ഭാവിയെക്കുറിച്ച് ആലോചിക്കാതെ ഓരോന്ന് ചെയ്യുക, കിട്ടുന്നതൊക്കെ കൈ നീട്ടി വാങ്ങുക. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ രീതി ഇതൊക്കെയാണ്. ഇപ്പോഴിതാ താരീഫ് എന്ന പേരിൽ കടുത്ത വ്യവസ്ഥകൾ രാജ്യങ്ങൾക്ക് നേരെ ചുമത്തുന്ന ട്രംപിന്റെ നടപടി 2008 നേക്കാൾ വലിയ സാമ്പത്തിക പ്രതിസന്ധിക്ക് വഴി തെളിക്കുമെന്നു പ്രവചിച്ചിരിക്കുകയാണ് അമേരിക്കൻ സെനറ്റർ കൂടിയായ സാമ്പത്തിക വിദഗ്ധ എലിസബത്ത് വാറൻ.
2008 ൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് അമേരിക്ക നേരിട്ടത്. ലോകം കണ്ട ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലൂടെ കടന്നുപോവുകയായിരുന്നു അമേരിക്ക അന്ന്. അമേരിക്കയുടെ അന്നത്തെ സ്ഥിതി വ്യക്തമായി പ്രവചിച്ച ഹാർവാർഡ് പ്രൊഫെസ്സർ എലിസബത്ത് വാറൻ തന്നെയാണ് ഇന്ന് ട്രംപിന്റെ നയങ്ങൾ 2008 ൽ കണ്ടതിനേക്കാൾ വലിയ പ്രതിസന്ധിയിലേക്ക് നയിക്കും എന്ന് പ്രവചിച്ചിരിക്കുന്നത്.

റഷ്യയെ പ്രകോപിപ്പിച്ച് പണി വാങ്ങാൻ നടക്കുന്നതിനിയയിൽ ട്രംപ് ഇതൊന്നും അറിയുന്നില്ലെന്നു തോന്നുന്നു. എന്തുകൊണ്ടാണ് അമേരിക്ക വീണ്ടും സാമ്പത്തിക മാന്ദ്യത്തിലേക്ക് പോകുന്നത് എന്ന് കാര്യകാരണ സഹിതം വിശദീകരിക്കുന്നുണ്ട് വാറൻ. അടുത്ത സാമ്പത്തിക തകർച്ച ഉടനെ ഉണ്ടാവുമെന്നല്ല, പക്ഷെ ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുൾ ബിൽ പോലുള്ള രാഷ്ട്രീയ അജണ്ടകൾ അമേരിക്കയുടെ സംമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. താരിഫുകൾ ഉപഭോക്താക്കൾക്ക് മേൽ കടുത്ത സമ്മർദ്ദം ചെലുത്തുമ്പോൾ, ബിസിനസുകൾ പുതിയ നിക്ഷേപങ്ങൾ നിർത്തിവെക്കുകയും, വായ്പ ലഭ്യത കടുപ്പിക്കുകയും ചെയ്യുന്നുണ്ട്. പ്രതിസന്ധിയോടൊപ്പം, നിയമങ്ങളും നടപടികളും ലഘൂകരിക്കുന്നതിന്റെ ഭാഗമായി വർധിച്ചുവരുന്ന ഉപഭോക്തൃ കടം കുതിച്ചുയരുന്ന സ്ഥിതിയാണുള്ളത്. ട്രംപിന്റെ പുതിയ ബിൽ മൂലം വഷളായിക്കൊണ്ടിരിക്കുന്ന അമേരിക്കൻ കടം സാമ്പത്തിക സ്ഥിരതയെ തന്നെ ചോദ്യം ചെയ്യാൻ പോന്നതാണ്.
ട്രംപിന്റെ നിരന്തരമായ സാമ്പത്തിക നയങ്ങൾ ആറ് മാസത്തിലേറെയായി വിപണികളെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. വരാൻ പോകുന്ന ദുരന്തങ്ങളെക്കുറിച്ചുള്ള മുന്നറിയിപ്പുകൾ ഇതാദ്യമായല്ല ഉയരുന്നത്. ട്രംപിന്റെ അടുത്തിടെ പാസായ ബിൽ അമേരിക്കയുടെ നിലവിലുള്ള സമ്പദ് വ്യവസ്ഥയുടെ പശ്ചാത്തലത്തിൽ അടിസ്ഥാനരഹിതമാണ്. ഉപഭോക്തൃ ധനകാര്യ സംരക്ഷണ ബ്യൂറോ പോലുള്ള ഏജൻസികളുടെ അധികാരങ്ങൾ വെട്ടിക്കുറക്കുന്നത്, അപകടകരമാണ്. സാമ്പത്തിക സുരക്ഷാ സംവിധാനങ്ങൾ പൊളിച്ചുമാറ്റുന്നത്, 2008 ൽ സംഭവിച്ച തകർച്ചയിലേക്ക് നയിച്ച കാര്യങ്ങളുടെ തുടർച്ചയാണെന്നാണ് വാറൻ പറയുന്നത്.

ട്രംപിന്റെ താരിഫ് യുദ്ധം, പ്രത്യേകിച്ച് ചൈനയുമായുള്ളത്, ഇതിനകം തന്നെ അമേരിക്കൻ നിർമ്മാതാക്കളെയും ഉപഭോക്താക്കളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. ഇത് ഏറ്റവും ഭീമയായ പണപ്പെരുപ്പ സാധ്യതയുടെ സൂചകങ്ങളാണെന്നാണ് വാറൻ സൂചിപ്പിക്കുന്നത്. ഈ അസ്ഥിരമായ വ്യാപാര നയം അന്താരാഷ്ട്ര സഖ്യകക്ഷികളെ അകറ്റുക മാത്രമല്ല, വിപണികളിൽ അനിശ്ചിതത്വം സൃഷ്ടിക്കുകയും ദീർഘകാല ബിസിനസ്സ് നിക്ഷേപത്തെ നിരുത്സാഹപ്പെടുത്തുകയും ചെയ്യും. സാമ്പത്തിക വളർച്ച കൂടുതൽ മന്ദഗതിയിലേക്ക് നീങ്ങാനും, സാമ്പത്തിക മാന്ദ്യത്തിനുള്ള സാധ്യതകൾ വർധിപ്പിക്കാനും കഴിയുന്ന രണ്ട് നിർണായക ഘടകങ്ങളാണ് ഇവ.
സമ്പന്നർക്ക് അനുകൂലമായ, എന്നാൽ സാധാരണക്കാരുടെ നട്ടെല്ലൊടിക്കുന്ന ട്രംപിന്റെ വ്യാപകമായ നികുതി ഇളവുകൾ ദേശീയ കടം കുതിച്ചുയരുന്നതിലേക്കാണ് നയിക്കുന്നത്. തികച്ചും ഉത്തരവാദിത്തമില്ലാത്ത ഈ സാമ്പത്തിക നയം, ദീർഘകാല സാമ്പത്തിക സ്ഥിരതയെ അപകടത്തിലാക്കിയിട്ടുണ്ടെന്നാണ് വാറൻ ഉയർത്തുന്ന വാദം. ഇതിന്റെ ഫലമായി പൊതു നിക്ഷേപമുണ്ടാകുന്നില്ല, അതേസമയം പൊതു കടം അതിന്റെ മൂർദ്ധന്യത്തിലേക്കെത്തുന്നു. കോർപ്പറേറ്റ് ലാഭം കുതിച്ചുയരുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾ, വിദ്യാഭ്യാസം, ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം എന്നിവയ്ക്ക് ഫണ്ടില്ല. അമേരിക്കയുടെ സമ്പദ് വ്യവസ്ഥയുടെ അടിത്തറക്ക് അത്ര ബലം പോരെന്നാണ് വാറൻ ഇതിലൂടെ പറഞ്ഞുവെക്കുന്നത്.
Also Read: ഇസ്രയേൽ അമേരിക്കയുടെ “കയർ കെട്ടിയ നായ”, ഇനി ഉണ്ടാകുന്നത് വലിയ പ്രഹരങ്ങൾ” മുന്നറിയിപ്പുമായി ഖമേനി
അതിസമ്പന്നരുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു സർക്കാരാണ് ഇപ്പോൾ നിലവിലുള്ളത്. മധ്യ വർഗ്ഗക്കാരായ, കുറഞ്ഞ വരുമാനമുള്ള ജനങ്ങളുടെ അവസ്ഥ പരിശോധിച്ചാൽ, ഉപഭോക്തൃ കടം താങ്ങാനാവാത്ത നിലയിലേക്ക് ഉയർന്നിട്ടുണ്ടെന്ന് വാറൻ മുന്നറിയിപ്പ് നൽകുന്നു. വേതന സ്തംഭനവും, ചിലവുകളും വർധിച്ചുവരുന്നതിനാൽ ഇവർ കടുത്ത ബുദ്ധിമുട്ടിലാണ്. തൊഴിലാളി കുടുംബങ്ങൾ കടക്കെണിയിലേക്ക് കൂപ്പുകുത്തുന്ന ദാരുണമായ അവസ്ഥയിലേക്ക് ഇത് നയിക്കും. 2008 ൽ കണ്ട വ്യക്തിഗത സാമ്പത്തിക തകർച്ചയെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. പ്രത്യക്ഷത്തിൽ ശക്തമായ ഓഹരി വിപണിയും ജിഡിപി വളർച്ചാ കണക്കുകളും ഉണ്ടായിട്ടുപോലും അടിസ്ഥാന സമ്പദ് വ്യവസ്ഥ പൊള്ളയായി തുടരുകയാണ്. വാഗാദാനങ്ങൾ ധാരാളം നൽകുന്നതല്ലാതെ അതൊന്നും യാഥാർഥ്യമാകുന്നില്ല, അതൊരിക്കലും തൊഴിലാളി കുടുംബങ്ങളുടെ രക്ഷക്കെത്തില്ല.
അമേരിക്കക്ക് ആവിശ്യം ഒരു പുരോഗമന സാമ്പത്തിക ബദലാണെന്നാണ് വാറൻ പറയുന്നത്. ആരോഗ്യ സംരക്ഷണം, ഭവന നിർമ്മാണം, വിദ്യാഭ്യാസം എന്നിങ്ങനെ അടിസ്ഥാന സൗകര്യ വികസനങ്ങളിലേക്കുള്ള നേരിട്ടുള്ള നിക്ഷേപങ്ങളാണ് ആവിശ്യം. അമേരിക്കൻ ജനതയ്ക്ക് ആവശ്യമുള്ള യഥാർത്ഥ സാമ്പത്തിക മുൻഗണന ഇതൊക്കെയാണ്. സി എൻ എന്നുമായി നടത്തിയ അഭിമുഖത്തിലാണ് അമേരിക്കൻ സെനറ്റ് അംഗം കൂടിയായ വാറൻ ഈ മുന്നറിയിപ്പ് നൽകിയത്.
അമേരിക്ക സാമ്പത്തിക അനിശ്ചിതത്വം നേരിടുമ്പോൾ ട്രംപിന്റെ രണ്ടാം ടേം അജണ്ടയെക്കുറിച്ചുള്ള വാറന്റെ വിമർശനം മുഖവിലക്കെടുക്കേണ്ടതാണ്. ട്രംപിന്റെ ഉപദേഷ്ടാക്കൾ തള്ളിക്കളയുമ്പോഴും വാറൻ അവരുടെ ന്യായങ്ങളിൽ ഉറച്ച് നിൽക്കുന്നുണ്ട്. തിരുത്താതെ മുന്നോട്ട് പോയാൽ അമേരിക്ക കനത്ത തിരിച്ചടികൾ നേരിടേണ്ടിവരും. ഇല്ലെങ്കിൽ അമേരിക്കയുടെ സാമ്പത്തിക ചരിത്രത്തിലെ ഏറ്റവും ഇരുണ്ട അധ്യായങ്ങൾ വീണ്ടും ആവർത്തിക്കാമെന്നാണ് വാറൻ തെളിവുകളുടെ അടിസ്ഥാനത്തിൽ വാദിക്കുന്നത്. വാറനെ സംബന്ധിച്ചിടത്തോളം 2008 ലെ പാഠങ്ങൾ വ്യക്തമാണ്. ട്രംപ് അത് അവഗണിച്ചാൽ തകർച്ച അനിവാര്യമായേക്കും.
വീഡിയോ കാണാം….
The post 2008 ആവർത്തിക്കും? അമേരിക്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് appeared first on Express Kerala.