സിംഗപ്പൂര്‍: നീന്തല്‍ക്കുളത്തില്‍ നിന്നും കൊച്ചുപ്രായത്തില്‍ മെഡല്‍ വാരി ചൈനക്കാരി യു സിഡി. സിംഗപ്പൂരില്‍ നടക്കുന്ന ലോക അക്വാറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന്റെ 4-200 മീറ്റര്‍ ഫ്രീസ്റ്റൈല്‍ റിലേയിലെ വെങ്കല നേട്ടത്തിലൂടെയാണ് യു സിഡിയുടെ ചരിത്ര നേട്ടം.
ഇതിന് മുമ്പ് ഇതുപോലൊരു അദ്ഭുതം നടന്നിട്ടുള്ളത് 1936 ഒളിംപിക്‌സിലാണ്. അന്ന് ഡെന്മാര്‍ക്കിന്റെ ഇംഗെ സോറെന്‍സെന്‍ 200 മീറ്റര്‍ ബ്രസ്റ്റ്‌സ്‌ട്രോക്കില്‍ വെങ്കലം നേടുമ്പോള്‍ 12 വയസും ഒരു മാസവും മാത്രമായിരുന്നു പ്രായം. ഇന്നലെ മെഡല്‍ നേടിയ യു സിഡിക്ക് ഓക്ടോബറില്‍ 13 വയസാകും. എങ്കിലും നീന്തലിന്റെ ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇതുവരെ ഇത്ര ചെറിയ പ്രായത്തില്‍ ആരും തന്നെ മെഡല്‍ നേടിയിട്ടില്ല. തിങ്കളാഴ്ച നടന്ന ഒരു വ്യക്തിഗത ഇനത്തിലെ ഫൈനലില്‍ 0.06 സെക്കന്‍ഡ് വ്യത്യാസത്തിലാണ് യു സിഡിക്ക് മെഡല്‍ നഷ്ടമായത്. കഴിഞ്ഞ മേയില്‍ 200 മീറ്റര്‍ വ്യക്തിഗത ഇനത്തില്‍ 12 വയസുള്ളവര്‍ക്കിടയിലെ ലോക റിക്കാര്‍ഡ് ഈ ചൈനക്കാരി സ്വന്തമാക്കിയിരുന്നു. 2:10.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത താരം അന്ന് മുതലേ സമൂഹമാധ്യമങ്ങളിലെ ശ്രദ്ധാകേന്ദ്രമാണ്.