
ന്യൂഡൽഹി: ഗുജറാത്തിലെ അഹമ്മദാബാദിലുണ്ടായ വിമാന അപകടത്തിന് ശേഷം നിർത്തിവച്ച എയർ ഇന്ത്യ സർവീസുകൾ ഭാഗികമായി പുനഃസ്ഥാപിക്കും. ആഗസ്റ്റ് ഒന്ന് മുതൽ പല അന്താരാഷ്ട്ര സർവീസുകളും പുനഃരാരംഭിക്കും എന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. ഒക്ടോബർ 1 മുതൽ സർവീസ് പൂർണമായും പുനഃസ്ഥാപിക്കുമെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ അറിയിച്ചു. ജൂണ്‍ 12ന് അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറയുന്നയർന്നതിന് പിന്നാലെ എഐ 171 വിമാനം തകർന്നതോടെയാണ് എയർ ഇന്ത്യ പല സർവീസുകളും നിർത്തി വെച്ചത്. അപകടത്തിൽ ജീവനക്കാരടക്കം 240 ലധികം പേർക്ക് ജീവൻ നഷ്ടമായി. ബോയിംഗ് 787 ഡ്രീംലൈനർ വിമാനം വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോസ്റ്റലിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ബോയിംഗ് 787 വിമാനങ്ങളിൽ അധിക മുൻകരുതൽ പരിശോധനകൾ നടത്തുന്നതിന് വേണ്ടിയാണ് താൽക്കാലിക സർവീസ് നിർത്തിവെയ്ക്കൽ നടത്തിയത് എന്ന് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാന കമ്പനി പ്രസ്താവനയിൽ വ്യക്തമാക്കി. നേരത്തെ മിഡിൽ ഈസ്റ്റ് വ്യോമാതിർത്തി അടച്ചത് മൂലമുണ്ടായ യാത്രാദൂര വർദ്ധനവും എയർ ഇന്ത്യ കാരണമായി ചൂണ്ടിക്കാട്ടി. ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 30 വരെ അഹമ്മദാബാദിൽ നിന്ന് ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തിലേക്ക് എയർ ഇന്ത്യ ആഴ്ചയിൽ മൂന്ന് സർവീസുകൾ നടത്തുമെന്നാണ് വിവരം. നേരത്തെ അഹമ്മദാബാദിൽ നിന്നും ലണ്ടനിലെ ഗാറ്റ്വിക്ക് വിമാനത്താവളത്തിലേക്ക് അഞ്ച് സർവീസുകൾ നടത്തിയിരുന്നു.
Also Read: ഡൽഹിയിൽ സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി
ഡൽഹി – ഹീത്രോ റൂട്ടിൽ വെട്ടിച്ചുരുക്കിയ 24 പ്രതിവാര സർവീസുകൾ ജൂലൈ 16 മുതൽ പുനസ്ഥാപിച്ചിട്ടുണ്ട്. ആഗസ്റ്റ് 1 മുതൽ എയർ ഇന്ത്യ ഡൽഹിയിൽ നിന്ന് സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് നേരത്തെ നടത്തിയിരുന്ന നാല് പ്രതിവാര സർവീസുകൾക്ക് പകരം അഞ്ച് സർവീസുകൾ നടത്തും. വാഷിംഗ്ടൺ, ചിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ന്യൂയോർക്ക്, ടൊറന്റോ, വാൻകൂവർ എന്നിവയുൾപ്പെടെ നിരവധി വടക്കേ അമേരിക്കൻ നഗരങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങളുടെ എണ്ണം ഇപ്പോഴും കുറവാണ്. ഓസ്‌ട്രേലിയൻ നഗരങ്ങളായ മെൽബൺ, സിഡ്നി എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ വിമാനങ്ങൾ ആഴ്ചയിൽ ഏഴിൽ നിന്ന് അഞ്ച് സർവീസുകളായി കുറയും.
The post ആഗസ്റ്റ് ഒന്ന് മുതൽ അന്താരാഷ്ട്ര സർവീസുകൾ പുനഃരാരംഭിക്കാനൊരുങ്ങി എയർ ഇന്ത്യ appeared first on Express Kerala.









