‘If the bombs don’t kill children, hunger will.’ ഗാസയിൽ നടക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളുടെ പശ്ചാത്തലത്തിൽ ലോകത്ത് പ്രചാരത്തിലുള്ള വാക്കുകളാണ് ഇവ. വളരെ വൈകിയാണെങ്കിലും, ഗാസയിൽ പട്ടിണി രൂക്ഷമാണെന്നും അത് അതിന്റെ പാരമ്യത്തിലേക്ക് കുതിക്കുകയാണെന്നും മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ലോക ഭക്ഷ്യ പദ്ധതിയുടെ വക്താവായ ഓൾഗ ചെരെവ്കോ ഈ അവസ്ഥയെ “ചിന്തിക്കാനാവാത്ത ദുരന്തം” എന്നാണ് അവർ വിശേഷിപ്പിച്ചത്. രണ്ട് ദശലക്ഷത്തിലധികം ആളുകൾ വ്യാപകമായ പട്ടിണിയുടെ വക്കിൽ നിൽക്കുന്നത് അത്യന്തം അപകടകരമായ അവസ്ഥയാണ്.
ഓൾഗ ചെരെവ്കോയുടെ ലേഖനത്തിൽ പറയുന്നത് പ്രകാരം, ഗാസയിൽ ഇപ്പോൾ ഒരു പൂർണ്ണ പട്ടിണി ദുരന്തം നടക്കുകയാണ്. ക്ഷാമം പ്രഖ്യാപിക്കാനുള്ള മൂന്ന് മാനദണ്ഡങ്ങളിൽ രണ്ടെണ്ണം രേഖപ്പെടുത്തിയതായി യു.എൻ. സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും ദുർബലരായ കുട്ടികളെയാണ് ഈ പ്രതിസന്ധി കൂടുതലായി ബാധിക്കുന്നത്. ഏപ്രിൽ മുതൽ ഗുരുതരമായ പോഷകാഹാരക്കുറവിന് 20,000 കുട്ടികൾ ചികിത്സ തേടി. അതിൽ 16 കുട്ടികൾ പട്ടിണി മൂലം മരണമടഞ്ഞു. ഇത് ഈ സംഘർഷം ജനജീവിതത്തിൽ, പ്രത്യേകിച്ച് കുട്ടികളുടെ മേൽ ഏൽപ്പിക്കുന്ന ആഘാതത്തിന്റെ ആഴത്തെ വെളിവാക്കുന്നതാണ്.
ALSO READ: അങ്ങനെ അതും കണ്ടെത്തി! ഇനി ഐസ് ക്രീം ഉരുകില്ല; സാങ്കേതിവിദ്യ വികസിപ്പിച്ച് ഗവേഷകർ
ഗാസയുടെ വടക്കൻ മേഖലകളിൽ ഭക്ഷ്യവസ്തുക്കൾ തീരെ ലഭ്യമല്ലാത്ത സ്ഥിതിയാണുള്ളത്. തെക്കൻ മേഖലകളിലും സ്ഥിതി വിഭിന്നമല്ല. ഭക്ഷണവും സഹായവും എത്തിക്കുമെന്നായിരുന്നു ഇസ്രയേൽ അറിയിച്ചിരുന്നത്. ലോകത്തെ പല സംഘടനകളും ഭക്ഷണമെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുമുണ്ട്. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തക ഗ്രെറ്റ തുൻബെർഗിന്റെ നേതൃത്വത്തിലുള്ള സംഘം പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കടലിലൂടെ സഹായമെത്തിക്കാനുള്ള ശ്രമങ്ങൾ നടത്തിയത് വാർത്തകളിലൂടെ ലോകം അറിഞ്ഞതാണ്. പക്ഷെ, ഇതുപോലെ ഏതെങ്കിലും മനുഷ്യാവകാശ സംഘടനകളോ, പ്രവർത്തകരോ സഹായം എത്തിക്കാൻ തയ്യാറായി മുന്നോട്ടുവന്നാൽ പോലും, ഇസ്രയേലിന്റെ ഉപരോധം കാരണം ആവശ്യത്തിന് സഹായം എത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് അവിടെ ഉള്ളതെന്നാണ് ‘വേൾഡ് ഫുഡ് പ്രോഗ്രാം’ (WFP) പറയുന്നത്. മാത്രമല്ല, ഇന്ധനം, വെള്ളം, വൈദ്യുത വിതരണം എന്നിവയും തടസ്സപ്പെട്ടിരിക്കുകയാണ്.
ഭക്ഷണം വാങ്ങാൻ വരുന്നവരെയും ഇസ്രയേൽ സേന കൂട്ടത്തോടെ കൊന്നൊടുക്കുന്ന സാഹചര്യമാണുള്ളത്. ചെക്ക്പോസ്റ്റുകളിൽ സഹായ ട്രക്കുകൾക്ക് വലിയ കാലതാമസമാണ് നേരിടുന്നതെന്നാണ് ചെരെവ്കോ ചൂണ്ടിക്കാട്ടുന്നത്. ഉദാഹരണത്തിന്, ഒരു ട്രക്കിന് 24 കിലോമീറ്റർ സഞ്ചരിക്കാൻ 18 മണിക്കൂറാണ് വേണ്ടിവരുന്നത്. മുൻപ് വെടിനിർത്തൽ നിലനിന്നിരുന്നപ്പോൾ, യു.എന്നിന് തടസ്സങ്ങളില്ലാതെ സഹായം എത്തിക്കാൻ സാധിച്ചിരുന്നു. പക്ഷെ ഇന്നത് സാധ്യമാകുന്നില്ല. ആവശ്യപ്പെട്ട സഹായത്തിന്റെ പകുതി മാത്രമേ ഇപ്പോൾ എത്തിക്കാൻ സാധിക്കുന്നുള്ളൂ. കൂടാതെ ഇന്ധനക്കുറവ് പ്രവർത്തനങ്ങളെ വ്യാപകമായി തന്നെ തടസ്സപ്പെടുത്തുന്നുമുണ്ട്. UNRWA-യുടെ ജനറേറ്ററുകൾ ഏഴ് മണിക്കൂറിന് പകരം രണ്ട് മണിക്കൂർ മാത്രമാണ് നിലവിൽ പ്രവർത്തിക്കുന്നത്. മാത്രമല്ല, സംഘടനയുടെ എല്ലാ അന്താരാഷ്ട്ര ജീവനക്കാർക്കും 2025 മാർച്ചോടെ ഗാസയിൽ പ്രവേശിക്കുന്നതിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. അവശ്യ പോഷകാഹാര സേവനങ്ങൾ നൽകുന്ന കേന്ദ്രങ്ങൾ പോലും അടച്ചുപൂട്ടുന്ന ദുരവസ്ഥയും ഭീകരമാണ്.
ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും ഒടുവിലെ കണക്കുകൾ അനുസരിച്ച് യുദ്ധമാരംഭിച്ച ശേഷം, 175 പേർ പട്ടിണി മൂലം മാത്രം മരിച്ചിട്ടുണ്ട്. ഇതിൽ 93 ഉം കുട്ടികളാണ്. 2025-ൽ മാത്രം 74 പേരുടെ മരണം പോഷകാഹാരക്കുറവ് മൂലമാണെന്ന് ലോകാരോഗ്യ സംഘടന (WHO) രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ 63 പേരും ജൂലൈ മാസത്തിലാണ് മരിച്ചത്. ജൂലൈ 17-ന് ശേഷം 16 കുട്ടികളാണ് ആശുപത്രികളിൽ പട്ടിണി മൂലം മരണപ്പെട്ടതായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
ഇസ്രയേൽ ആക്രമണം തുടങ്ങിയ ശേഷം അരലക്ഷത്തിലധികം പേരാണ് ഗാനയിൽ കൊലചെയ്യപ്പെട്ടിരിക്കുന്നത് എന്നതും, ഈ ഘട്ടത്തിൽ നാം ഓർക്കേണ്ടതുണ്ട്. കണക്കുകൾ മുൻ നിർത്തി വ്യക്തമായി പറഞ്ഞാൽ, ഗാസയിലെ ജനസംഖ്യയുടെ 90%, അതായത് 1.9 ദശലക്ഷം ആളുകൾക്കും, ഒന്നിലധികം തവണയാണ് പലായനം ചെയ്യേണ്ടിവന്നിട്ടുള്ളത്. 90%-ത്തിലധികം വീടുകളും നശിപ്പിക്കപ്പെട്ടു. 2023 ഒക്ടോബറിനും 2025 ജൂലൈ 30-നും ഇടയിൽ 60,138-ൽ അധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും 1,46,269 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 340-ൽ അധികം UNRWA ജീവനക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഉൾപ്പെടെ 40% ജനങ്ങളും ഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുകയാണ്.
ഇങ്ങനെപോയാൽ ആയുധങ്ങളുടെ ആവിശ്യം പോലുമില്ലാതെ തന്നെ, ഗാസയെ പൂർണമായും അവസാനിപ്പിക്കാൻ ഇസ്രയേലിന് കഴിയും. ഭക്ഷണം ലഭിക്കാതെ, കടുത്ത ദാരിദ്ര്യത്തിൽ തുടർന്ന്, പോഷകാഹാരക്കുറവ് സംഭവിച്ച് കുഞ്ഞുങ്ങളും മുതിർന്നവരും ഒന്നടങ്കം ഇല്ലാതാവുന്ന ഭീകരമായ അവസ്ഥയിലേക്ക് ഗാസയെ തള്ളിവിടുകയാണ് ഇസ്രയേൽ ചെയ്തുകൊണ്ടിരിക്കുന്നത്.
മാനവിക ദുരന്തം രൂക്ഷമാകുന്നത് അതിക്രൂരമായ അക്രമങ്ങൾ മൂലമാണ്. സൈനികവൽക്കരിക്കപ്പെട്ട വിതരണ കേന്ദ്രങ്ങളിലും, സഹായ ട്രക്കുകൾക്കായി കാത്തുനിൽക്കുന്ന വഴികളിലും 1,300-ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായും, 8,152-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തതായും യു.എൻ റിപ്പോർട്ടിൽ പറയുന്നുണ്ട്. ഇത് അടിസ്ഥാന ആവശ്യങ്ങൾക്കായി ശ്രമിക്കുമ്പോൾ ജനങ്ങൾ നേരിടുന്ന അപകടകരവും നിസ്സഹായവുമായ അവസ്ഥയെയാണ് തുറന്നു കാട്ടുന്നത്. യു.എൻ കണക്കുകൾ അനുസരിച്ച്, യുദ്ധം ആരംഭിച്ചതിന് ശേഷം 60,000-ൽ അധികം ആളുകൾ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. ഭക്ഷണം തേടിപ്പോകുന്ന ആളുകൾ കൊല്ലപ്പെടുന്ന സാഹചര്യം “ഭീകരമായ ഒരു ദുരന്തഭൂമിയെ ആണ് സൃഷ്ടിക്കുന്നതെന്നും, യു എൻ റിപ്പോർട്ടിൽ എടുത്ത് പറഞ്ഞിട്ടുണ്ട്.
ALSO READ: യുദ്ധമുഖത്ത് ഇന്ത്യയുടെ പുതിയ നീക്കം: ഹൈടെക് യുദ്ധത്തിന് സൈന്യം തയ്യാറെടുക്കുന്നു!
ഈയൊരു സാഹചര്യം അതിഭീകരമാണെന്നും, ഇത് ഒരു മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും, കുട്ടികളും സ്ത്രീകളും കൂടുതൽ ദുരിതത്തിലാകുമെന്നും റിപ്പോർട്ടിൽ പറയുമ്പോൾ, നിസഹായരായി നിൽക്കുന്നത് ലോക ജനതയാണ്. ഇസ്രയേലിൻ്റെ ഈ വംശഹത്യയെ ചെറുക്കാൻ അറബ് രാജ്യങ്ങൾ പോലും, ശക്തമായി രംഗത്ത് വരാത്തത് ദൗർഭാഗ്യകരമാണ്. ഗാസയുടെ കാര്യത്തിൽ, കുറ്റകരമായ അനാസ്ഥയാണ് ലോകരാജ്യങ്ങൾ കാണിക്കുന്നത്.
പട്ടിണിയിൽ വിശന്നുവലഞ്ഞ മനുഷ്യരെ ഭക്ഷണം കാട്ടി കൊതിപ്പിച്ച്, സഹായകേന്ദ്രങ്ങളിലേക്ക് എത്തിച്ച് അവിടെവച്ച് വെടിവെച്ചുകൊല്ലുന്ന, ക്രൂരത, സിനിമകളിൽ മാത്രം നാം കണ്ട കാഴ്ചകളാണ്. അതിൻ്റെ പ്രാക്ടിക്കൽ വേർഷനാണ് ഗാസയിൽ അരങ്ങേറുന്നത്. മനുഷ്യരുടെ നിസഹായതയിലും യുദ്ധഭീകരത നിറയ്ക്കുന്ന ഇസ്രയേൽ, ഒരു സോഷ്യോപാത്തിനെപോലെയാണ് പെരുമാറുന്നത് എന്ന് തന്നെ ഈ ഘട്ടത്തിൽ പറയേണ്ടിവരും. പ്രതിസന്ധി പരിഹരിക്കാൻ എത്രയും പെട്ടെന്ന് വെടിനിർത്തൽ പ്രഖ്യാപിക്കുകയും, കൂടുതൽ സഹായങ്ങൾ ഗാസയിലെ ജനങ്ങളിലേക്ക് എത്തിക്കുകയും വേണമെന്നാണ്, യു എൻ വക്താവ് ഓൾഗ ചെരെവ്കോ ലേഖനത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.
ALSO READ: ‘യേ ദോസ്തി ഹം നഹീ തോഡേംഗെ’: റഷ്യയുമായുള്ള സൗഹൃദം ദൃഢമാക്കി മോദി, ട്രംപിന് നെഞ്ചിടിപ്പ്
ഗാസയിലെ സാഹചര്യം ഒരു ദുരന്തത്തിലേക്ക് അതിവേഗം നീങ്ങിക്കൊണ്ടിരിക്കുകയാണ്. പട്ടിണി, അവശ്യവസ്തുക്കളുടെ ക്ഷാമം, സഹായ വിതരണത്തിനുള്ള നിയന്ത്രണങ്ങൾ എന്നിവയാണ് ഈ പ്രതിസന്ധിയെ നിർവചിക്കുന്നത്. പോഷകാഹാരക്കുറവുള്ള കുട്ടികളടക്കം 20 ലക്ഷത്തിലധികം വരുന്ന ആളുകളുടെ ദുരിതം ലഘൂകരിക്കുന്നതിന്, അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടേണ്ടത് അത്യാവശ്യമാണെന്നും അവർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കി അവിടെ ഇനിയും ജീവനോടെ ബാക്കിയുള്ള, നിസഹായരായ മനുഷ്യ ജീവനുകളെ ജീവിതത്തിലേക്ക് നയിക്കേണ്ടതിന്റെ ആവിശ്യകതയെക്കുറിച്ചാണ്, ഈ ലേഖനം മുന്നറിയിപ്പ് നൽകുന്നത്. യു.എൻ വക്താവിൻ്റെ ഈ തുറന്നു പറച്ചിലിനു പിന്നാലെ, പ്രമുഖ ഇസ്രയേലി എഴുത്തുകാരൻ ഡേവിഡ് ഗ്രോസ്മാനും ഇസ്രയേൽ ഭരണകൂടത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്.
“ഇസ്രയേലിനെ ഒരു ‘വംശഹത്യാ രാഷ്ട്രം’ എന്ന് വിളിക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്തു, പക്ഷെ ഇനി അതിനു കഴിയില്ലന്നാണ്, അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ഗാസയിൽ ഇസ്രയേൽ നടത്തുന്നത് വംശഹത്യ തന്നെയെന്ന് അഭിപ്രായപ്പെട്ട്, ഡേവിഡ് ഗ്രോസ്മാൻ ഇറ്റാലിയൻ പത്രം ലാ റിപ്പബ്ലിക്കിന് നൽകിയ ഈ അഭിമുഖം, ഇസ്രയേൽ ഭരണകുടത്തെ പ്രതികൂട്ടിൽ നിർത്തുന്നതാണ്.
“ഗാസയിലെ രക്തച്ചൊരിച്ചിൽ തന്റെ ഹൃദയം തകർത്തെന്നും, വർഷങ്ങളോളം താൻ ‘വംശഹത്യ’ എന്ന വാക്ക് ഉപയോഗിക്കുകയില്ലായിരുന്നു എന്നും പറഞ്ഞ ഗ്രോസ് മാൻ, മാധ്യമങ്ങളിലൂടെ ഇപ്പോൾ നിരന്തരം വരുന്ന വാർത്തകൾ കാണുമ്പോൾ വംശഹത്യ എന്ന വാക്ക് ഉപയോഗിക്കാതിരിക്കാൻ കഴിയുന്നില്ല” എന്നാണ് ആഞ്ഞടിച്ചിരിക്കുന്നത്.
ALSO READ: പ്രേതപ്പാവയ്ക്ക് ഇനി പുതിയ അവകാശി; അന്നബെല്ലയുടെ വീട് സ്വന്തമാക്കി ഈ നടൻ…
ഈ പോക്കുപോയാൽ, അധികം വൈകാതെ, ഭൂപടത്തിൽ നിന്നു തന്നെ ഗാസയിലെ ജനങ്ങൾ ഓർമ്മയായി മാറും. മനുഷ്യരായി പിറന്ന ഒരാൾക്കു പോലും, ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഈ കൊടുംപാതകത്തിനെതിരെ, ഇനിയും ലോക മനസാക്ഷി ഉയർന്നില്ലങ്കിൽ, പിന്നെ മനുഷ്യരാണെന്ന് പറയുന്നതു പോലും, അപമാനകരമായാണ് മാറുക.
അമേരിക്ക എന്ന കഴുകൻ നൽകുന്ന സാമ്പത്തിക – ആയുധ കരുത്തിലാണ്, ഇത്രയും കൊടുംപാപങ്ങൾ ഗാസയുടെ മണ്ണിൽ, അമേരിക്കയുടെ അൻപതി ഒന്നാമത്തെ സ്റ്റേറ്റായി അറിയപ്പെടുന്ന ഇസ്രയേൽ ചെയ്ത് കൂട്ടുന്നത്. ഇതിന് ഒരവസാനം വരണമെങ്കിൽ, അമേരിക്കയുടെ പത്തിയാണ് ആദ്യം ഒടിക്കേണ്ടത്. അതിന് ആദ്യം വേണ്ടത്, ലോകത്തെ അറബ് ഇസ്ലാമിക രാജ്യങ്ങൾ, മുഖം നോക്കാതെ ശക്തമായ നിലപാട് സ്വീകരിക്കുക എന്നതാണ്. അറബ് മണ്ണിലെ, അമേരിക്കൻ താവളങ്ങൾക്ക് ആതിഥ്യമരുളിയ നിലപാടും പുനപരിശോധിക്കേണ്ടതുണ്ട്. അമേരിക്കയ്ക്ക് എതിരെ ഇപ്പോൾ റഷ്യയുടെ നേതൃത്വത്തിൽ രൂപപ്പെടുന്ന പുതിയ ശാക്തിക ചേരിയിലേക്ക്, അറബ് – ഇസ്ലാമിക രാജ്യങ്ങളും ചേക്കേറണം. തിരുവ എന്ന തുറുപ്പ് ചീട്ട് കാട്ടി, മറ്റു രാജ്യങ്ങളെ ഭീഷണിപ്പെടുത്തുന്ന അമേരിക്കയുടെ അടിവേര് തകർക്കാൻ, ഡോളറിന് ബദൽ കറൻസിയും അനിവാര്യമാണ്. ഈ കാലഘട്ടം ആവശ്യപ്പെടുന്നതും, അതു തന്നെയാണ്.
വീഡിയോ കാണാം..
The post ഗാസയെ ശവപ്പറമ്പാക്കി ഇസ്രയേൽ, ലോക രാജ്യങ്ങളുടേത് കുറ്റകരമായ അനാസ്ഥ, ഭയന്ന് യു എന്നും appeared first on Express Kerala.