മക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്റണില്‍ ഭാരത താരങ്ങളായ ലക്ഷ്യ സെനും തരുണ്‍ മണ്ണേപ്പള്ളിയും പുരുഷ സിംഗിള്‍സ് സെമിയില്‍ പ്രവേശിച്ചു. ഇന്നലെ ക്വാര്‍ട്ടറില്‍ ലക്ഷ്യ ചൈനയുടെ സു സുവാന്‍ ഷെന്നിനെ തോല്‍പ്പിച്ചു.
കോമണ്‍വെല്‍ത്ത് ഗെയിംസ് ജേതാവായ ലക്ഷ്യ സെന്‍ ഒരു മണിക്കൂര്‍ മൂന്ന് മിനിറ്റ് സമയമെടുത്താണ് ചൈനീസ് എതിരാളിയെ കീഴടക്കിയത്. സ്‌കോര്‍ 21-14, 18-21, 21-14നായിരുന്നു ലക്ഷ്യയുടെ വിജയം. ഇക്കാല്ലത്തെ ബിഡബ്ല്യുഎഫ് മത്സരങ്ങളില്‍ ലക്ഷ്യയുടെ ആദ്യ സെമിഫൈനല്‍ പ്രവേശമാണിത്. ഇന്നത്തെ സെമിയില്‍ ഇന്തോനേഷ്യയുടെ ആല്‍വി ഫര്‍ഹാന്‍ ആണ് ലക്ഷ്യയുടെ എതിരാളി.
23കാരനായ തരുണ്‍ മണ്ണേപ്പള്ളിയും ക്വാര്‍ട്ടറില്‍ തോല്‍പ്പിച്ചത് ചൈനീസ് താരത്തെയാണ്. ഹു ഷെ ആനിനോ പരാജയപ്പെടുത്തിയതിലൂടെ താരം പ്രധാന ടൂര്‍ണമെന്റില്‍ ആദ്യ സെമി പ്രവേശമാണ് സാധ്യമാക്കിയത്. ഒരു മണിക്കൂര്‍ 15 മിനിറ്റ് നീണ്ട മത്സരത്തില്‍ സ്‌കോര്‍ 21-12, 13-21, 21-18നാണ് വിജയിച്ചത്. ഇന്ന് സെമിയില്‍ മലേഷ്യയുടെ ജസ്റ്റിന്‍ ഹോഹ് ആണ് തരുണിന്റെ എതിരാളി.
പുരുഷ ഡബിള്‍സില്‍ ഭാരതത്തിന്റെ പ്രതീക്ഷാ സഖ്യം സാത്വിക് സായിരാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന്റെ കുതിപ്പ് ക്വാര്‍ട്ടറില്‍ നിലച്ചു. മലേഷ്യന്‍ സഖ്യതാരങ്ങളായ ചൂങ് ഹോന്‍ ജിയാന്‍-മുഹമ്മദ് ഹൈകാല്‍ ആണ് ഭാരത സഖ്യത്തെ തോല്‍പ്പിച്ചത്. കടുത്ത പോരാട്ടം സ്‌കോര്‍ 14-21, 21-13, 22-20ല്‍ കലാശിച്ചു.