ഇന്ത്യൻ സ്വാതന്ത്ര്യസമര സേനാനി മഹാത്മാഗാന്ധിയുടെ അപൂർവ എണ്ണച്ചായ ചിത്രം ലണ്ടനിൽ നടന്ന ലേലത്തിൽ 1.7 കോടി രൂപയ്ക്ക് വിറ്റു. ലേല സ്ഥാപനമായ ബോൺഹാംസ് ഈ ചിത്രത്തിന് ലഭിക്കുമെന്ന് കണക്കാക്കിയ വിലയേക്കാൾ വളരെ കൂടുതലാണ് ഈ തുക. 1931 ൽ ഗാന്ധി ലണ്ടൻ സന്ദർശിച്ചപ്പോൾ ബ്രിട്ടീഷ് കലാകാരിയായ ക്ലെയർ ലൈറ്റൺ ആണ് ഈ ചിത്രം വരച്ചത്. ഗാന്ധിജി ഇരിക്കുന്ന രീതിയിലുള്ള ഒരേയൊരു എണ്ണച്ചായ ചിത്രമാണിതെന്ന് കരുതുന്നതായും ബോൺഹാംസ് പറഞ്ഞു.
ഇന്ത്യയുടെ ഭരണഘടനാ പരിഷ്കാരങ്ങൾ ചർച്ച ചെയ്യുന്നതിനും സ്വയംഭരണത്തിനായുള്ള ആവശ്യങ്ങൾ പരിഹരിക്കുന്നതിനുമായി നടന്ന രണ്ടാം വട്ടമേശ സമ്മേളനത്തിനായി 1931 ൽ ഗാന്ധിജി ലണ്ടനിൽ പോയപ്പോഴായിരുന്നു ഈ ചിത്രം വരച്ചത്. അതേസമയം ആരാണ് പെയിന്റിംഗ് വാങ്ങിയതെന്ന് ബോൺഹാംസ് പറഞ്ഞിട്ടില്ല, പെയിന്റിംഗ് പ്രദർശനത്തിന് വയ്ക്കുമോ എന്നതും വ്യക്തമല്ല. അതേസമയം 1974-ൽ, പെയിന്റിംഗ് പൊതുപ്രദർശനത്തിന് വച്ചപ്പോൾ, ഈ ഛായാചിത്രം കത്തികൊണ്ട് ആക്രമിക്കപ്പെട്ടു എന്നും റിപ്പോർട്ടുകൾ ഉണ്ട്. ചിത്രക്കാരന്റെ കുടുംബം പറയുന്നതനുസരിച്ച്, ഒരു തീവ്രവാദി കലാസൃഷ്ടിക്ക് കേടുപാടുകൾ വരുത്താൻ കത്തി ഉപയോഗിച്ചിരുന്നു. ചിത്രത്തിൽ പലയിടത്തും അറ്റകുറ്റപ്പണികളുടെ ലക്ഷണങ്ങൾ കാണാം.
The post മഹാത്മാഗാന്ധിയുടെ അപൂർവ എണ്ണച്ചായം ലണ്ടനിൽ 1.7 കോടി രൂപയ്ക്ക് വിറ്റു appeared first on Express Kerala.