത്.
റുനാമഫാന നാഷനൽ പാർക്ക്
ആറാം ദിനം പുലർച്ചെ 2.30ന് യാത്ര തിരിച്ചു. 410 കി.മി. ദൂരെയുള്ള റുനാമഫാന നാഷനൽ പാർക്കാണ് ലക്ഷ്യം. 11 മണിക്കൂർ റോഡ് യാത്രയുണ്ട് ഇവിടേക്ക്. മഡഗാസ്കറിലെ ദക്ഷിണ കിഴക്കൻ പ്രദേശത്തുള്ള ഒരു ലോകപ്രസിദ്ധ പർവതവനമാണിത്. 41,600 ഹെക്ടർ വിസ്തൃതിയിലുള്ള ഈ പാർക്ക് യുനെസ്കോ ലോക പൈതൃക പ്രദേശമായ ‘Rainforests of the Atsinanana’ യുടെ ഭാഗമാണ്. ഈ പാർക്ക് മഡഗാസ്കറിന്റെ സമ്പന്നമായ ജൈവ വൈവിധ്യം പരിപാലിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനും ഒരു ഉദാത്ത മാതൃകയാണ്. റാനോമഫാന ലെമൂറുകളുടെ ഒരു അഭയാരണ്യമാണ്. ഇവിടത്തെ പ്രധാന പ്രത്യേകത 1986ൽ കണ്ടെത്തിയ ഗോൾഡൻ ബാംബൂ ലെമൂർ (Hapalemur aureus) എന്ന അപൂർവ ഇനമാണ്. മിൽൻ-എഡ്വേഡ്സ് സിഫാക (Propithecus edwardsi), റെഡ് ബെല്ലിഡ് ലെമൂർ (Eulemur rubriventer), ഗ്രേറ്റർ ബാംബൂ ലെമൂർ (Prolemur simus) എന്നിവയും ഇവിടെയുണ്ട്. 130ൽ അധികം പക്ഷി ഇനങ്ങൾ. അതിൽ പലതും വംശനാശ ഭീഷണിയിലുള്ളവയാണ്. വിവിധയിനം ഓന്തുകൾ, പല്ലികൾ, കമലിയോണുകൾ, തവളകൾ എന്നിവയെ കാണാനും ചിത്രമെടുക്കാനും സാധിച്ചു.

അൻജാ പാർക്ക്
ഏഴാം ദിവസം 130 കി.മി ദൂരമുള്ള അൻജാ പാർക്കിലേക്കാണ് പോയത്. മഡഗാസ്കറിലെ അൻജാ റിസർവ് ചെറിയ സംരക്ഷിത വന്യജീവി കേന്ദ്രമാണ്. ഇത് മഡഗാസ്കറിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ആംബലവാവോ എന്ന ചെറിയ പട്ടണത്തിന് സമീപത്താണ് സ്ഥിതിചെയ്യുന്നത്.
പ്രാദേശിക സമുദായക്കാരാണ് ഈ റിസർവ് നോക്കിനടത്തുന്നത്. അതിനാൽ ഇത് പ്രാദേശിക പാരിസ്ഥിതിക സംരക്ഷണത്തിനും സമുദായത്തിന്റെ സമ്പദ്വ്യവസ്ഥക്കും വലിയ സഹായമാണ്. അൻജാ റിസർവ് റിങ് ടെയിൽ ലെമൂറുകൾക്ക് പ്രശസ്തമാണ്. പുലർച്ചെ പാറക്കെട്ടുകളിൽ വെയിൽ കായുന്ന ലെമൂറുകളെ കണ്ടു. കുഞ്ഞുങ്ങളെ പുറത്തിരുത്തി മരംചാടുന്ന അമ്മ ലെമൂറുകളുടെ കാഴ്ച പേടിപ്പെടുത്തി.
രണ്ടു ദിവസം ഇവിടെ ചെലവഴിച്ച ശേഷം ഒമ്പതാം ദിവസം ഏറ്റവും പ്രശസ്തമായ ഇസാലോ നാഷനൽ പാർക്കിലേക്കാണ് യാത്ര തിരിച്ചത്. പച്ചപ്പുകൾ തീരെ കുറഞ്ഞ സ്ഥലമാണ് ഇസാലോ. മഡഗാസ്കറിലെ ഇസാലോ നാഷനൽ പാർക്കിന്റെ ഏറ്റവും വലിയ ആകർഷണം അതിന്റെ സാൻഡ്സ്റ്റോൺ പാറകളാണ്. കാറ്റും വെള്ളവും ചേർന്ന് പണിത തനതായ രൂപത്തിലുള്ളവ. ഇസാലോ പാറക്കെട്ടുകൾ പ്രധാനമായും ട്രയാസിക് കാലഘട്ടത്തിൽ (Triassic Period, 245–208 ദശലക്ഷം വർഷങ്ങൾ മുമ്പ്) രൂപം കൊണ്ടതാണെന്ന് കരുതപ്പെടുന്നു.
രത്നസംസ്കരണ കേന്ദ്രം
ഇസാലോയിലെ ഇലാക്ക എന്ന സ്ഥലത്തെ രത്നസംസ്കരണ കേന്ദ്രം ലക്ഷ്യമാക്കി ഞങ്ങൾ നീങ്ങി. രാജ്യത്തിന്റെ ഖനനമേഖലയിലെ ഏറ്റവും പ്രാധാന്യമേറിയ ഒന്നാണ് റൂബി-സഫയർ ഖനനം. റൂബി, സഫയർ എന്നിവ അതിന്റെ ഗുണനിലവാരംകൊണ്ടും നിറംകൊണ്ടും വിപണിയിൽ ലോക പ്രസിദ്ധമാണ്.
അതുകൊണ്ടുതന്നെ മഡഗാസ്കറിനെ രത്നങ്ങളുടെ ദ്വീപ് എന്നാണറിയപ്പെടുന്നത്. ഇവിടത്തെ ഇലാക്കാ പ്രദേശം ലോകത്തിലെ ഏറ്റവും വലിയ സഫയർ ഖനനകേന്ദ്രങ്ങളിൽ ഒന്നാണ്. പല നിറത്തിലും ആകൃതിയിലും വലുപ്പത്തിലുമുള്ള രത്നങ്ങൾ ഇവിടെ നിരത്തിവെച്ചിട്ടുണ്ട്. 300 ഡോളർ മുതൽ 30,000 ഡോളർ വരെ വിലയുള്ളതുണ്ടിവിടെ. കൂടാതെ ഖനനം ചെയ്തത് സംസ്കരിക്കാതെയും പ്രദർശിപ്പിച്ചിട്ടുണ്ട്. ഖനനത്തിൽ ലഭിച്ച നിരവധി ഫോസിലുകളും ഇവിടെ കാഴ്ചക്കായി ഒരുക്കിയിട്ടുണ്ട്.
മഡഗാസ്കറിന്റെ സമ്പന്നമായ പൈതൃക ശിൽപവും ചിത്രകലയും പ്രധാനമാണ്. മണ്ണ്, കല്ല്, തടി തുടങ്ങിയവയിലുള്ള ശിൽപങ്ങളിൽ ആഫ്രിക്കൻ ശൈലിയും സവിശേഷമാകും. ആചാര ചിത്രങ്ങൾ, സവിശേഷ ഇനം മാസ്കുകൾ, വിവിധ വർണങ്ങളിൽ നിർമിച്ച പെയിന്റിങ്, മൃഗങ്ങളുടെയും ബാവോബാബ് മരങ്ങളുടെയും ശിൽപങ്ങൾ, മുത്തുമാലകൾ അഗേവ് നാരുകൊണ്ട് നിർമിച്ച ബാഗുകൾ, തൊപ്പികൾ, കളിപ്പാട്ടങ്ങൾ എന്നിവയുടെ വഴിയോര പ്രദർശന വിൽപന കാണാൻ കഴിയും. തനം എന്നറിയപ്പെടുന്ന മഡഗാസ്കറിന്റെ തലസ്ഥാനത്തെ കരകൗശല മാർക്കറ്റ് വിശാലമാണ്.
പന്ത്രണ്ടാം നാൾ ഞങ്ങൾ ബാരന്റിയിലെത്തി. എയർപോർട്ടിൽനിന്നും മൂന്നുമണിക്കൂർ യാത്രയുണ്ട്. റോഡിനിരുവശവും വിശാലമായ അഗേവ് കൃഷിത്തോട്ടമാണ്. അഗേവ് കൃഷിയെക്കുറിച്ച് ഗൈഡ് വിശദീകരിച്ചു. മഡഗാസ്കറിലെ അഗേവ് കൃഷി ദശാബ്ദങ്ങളായി പ്രാദേശിക ആവാസവ്യവസ്ഥയോടു ചേരുന്ന ഒരു പ്രാധാന്യമേറിയ കാർഷിക പ്രവർത്തനമാണ്. അഗേവ് സസ്യങ്ങൾക്ക് കുറച്ച് ജലം മതി എന്നുള്ളതുകൊണ്ട് മഡഗാസ്കറിന്റെ വരണ്ട പ്രദേശങ്ങളിൽ വാണിജ്യപരമായും പ്രാദേശിക ആവശ്യങ്ങൾക്കായും അഗേവ് കൃഷി ചെയ്തുവരുന്നു.
മഡഗാസ്കറിലെ ടോളിയാര (Toliara) പ്രദേശം അഗേവ് കൃഷിയുടെ കേന്ദ്രമായി അറിയപ്പെടുന്നു. അഗേവിൽനിന്നുണ്ടാക്കുന്ന സിസൽ ഫൈബർ ചരടുകൾ, കരകൗശല വസ്തുക്കൾ, മറ്റ് നിരവധി വ്യാവസായിക ഉൽപന്നങ്ങൾ എന്നിവ നിർമിക്കാൻ ഉപയോഗിക്കുന്നു. സിസൽ നാരുകൾ ഇന്ത്യ, ചൈന, യൂറോപ്യൻ യൂനിയൻ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

വൈകീട്ടോടെ താമസസ്ഥലത്തെത്തി. തെക്കൻ മഡഗാസ്കറിലെ ബാരന്റി റിസർവിലെ സ്പൈനി ഫോറസ്റ്റ് സവിശേഷവും ആകർഷകവുമായ ഒരു ആവാസവ്യവസ്ഥയാണ്. വലിയ സ്പൈനി ബുഷ് തെക്കൻ മഡഗാസ്കറിലെ വരണ്ട കാലാവസ്ഥയുമായി വളരെ പൊരുത്തപ്പെടുന്നു. വൈവിധ്യമാർന്ന പ്രാദേശിക സസ്യങ്ങളുടെയും മൃഗങ്ങളുടെയും ആവാസകേന്ദ്രമാണിത്. ഇത് സംരക്ഷണത്തിനുള്ള ഒരു നിർണായക മേഖലയും ഇക്കോടൂറിസത്തിന്റെ ശ്രദ്ധേയമായ പ്രദേശവുമാണ്.
നീരാളി മരങ്ങൾ
മഡഗാസ്കറിൽ മാത്രം കാണപ്പെടുന്ന, വരൾച്ചയെ പ്രതിരോധിക്കുന്ന, മരങ്ങളാണ് ഡിഡിയേറേസി. വളഞ്ഞതും കൂടാരം പോലെയുള്ളതുമായ ശാഖകൾ കാരണം ചില സ്പീഷീസുകൾക്ക് ‘നീരാളി മരങ്ങൾ’ എന്ന വിളിപ്പേരുണ്ട്. മഡഗാസ്കറിന്റെ മറ്റ് ഭാഗങ്ങളിലേതുപോലെ ബയോബാബ് മരങ്ങൾ ഇവിടെയും കാണാം. വളഞ്ഞുപുളഞ്ഞ മരങ്ങൾ, ഉയർന്ന വിചിത്രമായ ചെടികളുടെ ആകൃതികൾ, മുള്ളുകൾ വിന്യസിച്ച തണ്ടുകളും ഇലകളും, അതിൽ ഇരതേടി വരുന്ന കിളികൾ, മുള്ളുള്ള തണ്ടുകൾക്കിടയിൽ കിടന്നുറങ്ങുന്ന ലെമൂറുകൾ എന്നിവ സ്പൈനി ഫോറസ്റ്റിനെ വ്യത്യസ്തമാകുന്നു. രണ്ടു ദിവസം ഞങ്ങൾ ബാരന്റി റിസർവിൽ ചെലവഴിച്ചു.
ബാവോബാബ്: ‘ജീവിതത്തിന്റെ മരങ്ങൾ’
ബാവോബാബ് മരം (Adansonia) അതിന്റെ വൈശിഷ്ട്യവും പരിസ്ഥിതിയുടെ ഭാഗമായുള്ള അതിന്റെ പ്രാധാന്യവുംകൊണ്ട് ലോകമെമ്പാടും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ ഈ മരത്തെ ‘ജീവിതത്തിന്റെ മരം’ എന്നും വിളിക്കാറുണ്ട്. ഇത് ഏറ്റവും പുരാതനമായ മരങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. അതിന്റെ ഉത്ഭവം വിശാലമായ ഭൗമശാസ്ത്ര, ജൈവവിവരങ്ങൾ സൂചിപ്പിക്കുന്നു.
ബാവോബാബ് മരത്തിന്റെ ജന്മസ്ഥാനം മഡഗാസ്കർ ദ്വീപ് ആണെന്നാണ് കരുതുന്നത്. പിന്നീട് അത് ആഫ്രിക്ക, ആസ്ട്രേലിയ, അറേബ്യ, എന്നീ പ്രദേശങ്ങളിലേക്കും വ്യാപിച്ചു. കേരളത്തിൽ തലശ്ശേരി നഗരത്തിൽ ഒരു വലിയ മരം വളരുന്നുണ്ട്. ഇത് ബ്രിട്ടീഷുകാരുടെ കാലത്ത് നട്ടതാണെന്ന് അനുമാനിക്കുന്നു. ബാവോബാബ് മരത്തിന് ഒമ്പത് സ്പീഷീസുകളാണുള്ളത്. ഇതിൽ ആറ് സ്പീഷീസുകൾ മഡഗാസ്കറിലാണ് കാണപ്പെടുന്നത്. ബാക്കി രണ്ട് ആഫ്രിക്കയിലും ഒന്ന് ആസ്ട്രേലിയയിലും മാത്രം കണ്ടുവരുന്നു.