

ന്യൂദല്‍ഹി: ചെസിലെ യഥാര്‍ത്ഥ വനിതാ ലോക ചാമ്പ്യന്‍ ആകണമെങ്കില്‍ ഇനിയും ദിവ്യ ദേശ്മുഖ് രണ്ട് കടമ്പ കടക്കണമെന്ന് വിദഗ്ധര്‍.ദിവ്യ ദേശ്മുഖ് കഴിഞ്ഞ ദിവസം ജോര്‍ജ്ജിയയിലെ ബടുമിയില്‍ നേടിയത് ആഗോള ചെസ് ഫെഡറേഷനായ ഫിഡെ സംഘടിപ്പിച്ച ലോക വനിതാ ചെസ്സ് കിരീടം മാത്രമാണ്. ഫിഡെയുടെ ലോക വനിതാ ചെസ്സ് മത്സരത്തെ ചെസിലെ ലോകകപ്പ് എന്ന അര്‍ത്ഥത്തില്‍ ഡബ്ല്യു സി (WC) എന്നാണ് വിശേഷിപ്പിക്കുക. അതേ സമയം ഫിഡെ സംഘടിപ്പിക്കുന്ന ലോക ചെസ് വനിതാ ചാമ്പ്യന്‍ഷിപ്പായ സിഡബ്ള്യുസിയെ (CWC) ആണ് ചെസ്സിലെ യഥാര്‍ത്ഥ ലോകകപ്പ് മത്സരമായി വിശേഷിപ്പിക്കുന്നത്.
സിഡബ്ല്യുസി(CWC)യില്‍ വിജയിച്ച ചാമ്പ്യനെയാണ് ചെസിലെ അനിഷേധ്യ ലോകവനിത ചാമ്പ്യന്‍ ആയി കണക്കാക്കുകയുള്ളൂ. ഇപ്പോള്‍ ആ സ്ഥാനത്തുള്ളത് ചൈനയിലെ ജു വെന്‍ജുന്‍ ആണ്. 2025ലെ സിഡബ്ല്യുസി കിരീടം നേടിയത് ജു വെന്‍ജുന്‍ ആണ്. ലോക പുരുഷവിഭാഗത്തിലെ അനിഷേധ്യ ചാമ്പ്യന്‍ ഡി. ഗുകേഷിന്റെ അതേ നിലവാരത്തിലുള്ള വനിതകളിലെ ലോക ചാമ്പ്യനാണ് ജു വെന്‍ജുന്‍.
ജു വെന്‍ജുനില്‍ നിന്നും ആ കിരീടം സ്വന്തമാക്കണമെങ്കില്‍ ദിവ്യ ദേശ്മുഖ് ഇനിയും രണ്ട് കടമ്പ കൂടി കടക്കണം. ആദ്യത്തെ കടമ്പ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റാണ്. ഫിഡെ തന്നെ സംഘടിപ്പിക്കുന്ന വിവിധ ലോകനിലവാരത്തിലുള്ള മത്സരങ്ങളിലെ വിജയികളും റേറ്റിംഗ് കൂടുതലുള്ള താരങ്ങളും എല്ലാം കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മാറ്റുരയ്‌ക്കും. ഫിഡെ വനിത ലോകചെസ് ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മൂന്ന് സ്ഥാനക്കാരായ ദിവ്യ ദേശ്മുഖ്, കൊനേരു ഹംപി, ടാന്‍ സോംഗി എന്നിവര്‍ കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ മത്സരിക്കാന്‍ യോഗ്യത നേടിയിട്ടുണ്ട്. ഇവര്‍ കൂടാതെ ഫിഡെ സംഘടിപ്പിച്ച ലോക വനിത ഗ്രാന്‍റ്പ്രീ ടൂര്‍ണ്ണമെന്‍റിലെ ആദ്യ സ്ഥാനക്കാര്‍, ഫിഡെ വിമന്‍സ് സ്വിസ് ടൂര്‍ണമെന്‍റിലെ ആദ്യരണ്ട് സ്ഥാനക്കാര്‍, 2024-25ലെ ഫിഡെ വിമന്‍സ് ചെസ് മത്സരങ്ങളിലെ ചില വിജയികള്‍ എന്നിവരും കാന്‍ഡിഡേറ്സില്‍ മത്സരിക്കാനുണ്ടാകും. അതായ് ഒരു യഥാര്‍ത്ഥ ലോകചാമ്പ്യന്മാരുടെ പോരാട്ടമായാണ് കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റിനെ കണക്കാക്കുന്നത്.
കാന്‍ഡിഡേറ്റ്സില്‍ ചാമ്പ്യനായാല്‍ ദിവ്യ ദേശ്മുഖിന് 2025 ലോക ചെസ് ചാമ്പ്യനായ ജു വെന്‍ജുനെ വെല്ലുവിളിക്കാന്‍ യോഗ്യയാവും. ഇതില്‍ രണ്ടു പേരും 14 റൗണ്ടുകള്‍ മത്സരിക്കും. ഇതില്‍ ആദ്യം ഏഴരപോയിന്‍റ് നേടുന്ന വ്യക്തി ലോക ചെസ് കിരീട ജേതാവാകും. 2026 ഏപ്രിലില്‍ ആണ് ഈ ലോക വനിതാ ചെസ് ചാമ്പ്യന്‍ഷിപ്പ് നടക്കുക. ഇതിന്റെ വേദി എവിടെയെന്ന് തിരുമാനിച്ചിട്ടില്ല. പുരുഷ വിഭാഗത്തില്‍ ഇപ്പോള്‍ ഇന്ത്യയുടെ ഗുകേഷ് ആണ് ഈ ലോകചാമ്പ്യന്‍. കാന്‍ഡിഡേറ്റ്സ് ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായ ഗുകേഷ് നിലവിലെ ലോക ചാമ്പ്യനായ ചൈനയുടെ ഡിങ്ങ് ലിറനുമായി ലോക ചെസ് കിരീടത്തിന് പോരാടുകയായിരുന്നു. 2024 ഡിസംബറില്‍ സിംഗപ്പൂരില്‍ നടന്ന മത്സരത്തിലാണ് ഗുകേഷ് ഡിങ് ലിറനെ തോല്‍പിക്കുകയായിരുന്നു.









