ഖുല്‍ദാബാദ് : ക്രിക്കറ്റ് താരം യാഷ് ദയാലിനെതിരായ ബലാത്സംഗ കേസിന് ട്വിസ്റ്റ്. വിവാഹത്തിന്റെ മറവില്‍ ലൈംഗികമായി ചൂഷണം ചെയ്തുവെന്ന് പരാതി നല്‍കിയ ഗാസിയാബാദ് സ്വദേശിയായ യുവതിക്കെതിരെ പണംതട്ടിപ്പിനും മോഷണത്തിനും കേസ് നല്‍കി യാഷ്. യുവതി ഐഫോണും ലാപ്ടോപ്പും മോഷ്ടിച്ചുവെന്നും ലക്ഷക്കണക്കിന് രൂപ ചികില്‍സയ്‌ക്കും ഷോപ്പിംഗിനുമായി വാങ്ങിയെടുത്തതായും പരാതിയില്‍ പറയുന്നു. ഇതു സംബന്ധിച്ച് തെളിവുകള്‍ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. 2021 ല്‍ ഇന്‍സ്റ്റാഗ്രാം വഴിയാണ് താന്‍ ആ യുവതിയെ പരിചയപ്പെട്ടതെന്നും തുടര്‍ന്ന് തങ്ങള്‍ സുഹൃത്തുക്കളായിരുന്നുവെന്നും ക്രിക്കറ്റ് താരം സമ്മതിക്കുന്നുണ്ട്.
അഞ്ച് വര്‍ഷമായി തങ്ങള്‍ ഒരുമിച്ചായിരുന്നുവെന്നും വിവാഹവാഗ്ദാനം നല്‍കിയിരുന്നെന്നും ഈ കാലയളവില്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തുവെന്നും ആരോപിച്ചാണ് യുവതി കേസ് നല്‍കിയിരിക്കുന്നത്. ചാറ്റ് റെക്കോര്‍ഡുകള്‍, സ്‌ക്രീന്‍ഷോട്ടുകള്‍, വീഡിയോ കോളുകള്‍, ഫോട്ടോകള്‍ എന്നിങ്ങനെ ആവശ്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.