ന്യൂദല്‍ഹി: ചെസ്സില്‍ തമിഴ്നാട്ടില്‍ നിന്നും ഒരു കൂട്ടം കൗമാരപ്രതിഭകള്‍ ഉയര്‍ന്ന് വന്നതിന് പിന്നില്‍ കഷ്ടപ്പാടിന്റെ കഥകളുണ്ട്. തമിഴ്നാട്ടിലെ വേലമ്മാള്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിശ്വനാഥന്‍ ആനന്ദും ചെസ്സും ഹരമായി. അവര്‍ ചെസ്സിലേക്ക് ധീരതയോടെ ചുവടുവെച്ചു. ഒരു പക്ഷേ സ്കൂള്‍ സിലബസിനേക്കാള്‍ അവര്‍ ചെസ് പഠിച്ചു. കളിച്ചു. പതിയെ പതിയെ അവര്‍ ചെസ്സിലെ ലോകപഥങ്ങള്‍ കീഴടക്കി. അതില്‍ ഒരു കുട്ടി ചെസ്സിലെ ലോക ചാമ്പ്യനായി- അതാണ് ഗുകേഷ്. പിന്നീട് മറ്റൊരാള്‍ ഇന്ന് ടാറ്റാ സ്റ്റീല്‍ചെസ്സിലും ഉസ്ബെക്കിസ്ഥാനിലെ ഊസ് ചെസ്സിലും ചാമ്പ്യനായി, തുടര്‍ച്ചയായി ലോക ചാമ്പ്യന്‍ മാഗ്നസ് കാള്‍സനെ തോല്‍പിക്കുന്നതിലൂടെ ലോകവാര്‍ത്തയില്‍ ഇടം നേടിയ പ്രജ്ഞാനന്ദയാണ്.
ഇന്നിതാ പ്രജ്ഞാനന്ദ ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീ സ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെ 39 കരുനീക്കങ്ങളില്‍ തോല്‍പിച്ച് വാര്‍ത്തയില്‍ വീണ്ടും ഇടംപിടിച്ചു. ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നും ഇതോടെ മാഗ്നസ് കാള്‍സന്‍ കിരീട സാധ്യത കൂടിയില്ലാതെ പുറത്തായിരിക്കുകയാണ്.
കളിയുടെ ആദ്യകാലങ്ങളില്‍ പ്രജ്ഞാനന്ദയ്‌ക്കും ഗുകേഷിനും ഇന്ത്യയ്‌ക്ക് പുറത്തുള്ള മത്സരങ്ങള്‍ക്ക് പോകാന്‍ പണമില്ലായിരുന്നു. അന്ന് ഇരുവര്‍ക്കും സ്പോണ്‍സര്‍മാരും ഇല്ലായിരുന്നു. ഏറെ കഷ്ടപ്പെട്ടാനാണ് ഒരു ബാങ്കുദ്യോഗസ്ഥനായ പ്രജ്ഞാനന്ദയുടെ അച്ഛന്‍ പ്രജ്ഞാനന്ദയെ കളിക്കാന്‍ വിട്ടിരുന്നത്. ഇവരിരെ കരുനീക്കങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടാന്‍ പിന്നില്‍ നിന്ന വിശ്വനാഥന്‍ ആനന്ദ് ഇവരുടെ കഷ്ടപ്പാടുകള്‍ കണ്ടപ്പോള്‍ ഇവര‍്ക്ക് സ്പോണ്‍സറെ വേണമെന്ന് തീരുമാനിച്ചു. അങ്ങിനെ ആദ്യനാളുകളില്‍ ഒരു ചെറിയ സഹായം എന്ന നിലയില്‍ വിശ്വനാഥന്‍ ആനന്ദിന്റെ തന്നെ വെസ്റ്റ് ബ്രിഡ്ജ് ആനന്ദ് ചെസ് അക്കാദമി (ഡബ്ള്യും എ സിഎ) പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായി. വലിയ തുകകള്‍ അല്ലെങ്കിലും ചെറിയ ചെറിയ തുകകള്‍ നല്‍കി സഹായിച്ചു. വിദേശ ടൂര്‍ണ്ണമെന്‍റുകളില്‍ കിരീടം നേടുമ്പോള്‍ കിട്ടുന്ന പ്രൈസ് മണിയും ചെലവുകള്‍ക്ക് ഒരു പരിധി വരെ സഹായകരമായി. ആഡംബരമില്ലാത്ത, ചെറിയ ചെറിയ ഹോട്ടലുകളില്‍ മുറികളെടുത്ത് തങ്ങി. സ്വയം .പാചകം ചെയ്ത് ഭക്ഷിച്ചു. പിന്നീട് തമിഴ്നാട്ടിലെ സിമന്‍റ് ഗ്രൂപ്പായ രാംകോ പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായതോടെ കാര്യങ്ങള്‍ കുറെക്കൂടി സുഗമമായി.
ഇങ്ങിനെയെല്ലാം നാളുകള്‍ തള്ളിനീക്കുന്നതിനിടയിലാണ് പ്രജ്ഞാനന്ദ മാഗ്നസ് കാള്‍സനെ തോല്പിച്ച് ആദ്യമായി ലോകവാര്‍ത്താമാധ്യമങ്ങളില്‍ ഇടം നേടിയത്. 2023ലെ ഫിഡെ ലോകചെസ് ടൂര്‍ണ്ണമെന്‍റില്‍ മാഗ്നസ് കാള്‍സനും പ്രജ്ഞാനന്ദയും തമ്മിലുള്ള ഫൈനല്‍ വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു. വന്‍പോരാട്ടത്തിനൊടുവില്‍ പ്രജ്ഞാനന്ദയ്‌ക്ക് വെള്ളിമെഡല്‍ കൊണ്ട് തൃപ്തനാകേണ്ടിവന്നു. പക്ഷെ പിറ്റേന്ന് വലിയൊരു വാര്‍ത്ത പുറത്തുവന്നതോടെ പ്രജ്ഞാനന്ദ ഞെട്ടി. ഇന്ത്യയുടെ ഏറ്റവും വലിയ ബിസിനസ് ഗ്രൂപ്പുകളില്‍ ഒന്നായ അദാനി ഗ്രൂപ്പ് പ്രജ്ഞാനന്ദയുടെ സ്പോണ്‍സറായി രംഗത്തെത്തിയിരിക്കുന്നു.
പ്രജ്ഞാനന്ദയുടെ യാത്ര, ഹോട്ടല്‍ ചെലവ്, കോച്ചിംഗിനുള്ള ചെലവ് എന്നിവയെല്ലാം അദാനി വഹിക്കും. കായികരംഗത്ത് ഇന്ത്യയുടെ കീര്‍ത്തി കൊണ്ടുവരുന്ന താരങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയുടെ ഭാഗമാണ് ഈ സ്പോണ്‍സര്‍ഷിപ്പ് എന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു. അദാനി തന്നെ ട്വിറ്ററില്‍ (എക്സില്‍) പ്രജ്ഞാനന്ദയെ സ്പോണ്‍സര്‍ ചെയ്യുന്ന വാര്‍ത്ത പുറത്തുവിട്ടു. അന്ന് വെറും ലോക 13ാം നമ്പര്‍ താരം മാത്രമായിരുന്നു പ്രജ്ഞാനന്ദ. പക്ഷെ പിന്നീടങ്ങോട്ട് ഓരോ ദിവസവും പ്രജ്ഞാനന്ദ തന്റെ കളി മൂര്‍ച്ചപ്പെടുത്തിക്കൊണ്ടിരുന്നു. 2025 പ്രജ്ഞാനന്ദയുടെ വര്‍ഷമാണ്. ടാറ്റാ സ്റ്റീല്‍ ചെസ്, ഊസ് ചെസ്- പ്രജ്ഞാനന്ദയുടെ കിരീടനേട്ടങ്ങള്‍ തുടരുകയാണ്. ഇപ്പോള്‍ പ്രജ്ഞാനന്ദ ലോകത്തിലെ നാലാം നമ്പര്‍ താരമാണ്. ഇന്നിപ്പോള്‍ ലാസ് വെഗാസില്‍ നടക്കുന്ന ഫ്രീസ്റ്റൈല്‍ ചെസ്സില്‍ മാഗ്നസ് കാള്‍സനെ വീഴ്‌ത്തി പ്രജ്ഞാനന്ദ ക്വാര്‍ട്ടറിലേക്ക് കടന്നിരിക്കുന്നു. മാഗ്നസ് കാള്‍സന്‍ ഈ ടൂര്‍ണ്ണമെന്‍റില്‍ നിന്നു തന്നെ പുറത്തായിരിക്കുന്നു. സ്പോണ്‍സര്‍ഷിപ്പിന്റെ ഭാഗമായി പ്രജ്ഞാനന്ദ ധരിയ്‌ക്കുന്ന കോട്ടില്‍ അദാനി മുദ്രയുണ്ട്. അതെ, നെറ്റിയില്‍ വിഭൂതിയണിഞ്ഞ പ്രജ്ഞാനന്ദയുടെ കൈകളില്‍ അദാനിയുടെ സ്പോണ്‍സര്‍ഷിപ്പ് ഭദ്രമാണ്. അദാനിയുടെ ഈ മുദ്ര ലോകത്തോളം പ്രജ്ഞാനന്ദ ഉയര്‍ത്തുമെന്നതും ഉറപ്പാണ്. അല്ലെങ്കിലും ദൈവാനുഗ്രഹത്താല്‍ അദാനിയെടുക്കുന്ന തീരുമാനങ്ങള്‍ തെറ്റാറില്ലല്ലോ.