ലണ്ടന്‍: രണ്ടര മാസത്തെ ഇടവേളയ്‌ക്കു ശേഷം യൂറോപ്പിലെ ക്ലബ് ഫുട്‌ബോള്‍ സീസണ് ഈ മാസം തുടക്കം. യൂറോപ്പിലെ പുല്‍മൈതാനങ്ങളെ തീ പിടിപ്പിക്കാന്‍ ടീമുകള്‍ തയാറായിക്കഴിഞ്ഞു.
യൂറോപ്പിലെ ബിഗ് ഫൈവ് എന്നറിയപ്പെടുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലാ ലിഗ, ഇറ്റാലിയന്‍ സീരീ എ, ഫ്രഞ്ച് ലീഗ് വണ്‍, ബുണ്ടസ് ലീഗ എന്നീ ലീഗുകള്‍ ആഗസ്ത് മധ്യത്തോടെ തുടങ്ങും. സ്പാനിഷ് ലാ ലിഗയും ലീഗ് ഒന്നും ആഗസ്ത് 15ന് ആരംഭിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഈ മാസം 16ന് കിക്കോഫാകും. ഇറ്റാലിയന്‍ സീരീ എ ആഗസ്ത് 23നും ബുണ്ടസ് ലീഗ 22നും ആരംഭിക്കും. ഈ മാസത്തോടെ ഫുട്‌ബോള്‍ മൈതാനം ഉണരുമ്പോള്‍ താരങ്ങളുടെ കൊടുക്കല്‍ വാങ്ങലുകളും കൈമാറ്റങ്ങളും തകൃതിയായി നടക്കുകയാണ്. ജൂണ്‍ 10ന് തുറന്ന ട്രാന്‍സ്ഫര്‍ വിന്‍ഡോകള്‍ സെപ്റ്റംബര്‍ രണ്ടിന് അവസാനിക്കും. ഫ്രാന്‍സ് വിന്‍ഡോ ഓഗസ്റ്റ് 30നും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, ഇറ്റാലിയന്‍, ബുണ്ടസ് ലീഗ വിന്‍ഡോകള്‍ സെപ്റ്റംബര്‍ ഒന്നിനും അടയ്‌ക്കും. ഇതുവരെ നടന്ന ട്രാന്‍സ്ഫറുകളില്‍ ലിവര്‍പൂളാണ് ഒരു താരത്തിനായി കൂടുതല്‍ പണം മുടക്കിയത്. സ്വീഡന്റെ മിന്നും യുവതാരം അലക്‌സാണ്ടര്‍ ഇസക്കിനെ സ്വന്തമാക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ട ലിവര്‍പൂള്‍ ഫ്രഞ്ച് താരം ഹ്യൂഗോ എകിറ്റിക്കെയെ സ്വന്തമാക്കി മികവ് കാട്ടി. ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടിനൊപ്പം 18 മാസം ബുണ്ടസ് ലീഗയില്‍ കളിച്ച ഫ്രഞ്ച് താരം 19 ഗോളുകളും 10 അസിസ്റ്റുകളും നേടി മികവ് തെളിയിച്ച ശേഷമാണ് ലിവര്‍പൂളിലെത്തുന്നത്. 69 ദശലക്ഷം പൗണ്ടിനാണ് എക്കിറ്റികെയെ ഫ്രാങ്ക്ഫര്‍ട്ടില്‍നിന്ന് ലിവര്‍പൂള്‍ സ്വന്തമാക്കുന്നത്.
പ്രീമിയര്‍ ലീഗില്‍ എന്താകും പ്രതീക്ഷ ?
കഴിഞ്ഞ സീസണിലെ പോലെ തന്നെ, ഈ സീസണും അത്ഭുതങ്ങള്‍ നിറഞ്ഞതായിരിക്കും. ലിവര്‍പൂള്‍ മികച്ച ഫോം നിലനിര്‍ത്തുമോ അതോ ആഴ്‌സണല്‍ ഒടുവില്‍ കിരീടം നേടുമോ? മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും ആദ്യ അഞ്ച് സ്ഥാനങ്ങള്‍ ലക്ഷ്യമിടുന്നു, അതേസമയം മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, ടോട്ടനം ഹോട്‌സ്പര്‍, വെസ്റ്റ് ഹാം എന്നിവ ഫോം വീണ്ടെടുക്കാന്‍ കഠിനമായി പരിശ്രമിക്കേണ്ടതുണ്ട്.
കഴിഞ്ഞ സീസണിലെ അത്ഭുത പാക്കേജുകളായ നോട്ടിങ്ങാം ഫോറസ്റ്റും ന്യൂകാസിലും വീണ്ടും കറുത്ത കുതിരകളാകാം. അതേസമയം, പുതുതായി സ്ഥാനക്കയറ്റം ലഭിച്ച ലീഡ്‌സ് യുണൈറ്റഡും ബേണ്‍ലി എഫ്സിയും പ്രീമിയര്‍ ലീഗില്‍ തിളങ്ങാന്‍ ഉത്സുകരാണ്.
ലാ ലിഗ
എല്ലായ്‌പ്പോഴും എന്നപോലെ, റയല്‍ മാഡ്രിഡും ബാഴ്സലോണയും തന്നെയാണ് ഇത്തവണയും ഫേവറിറ്റുകള്‍. പക്ഷേ അത്ലറ്റിക്കോ മാഡ്രിഡും ഇത്തവണ രണ്ടും കല്‍പ്പിച്ചാണ്. മികച്ച ടീമിനെ അവര്‍ വാര്‍ത്തെടുത്തിട്ടുണ്ട്. അത്ലറ്റിക് ബില്‍ബാവോ, വിയ്യാറയല്‍, റയല്‍ ബെറ്റിസ് എന്നിവര്‍ ടീമിനെ ഒത്തണക്കത്തോടെ കൡപ്പിക്കാന്‍ തീവ്രശ്രമത്തിലാണ്. ലാ ലിഗയിലേക്കുള്ള തിരിച്ചുവരവില്‍ തങ്ങളുടെ പഴയ മിഡ്-ടേബിള്‍ സ്ഥാനം ഉറപ്പാക്കാന്‍ പ്രമോട്ടുചെയ്ത ടീമായ ലെവന്റെ ശ്രമിക്കും.
സീരീ എ
കഴിഞ്ഞ സീസണിലെ വാശിയേറിയ കിരീട പോരാട്ടത്തിലെ ഫേവറിറ്റുകളായ ഇന്റര്‍മിലാനും നാപ്പോളിയും ഇത്തവണയും ഫേവറിറ്റുകളാണ്. എന്നാല്‍ തുല്യ ശക്തികളായ നിരവധി ക്ലബ്ബുകള്‍ സീരീ എയിലുണ്ട്. യുവന്റസ്, റോമ, അറ്റലാന്റ, ലാസിയോ, ബൊളോഗ്ന എന്നിവയെല്ലാം ആദ്യ നാല് സ്ഥാനങ്ങളില്‍ എത്താന്‍ ആഗ്രഹിക്കുന്നു, അതുവഴി അവര്‍ക്ക് ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ അവസരവും ലഭിക്കും.
നിരാശാജനകമായ ഒരു വര്‍ഷത്തിന് ശേഷം എസി മിലാന്‍ വീണ്ടും ഒന്നാം സ്ഥാനത്തേക്ക് തിരിച്ചെത്താനുള്ള ശ്രമം നടത്തും. ഒരു വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം സസ്സുവോളയും ലീഗില്‍ തിരിച്ചെത്തിയിട്ടുണ്ട്.
ബുണ്ടസ് ലിഗ
ബയേണ്‍ മ്യൂണിക്ക് തന്നെയാണ് ഇത്തവണയും കിരീട നേട്ടത്തിനു സാധ്യത കല്പ്പിക്കപ്പെടുന്ന ടീം. പക്ഷേ ബയേര്‍ ലെവര്‍കുസെന്‍ വീണ്ടും വെല്ലുവിളിയാകുമെന്നുറപ്പ്. ഡോര്‍ട്ട്മുണ്ടിനൊപ്പം ആദ്യ നാലില്‍ സ്ഥാനം നിലനിര്‍ത്താന്‍ ആര്‍ബി ലീപ്‌സിഗും ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ടും ശ്രമിക്കേണ്ടതുണ്ട്. നിരാശാജനകമായ സീസണിന് ശേഷം, ഡോര്‍ട്ട്മുണ്ട് പ്രതികാരം ചെയ്യാന്‍ ഇറങ്ങുകയാണ്. മികച്ച താരങ്ങളെ അവര്‍ സ്വന്തമാക്കിയിട്ടുണ്ട്. മിന്നും പ്രകടനം ലക്ഷ്യമിടുന്ന ഫ്രീബര്‍ഗിനെയും മോണ്‍ചെന്‍ഗ്ലാഡ്ബാക്കിനെയും ശ്രദ്ധിക്കേണ്ടതുണ്ട്.
കോള്‍ണ്‍ ആണ് ഇത്തവണ പുതുതായി ഇറങ്ങുന്ന ടീം.
ലീഗ് ഒന്ന്
പാരീ സാന്‍ ഷര്‍മെയ്ന്‍ (പിഎസ്ജി) തന്നെ ഇത്തവണയും ടോപ് ഫേവറിറ്റ്. പക്ഷേ ഒളിമ്പിക് മാര്‍സെ, എഎസ് മോണക്കോ, ലിയോണ്‍ എന്നിവരെ തള്ളിക്കളയരുത്. ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം നേടാന്‍ ലില്ലെയും നീസും മത്സരിക്കും.