ഇരിട്ടി: കുടക്-മലയാളി ബന്ധം ഊട്ടിയുറപ്പിക്കുന്ന കുടകിലേക്ക് മലയാളികൾ ഉൾപ്പെടെയുള്ള സഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. സംസ്ഥാന അതിർത്തിയോട് തൊട്ടുകിടക്കുന്ന കര്‍ണാടകയുടെ സ്കോട്ട്ലൻഡ് എന്ന ഓമനപ്പേരുള്ള കുടകിലേക്ക് കഴിഞ്ഞ വര്‍ഷം എത്തിയത് 45 ലക്ഷം സഞ്ചാരികളാണ്. കോവിഡിന് ശേഷം ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തിയത്കഴിഞ്ഞ വർഷമാണ്. കോവിഡിനുശേഷം കഴിഞ്ഞ വര്‍ഷം രണ്ടുലക്ഷം സഞ്ചാരികളുടെ വര്‍ധനയാണ് കുടകില്‍ ഉണ്ടായത്. കോഫി ടൂറിസത്തിന്റെ പ്രാധാന്യം കുടകിനെ സഞ്ചാരികളുടെ പ്രിയ ഇടമാക്കുകയാണ്.
മാക്കൂട്ടം ചുരം-കുട്ടുപുഴ, വയനാടിലേക്കുള്ള കുട്ട-തോല്‍പ്പെട്ടി അന്തർ സംസ്ഥാന പാതകളുടെ നവകീരണം പൂര്‍ത്തിയാകുന്നത് സഞ്ചാരികള്‍ക്കുള്ള സൗകര്യം വർധിപ്പിക്കും. മഴ കഴിഞ്ഞ് ആഗസ്റ്റ് മാസത്തോടെ ടൂറിസം കേന്ദ്രങ്ങള്‍ വീണ്ടും സജീവമാകുന്നതോടെ കുടകിലേക്ക് ഈ വര്‍ഷവും സഞ്ചാരികളുടെ ഒഴുക്കായിരിക്കുമെന്ന് കുടക് ജില്ല ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ അനിത ഭാസ്കര്‍ പറഞ്ഞു. കേരളത്തിന്റെ അതിര്‍ത്തി ജില്ലയായതിനാല്‍ മലയാളികളുടെ ഇഷ്ടകേന്ദ്രം കൂടിയാണ് കുടക്. ദുബാരെ ആന ക്യാമ്പ്, രാജാസ് സീറ്റ്, കാവേരി നിസര്‍ഗധാമ, ബൈലക്കുപ്പെ ഗോള്‍ഡന്‍ ടെമ്പിള്‍, മടിക്കേരിയിലെ കുടക് കോട്ട, അബി ഫാള്‍സ്, കൊപ്പാടി കുന്നുകള്‍, ഭാഗമണ്ഡല, തലക്കാവേരി എന്നിവിടങ്ങളാണ് സഞ്ചാരികളുടെ കുടകിലെ ആകര്‍ഷണ കേന്ദ്രങ്ങള്‍. ഇക്കുറി ജല ടൂറിസത്തിന് പ്രധാന്യം നല്കി പത്ത് പുതിയ കയാക്കിങ് കേന്ദ്രങ്ങള്‍ കുടകില്‍ ഒരുങ്ങും.