കോഴിക്കോട് വിമാനത്താവളത്തിലേക്ക് പുറപ്പെട്ടത് മുതൽ കോരിച്ചൊരിയുന്ന മഴയായിരുന്നു. യാത്ര തടസപ്പെടുമോ എന്ന് ഭയപ്പെട്ട രൗദ്ര ഭാവമായിരുന്നു മഴക്ക്. വിയറ്റ്നാമിലേക്കുള്ള വിസയും ഹോച്ചിമിൻ സിറ്റിയിലേക്കുള്ള ബംഗളൂരിൽ നിന്നുള്ള വിയറ്റ്ജറ്റ് ടിക്കറ്റും ദുബൈയിൽ നിന്ന്തന്നെ സംഘടിപ്പിച്ചിരുന്നു. എയർഇന്ത്യ എക്സ്പ്രസ് വിമാനം ബംഗളൂരുവിൽ എത്തിയപ്പോൾ വൈകുന്നേരം 4 മണി കഴിഞ്ഞിരുന്നു. ഖത്തർ എയർപോർട്ട് പോലെ വളരെ മനോഹരമായി ഡിസൈൻ ചെയ്ത ലാൻഡ്സ്കേപ്പും കർണാടകയിലെ തനത് കലാരൂപങ്ങളും കൊണ്ട് അലങ്കരിച്ച, ഒരു മനോഹര ഉദ്യാനം പോലെയുണ്ട് പുതിയ വിാമനത്താവളം.
രാത്രി 12മണിയോടെ വിയറ്റ്ജറ്റ് ടേക്കഫ് ചെയ്തു. വിമാനം ലാൻഡ് ചെയ്തപ്പോൾ ലോക്കൽ സമയം രാവിലെ 6 കഴിഞ്ഞിരുന്നു. അര മണിക്കൂർ താമസിച്ചതിന് പൈലറ്റ് ക്ഷമാപണം നടത്തി. എൻട്രി വിസ ഉണ്ടെന്നുള്ള ധൈര്യത്തിൽ എമിഗ്രേഷനിൽ വരിനിന്ന എന്നെ അവർ തിരിച്ച് വിസ സെക്ഷനിലേക്ക് അയച്ചു. അപ്പോഴാണ് മൻസിലായത് സുഹൃത്ത് വഴി സംഘടിപ്പിച്ചത് വെറും വിസ ആപ്ലിക്കേഷൻ മാത്രമായിരുന്നുവെന്ന്. വിയറ്റ്നാമിലേക്ക് പോകുന്നതിന് മുൻപ് തന്നെ ഓൺലൈൻ വിസ 25 ഡോളർ പേ ചെയ്തു എടുക്കാമായിരുന്നു. പറ്റിയ അബദ്ധം അപ്പോഴാണ് മനസ്സിലായത്.

യൂസുഫ് ഉസ്മാൻ
ഗ്രാബ് ആപ്പ് വഴി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പോകാൻ കാത്ത് നിന്ന എന്നെ ഒരു ഡ്രൈവർ ഗ്രാബിന്റെ സ്റ്റാഫ് ആണെന്ന് പരിചയപ്പെടുത്തി കാറിൽ കയറ്റി. എന്നാൽ പാർക്കിങ് കൺട്രോളിൽ ചെന്നപ്പോൾ പൈസ അടക്കാൻ അവശ്യപ്പെട്ടപ്പോഴാണ് തട്ടിപ്പ് ശ്രമം മസ്നസ്സിലായത്. ഡ്രൈവറോട് വണ്ടി തിരിച്ച് പിക്ക് ചെയ്തിടത്ത് കൊണ്ടുപോയി വിടാൻ ഉടനെ ആവശ്യപ്പെട്ടു. വീണ്ടും ഗ്രാബ് ബുക്ക് ചെയ്തപ്പോൾ ഡ്രൈവർ എന്നെ ബന്ധപ്പെടുകയും ആസ്വാൻ റൂബി ഹോട്ടലിൽ എത്തിക്കുകയും ചെയ്തു. അപ്പോൾ സമയം രാവിലെ 10 മണി. ചെക്ക് ഇൻ ചെയ്യണമെങ്കിൽ ഉച്ച 2വരെ കാത്തിരിക്കണം. ലഗേജ് ഹോട്ടലിൽ ഏൽപിച്ചു. ആദ്യം ഗൂഗ്ൾ ചെയ്തു അടുത്തുള്ള മോസ്ക് കണ്ടുപിടിച്ചു. ഗ്രബ് വഴി സൈഗൺ സെൻട്രൽ മസ്ജിദിൽ എത്തി അൽപസമയം വിശ്രമിച്ചു. പള്ളിയുടെ സെക്യൂരിറ്റി ജീവനക്കാരൻ നടത്തുന്ന ജ്യൂസ് കടയിൽ നിന്ന് 20,000 വി.എൻ.ഡി(ഏകദേശം 7 റസ്) ഫ്രഷ് ഓറഞ്ച് ജ്യൂസ് കഴിച്ചു. അപ്പോഴേക്കും ദുഹർ ബാങ്ക് വിളിച്ചു. പിന്നീട് നമസ്കാരം കഴിഞ്ഞു ഹോട്ടലിൽ പോയി ചെക്ക് ഇൻ ചെയ്തു 5മണി വരെ ഉറങ്ങി.

വൈകുന്നേരം ഹോട്ടലിൽ നിന്ന് പുറത്തിറങ്ങി. ബെൻ താൻ മാർക്കറ്റ് ഗൂഗിളിൽ തപ്പി നടന്നുപോകാൻ തീരുമാനിച്ചു. ധാരാളം ചെറുകിട റീടെയ്ൽ വ്യാപാര സ്ഥാപനങ്ങളുള്ള വലിയ ഒരു സമുച്ചയമാണ് ബെൻ താൻ. കച്ചവടക്കാർ ഏതാണ്ട് എല്ലാവരും സ്ത്രീകൾ. കച്ചവടവും ആഹാരവും കുട്ടികളെ പഠിപ്പിക്കലും എല്ലാം ഒരു സീരിയൽ പടം പോലെ അരങ്ങുതകർക്കുന്നു. ധാരാളം ഇന്ത്യൻ സഞ്ചാരികൾ വിലപേശി സാധനങ്ങൾ വാങ്ങുന്നുണ്ട്. പിന്നീട് ഹോട്ടലിലേക്ക് മടങ്ങി. സൈഗോണിലെ വാക്കിങ് സ്ട്രീറ്റ് എന്ന നൈറ്റ് സ്ട്രീറ്റ് എന്റെ ഹോട്ടലിന് 2കി.മീറ്റർ അടുത്താണെന്ന് ഗൂഗ്ൾ പറഞ്ഞുതന്നു. അവിടെ എത്തിയപ്പോൾ രാത്രി 8 മണി കഴിഞ്ഞിരുന്നു. ഡാൻസ് ബാറുകളുടേയും മദ്യശാലകളുടെയും ഇടയിലൂടെ ഗംഭീര സംഗീതത്തിൽ അലിഞ്ഞു ചേർന്ന് ഒരു നദി പോലെ യുവാക്കളും യുവതികളും ടൂറിസ്റ്റുകളും ഒഴുകുന്ന കാഴ്ച. എല്ലാ ബാറുകളുടേയും മുൻപിൽ അൽപവസ്ത്ര ധാരികളായ യുവതികൾ കസ്റ്റമേഴ്സിനെ ആകർഷിക്കാൻ മത്സരിക്കുന്ന കാഴ്ച. തിരിച്ചുവരുന്ന വഴിക്ക് മെക്കോങ് ഡെൽറ്റ ഡേ ട്രിപ്പിനുള്ള ടിക്കറ്റും അടുത്ത ഡെസ്റ്റിനേഷനായ ഡാ നങ്ങിലേക്കുള്ള ബസ് ടിക്കറ്റും സംഘടിപ്പിച്ചു.



മെക്കോങ് ഡെൽറ്റ എന്ന അൽഭുതം
വിയറ്റ്നം ടൂറിസത്തിന്റെ ഒരു ഐക്കണെന്ന് മെക്കോങ് ഡെൽറ്റയെ പറയാം. സന്ദർശകരെ ആകർഷിക്കുന്ന തനത് മെക്കോങ് സംസ്കാരത്തിന്റെയും കാർഷിക മത്സ്യ വളർത്തൽ കേന്ദ്രങ്ങളുമാണ് എല്ലാ ദ്വീപുകളും. ദിവസങ്ങൾ കണ്ടാലും മതി വരാത്ത കനാലുകളിൽ കൂടിയുള്ള അമസോൺ കാടുകളെ അനുസ്മരിപ്പിക്കുന്ന വൈവിധ്യങ്ങളുള്ള കൃഷി സ്ഥലങ്ങളും വനങ്ങളും നിറഞ്ഞ പ്രദേശമാണ് മെക്കോങ് ഡെൽറ്റ. കാഴ്ചകൾ കണ്ട് മടങ്ങുമ്പോൾ ഈ പ്രദേശം ഒരിക്കൽ കൂടി സന്ദർശിക്കണമെന്ന് മനസ്സിൽ കരുതി. വൈകിട്ട് അഞ്ചുമണിയോടെ മൈ തോ പട്ടണത്തിൽ തിരിച്ചെത്തി.
മെക്കോങ്ങിൽ നിന്നും തിരിച്ച് ഹോച്ചിമിൻ സിറ്റിയിൽ എത്തിയപ്പോൾ നല്ല മഴ. ഒരുവിധം ഡാ നങ്ങിലേക്കുള്ള ബസിൽ കയറിപ്പറ്റി. അടുത്ത 14 മണിക്കൂർ ബസിൽ ഇരിക്കണമെന്ന് ഓർത്തപ്പോൾ വല്ലാത്ത മടുപ്പ് തോന്നി. പക്ഷെ ബസിൽ ഓരോ യാത്രികനും കിടന്നു യാത്ര ചെയ്യാൻ പാകത്തിൽ ക്യാബിൻ സൗകര്യം ഉണ്ടായിരുന്നു. അങ്ങനെ ഞാൻ സൈഗോണിൽ നിന്നും ഡാ നങ്ങിലേക്കുള്ള ദീർഘദൂര ബസിൽ യാത്ര തുടങ്ങി. ക്യാബിൻ ആണെങ്കിലും രാത്രിയിൽ സുഖമായി ഉറങ്ങാൻ ബുദ്ധിമുട്ടി. തെക്ക് നിന്നും വടക്ക് വരെ 1700കി.മീറ്റർ നീട്ടിവലിച്ച ‘എസ്’ മാതൃകയിൽ കിടക്കുന്ന ഭൂ പ്രദേശമായ വിയറ്റ്നം വടക്ക് ചൈന, പടിഞ്ഞാറ് ലാവോസ്, കംബോഡിയ, തെക്ക് കിഴക്ക് സൗത്ത് ചൈന കടൽ അടങ്ങിയ വളരെ മനോഹരമായ ഫല ഭൂയിഷ്ടമായ രാജ്യമാണ്.
അനേകം ചെറുതും വലുതുമായ നദികൾ, 3,000 അടി വരെ ഉയർന്ന പർവതങ്ങൾ, വിശാലമായ കൃഷിയിടങ്ങൾ, മനോഹരമായ കടൽത്തീരങ്ങൾ എന്നിവയാൽ സമ്പന്നമാണ്. വിയറ്റ്നാമിന്റെ മധ്യത്തിലുള്ള ഡാ നങ്കിലേക്കു പോയിക്കൊണ്ടിരിക്കുന്നത്. നല്ല വിശപ്പ് തോന്നിയെങ്കിലും വഴിയരികിലെ ഭക്ഷണ ശാലകളിൽ നിന്നും എന്തെങ്കിലും കഴിക്കാൻ മടി. എല്ലായിടവും പോർക്ക് കൊണ്ടുള്ള പല വിഭവങ്ങൾ വിൽക്കുന്നവരാണുള്ളത്. ധാരാളം നദികളും പാലങ്ങളും തടാകങ്ങളും പിന്നിട്ട് ഉച്ചക്ക് 2 മണിയോട് കൂടി ബസ് ഡാ നങ്ങിൽ എത്തി.
ഗ്രാബ് മോട്ടോർ സൈക്കിളിൽ എത്തി ഹോട്ടലിൽ ചെക്ക് ഇൻ ചെയ്തു. പടിഞ്ഞാറ് വലിയ പർവതങ്ങളും കിഴക്ക് വളരെ മനോഹരമായ കടൽ തീരങ്ങളുമുള്ള പ്രൗഢമായ നഗരമാണ് ഡാ നാങ്. ഹോട്ടലിൽ നിന്ന് തന്നെ ഒരു സ്കൂട്ടി സംഘടിപ്പിച്ചു നഗരം ആകെ ഒന്ന് ചുറ്റി. ആഴം കുറഞ്ഞ ബീച്ചിൽ പോയി നീന്തി, ഡ്രാഗൺ ബ്രിഡ്ജിന്റെ മുകളിൽ
നിന്ന് ഗംഭീരമായി കരിമരുന്ന് പ്രയോഗം കണ്ട് ആദ്യ ദിവസം കഴിച്ചു. ഡാ നാങ് മ്യൂസിയം സന്ദർശകർക്ക് കരുതിവെച്ചിരിക്കുന്നത് വിസ്മയ കാഴ്ചകളാണ്. ഹിന്ദു മതത്തിൽ തുടങ്ങി, കൺഫ്യൂഷിയൻ, ബുദ്ധിസം കടന്ന് കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ജീവിക്കുകയാണ് വിയറ്റ്നാമീസ് ജനത. പുറമെ നിന്ന് നോക്കുമ്പോൾ മതങ്ങളുടെ ബാധ്യതകൾ പേറാതെ സ്വതന്ത്രമായി ജീവിക്കുന്നവരാണ് വിയറ്റ്നം ജനങ്ങൾ. ഹിന്ദു ക്ഷേത്രങ്ങളും മുസ്ലിം പള്ളികളും നന്നേ കുറവ്. അങ്ങിങ്ങായി കാണുന്ന ബുദ്ധ ക്ഷേത്രങ്ങളും വലിയ ബുദ്ധ പ്രതിമകളും. ഒരു കാലത്ത് പ്രബലമായിരുന്ന ഹിന്ദു മതവും രാജഭരണവും കാലത്തിന്റെ യവനികകളിൽ മറഞ്ഞിരിക്കുന്നു. ആരാധനമൂർത്തികളുടെ പ്രതിമകൾ അംഗ ഭംഗം വന്ന് ഓർമ ശിലകളായി വിവിധ മ്യൂസിയങ്ങളിൽ വിശ്രമിക്കുന്നു.
മരണപ്പെട്ടവരെ ഓരോ കുടുംബവും അവരവരുടെ കൃഷിയിടങ്ങളിലുള്ള മൂലകളിൽ സംസ്കരിക്കുന്നു. അങ്ങിനെ മരിച്ചവരും ജീവിച്ചിരിക്കുന്നവരും ഒന്നിച്ച് കൃഷികൾ നടത്തുന്നതായി അനുഭവപ്പെടുന്നു. എല്ലാ കൃഷിയിടങ്ങളുടെയും ഭാഗമായി ശവകുടീരങ്ങൾ കാണപ്പെടുന്നു. ഡാ നാങ് വിമാനത്താവളത്തിനടുത്തുള്ള ബസ് സ്റ്റേഷനിൽ നിന്നും ബാ നാ ഹിൽസിലേക്ക് ഓരോ അര മണിക്കൂറിലും ബസ് സർവീസുണ്ട്. ഏകദേശം ഒരു മണിക്കൂർ യാത്രക്ക് ശേഷം ബാ നാ ഹിൽസിന്റെ കേബിൾ കാർ ബേസ് സ്റ്റേഷനിലെത്തി.
ബാ നാ ഹിൽ സ്റ്റേഷൻ, ഫ്രഞ്ച് വില്ലേജ്, ലവ് ഗാർഡൻ, ഗോൾഡൻ ബ്രിഡ്ജ് അടങ്ങുന്ന സമുച്ചയം വിയറ്റ്നാമിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. കേബിൾ കാറിൽ 25 മിനിറ്റ് സഞ്ചരിച്ച് എത്തുമ്പോൾ കാണുന്ന ഫ്രഞ്ച് വില്ലേജും ലവ് ഗാർഡനും വേറിട്ട കാഴ്ചകൾ സമ്മാനിക്കുന്നു. മുകളിൽ നിന്ന് നോക്കുമ്പോൾ ഡാ നാങ് നഗരവും തിരകൾ ചുംബിക്കൂന്ന തീരവും വെയിലേറ്റ് തിളങ്ങുന്ന തടാകങ്ങളും വേറെ ഏതോ ഗ്രഹത്തിൽ എത്തിയ ആംബിയൻസ് നൽകുന്നു. ബാ നാ ഹിൽസിൽ നിന്നും മടങ്ങിയപ്പോൾ വൈകിട്ട് ഏഴ് മണി. പെട്ടന്ന് തന്നെ ഹോട്ടലിൽ നിന്നും ലഗേജ് കലക്റ്റ് ചെയ്തു വളരെ നേരത്തെ എയർപോർട്ടിലെത്തി. ഹനോയ്കുള്ള വിമാനവും കാത്തിരിക്കുമ്പോൾ അസമയത്ത് അപരിചിത നഗരത്തിൽ എത്തിപ്പെട്ടാലുള്ള ഭയം മനസ്സിലുണ്ടായി.