നിർണായകമായ പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി ആക്‌സിയം ഫോർ സംഘം ഇന്ന് ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയിലേക്ക് മടങ്ങും. വൈകിട്ട് 4.35ന് ആണ് മടക്കയാത്ര ആരംഭിക്കുക. നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ശുഭാംശു ശുക്ലയും സംഘവും ഭൂമിയിലെത്തും. ശാന്ത സമുദ്രത്തിലാണ് പേടകം ലാൻഡ് ചെയ്യുന്നത്. സർക്കാർ സഹായത്തോടെയുള്ള ലോകത്തെ രണ്ടാമത്തെ സ്വകാര്യ ബഹിരാകാശ ദൗത്യമാണ് പൂർത്തിയാകുന്നത്. അമേരിക്ക ആസ്ഥാനമായുള്ള ആക്‌സിയം സ്‌പേസും സ്‌പേസ് എക്‌സും ഐഎസ്ആർഒയും നാസയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും ചേർന്നുള്ള സംയുക്ത ദൗത്യമാണിത്.
കഴിഞ്ഞ ജൂൺ 25ന് ആണ് കെന്നഡി സ്‌പേസ് സെന്ററിൽ നിന്ന് നാലംഗ സംഘം ഉൾക്കൊള്ളുന്ന ഡ്രാഗൺ പേടകത്തെയും വഹിച്ച് സ്‌പേസ് എക്‌സിന്റെ ഫാൽക്കൺ 9 റോക്കറ്റ് കുതിച്ചുയർന്നത്. ജൂൺ 26ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിയ ദൗത്യസംഘം നേരത്തെ നിശ്ചയിച്ചതിനേക്കാൾ നാല് ദിവസം അധികം നിലയത്തിൽ ചെലവഴിച്ചാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. അമേരിക്കൻ സ്വകാര്യ കമ്പനിയായ ആക്സിയം സ്പേസാണ് ദൗത്യത്തിന് പിന്നിൽ പ്രവർത്തിക്കുന്നത്. ഐഎസ്ആർഒയും ആക്സിയവും നാസയും സ്പേസ് എക്സും തമ്മിലുള്ള കരാറുകളുടെ അടിസ്ഥാനത്തിലാണ് യാത്ര.
ALSO READ: ഭൂമിയിലെ ജലത്തിന്റെ രഹസ്യം: എവിടെ നിന്ന് വന്നു, എപ്പോഴെത്തി?
മടക്കയാത്രക്കുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായെന്ന് ആക്‌സിയം സ്‌പേസ് വ്യക്തമാക്കി. സംഘം നിലയത്തിലെത്തിയ അതേ ഡ്രാഗൺ പേടകത്തിൽ തന്നെയാണ് മടങ്ങുന്നതും. ബഹിരാകാശ നിലയത്തിൽ അറുപതോളം പരീക്ഷണങ്ങളാണ് സംഘം നടത്തിയത്. ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന്റെ പൈലറ്റ്. ഉച്ചയ്ക്ക് 2.50ന് യാത്രികർ പേടകത്തിന് അകത്ത് കയറുകയും ഹാച്ച് അടക്കപ്പെടുകയും ചെയ്യും. 4.35ന് പേടകം ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക് ചെയ്യപ്പെടും. ഒന്നര മണിക്കൂറോളം സമയമെടുത്ത് നിലയത്തിൽ നിന്ന് സുരക്ഷിത അകലത്തിൽ എത്തിയ ശേഷമാകും ഭൂമിയെ ലക്ഷ്യമാക്കി അതിവേഗ യാത്ര തുടങ്ങുക.
22 മണിക്കൂർ ദൈർഘ്യമുള്ള യാത്രക്കൊടുവിൽ കാലിഫോർണിയക്കടുത്ത് പസഫിക് സമുദ്രത്തിൽ ഡ്രാഗൺ പേടകം സ്പ്ലാഷ് ഡൗൺ ചെയ്യും. കപ്പലിൽ എത്തി വിദഗ്ധർ പേടകത്തെയും യാത്രികരെയും കരയിലേക്ക് മാറ്റും. നാസയുടെ മുതിർന്ന ആസ്ട്രോനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് ആക്ലിയം 4ലെ മറ്റ് അംഗങ്ങൾ. ബഹിരാകാശത്തേക്ക് യാത്ര ചെയ്യുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും ഐഎസ്എസ് സന്ദർശിക്കുന്ന ആദ്യ ഇന്ത്യക്കാരനുമാണ് 39-കാരനായ ശുഭാംശു ശുക്ല.
The post ആക്‌സിയം 4 ദൗത്യം; ശുഭാംശു ശുക്ലയും സംഘവും ഇന്ന് ബഹിരാകാശ നിലയത്തിൽ നിന്ന് മടങ്ങും appeared first on Express Kerala.