
തിരുവനന്തപുരം : ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ ഉയരത്തെ കീഴടക്കി എമി ട്രീസ ജിജി. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ 2.60 മീറ്റര്‍ ഉയരത്തെയാണ് എമി തൊട്ടത്. കണ്ണൂര്‍ പേരാവൂര്‍ മണത്തണം വീട്ടിലേക്കാണ് ഈ മിടുക്കി സ്വര്‍ണം കൊണ്ടുപോകുന്നത്. പെയിന്റിംഗ് തൊഴിലാളിയായ എമിയുടെ അച്ഛന്‍ ജോസ്ലിന്‍ ജോസഫിനും അമ്മ ജിജി എം. ജോണിനും മകളുടെ വിജയത്തില്‍ സന്തോഷം ഏറെയുണ്ടെങ്കിലും അവര്‍ക്ക് ചിലത് പറയാനുണ്ട്.
മകളുടെ വിജയത്തില്‍ ഞങ്ങള്‍ ഏറെ സന്തോഷിക്കുന്നു. എന്നാല്‍ സ്‌പോര്‍ട്‌സിന്റെ ചെലവ് ഞങ്ങള്‍ക്ക് താങ്ങാനാവുന്നില്ല. പല തവണ സ്‌പോര്‍ട്‌സ് നിര്‍ത്തണമെന്ന് വിചാരിച്ചിട്ടുണ്ടെങ്കിലും മകളുടെ ആഗ്രഹം കാണുമ്പോള്‍ ഇല്ലായ്‌മയിലും വയറു മുറുക്കി പിടിച്ചു അവളെ ട്രാക്കിലേക്ക് ഞങ്ങള്‍ കൊണ്ടു പോകും. ഒന്നാം ക്ലാസ്സ് മുതലേ എമി സ്‌പോര്‍ട്‌സിനെ ഇഷ്ടപ്പെട്ടു തുടങ്ങിയതാണ്. സ്‌കൂളിലെ ഓരോ മത്സരങ്ങളിലും പങ്കെടുക്കും. ആദ്യമൊക്കെ പോള്‍ വോള്‍ട്ടിനൊപ്പം ലോങ് ജംപും ഹൈജംപും ചെയ്യുമായിരുന്നു.
മകളെ ഏറ്റവും നല്ല സ്‌കൂളില്‍ കൊണ്ടു പോകണം എന്ന ആഗ്രഹമാണ് കോതമംഗലം മാര്‍ബേസിലില്‍ മകളെ ചേര്‍ത്തത്. ആദ്യം ബയോളജി സയന്‍സാണ് എമി എടുത്തിരുന്നത്. പ്രാക്ടിക്കല്‍ ക്ലാസ്സിലൊന്നും എമിക്ക് കയറാന്‍ പറ്റാതായതോടെടെ എമി പിന്നീട് കമ്പ്യൂട്ടര്‍ സയന്‍സിലേക്ക് മാറുകയായിരുന്നു. അതോടെ പ്രാക്ടീസിനൊള്ള സമയം ലഭിച്ചു. സ്‌കൂളില്‍ സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിനാല്‍ തൃശൂര്‍ െ്രെകസ്റ്റ് കോളേജിലാണ് പരിശീലനം. മാസത്തില്‍ പത്തു തവണ പോകുമ്പോഴേക്കും 3000 രൂപയില്‍ കൂടുതലാകുന്നുണ്ട്. മകളെ മുന്നോട്ട് കൊണ്ടു പോകണമെന്ന് ഇനിയും ആഗ്രഹമുണ്ട്. ഒരു സ്‌പോണ്‍സറേ തേടുകയാണ് എമിയും കുടുംബവും.









