മലയാള സിനിമാലോകവും പ്രേക്ഷകരും തങ്ങളുടെ പ്രിയപ്പെട്ട സഹപ്രവർത്തകൻ്റെ അപ്രതീക്ഷിത വിയോഗത്തിൻ്റെ ഞെട്ടലിലാണ്. ഒരു ഇടവേളയ്ക്ക് ശേഷം സിനിമകളിൽ സജീവമായി തിരിച്ചെത്തിയിരുന്ന നടൻ കലാഭവൻ നവാസിന്റെ വിയോഗം കേരളക്കരയെ ഒന്നാകെയാണ് ഞെട്ടിച്ചിരിക്കുന്നത്. ‘പ്രകമ്പനം’ എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് തൊട്ടുപിന്നാലെയാണ് അദ്ദേഹത്തിന്റെ മരണം.
ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ കലാഭവൻ നവാസിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് കഴിഞ്ഞ 25 ദിവസമായി ഇതേ ഹോട്ടലിൽ താമസിച്ചിരുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാനായി സാധനങ്ങൾ എടുക്കാൻ മുറിയിലെത്തിയതായിരുന്നു അദ്ദേഹം.
Also Read: നടൻ കലാഭവൻ നവാസ് അന്തരിച്ചു
മറ്റ് താരങ്ങൾ മുറിയൊഴിഞ്ഞിട്ടും നവാസിനെ ഏറെ നേരം കാണാതായതിനെ തുടർന്ന് റിസപ്ഷനിൽ നിന്ന് ഫോണിൽ വിളിച്ചു. മറുപടി ലഭിക്കാതെ വന്നപ്പോൾ റൂം ബോയ് മുറിയിലെത്തി വാതിൽ തുറന്നു കിടക്കുന്നത് കണ്ടു. അകത്ത് കയറി നോക്കിയപ്പോൾ നവാസിനെ നിലത്ത് വീണു കിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് ചോറ്റാനിക്കര പോലീസ് സ്ഥലത്തെത്തി. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം നിലവിൽ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അടുത്തിടെ നടന്ന സിനിമാ സംഘടനകളുടെ ജനറൽ ബോഡി യോഗത്തിലും നവാസ് സജീവ സാന്നിധ്യമായിരുന്നു. അതുകൊണ്ടുതന്നെ, അദ്ദേഹത്തിൻ്റെ ഈ അപ്രതീക്ഷിത വിയോഗം സഹപ്രവർത്തകർക്കിടയിൽ വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്.
The post അനുകരണ കലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച താരം! വീട്ടിലേക്ക് മടങ്ങാനിരിക്കെ മരണം, ഞെട്ടലിൽ സിനിമാലോകം appeared first on Express Kerala.