
തിരുവനന്തപുരം : സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍ വോള്‍ട്ട് മത്സരത്തില്‍ പരിക്കേറ്റ് പുറത്തു പോകേണ്ടി വന്നത് നന്ദനയെ ഏറെ തളര്‍ത്തി.പുക്കുന്നേല്‍ ഹൗസില്‍ പന്നിയാറില്‍ ജയ്‌മോന്‍ മാത്യു വിന്റെയും അഞ്ചു കൃഷ്ണയുടേയും മകളാണ് നന്ദന. ആദ്യമായാണ് നന്ദന മത്സരത്തിന് എത്തുന്നത്. ഒരു വര്‍ഷമായി നന്ദന പ്രാക്ടീസ് ചെയ്തുവരുകയായിരുന്നു.
പോള്‍ വോള്‍ട്ടില്‍ രണ്ട് അറ്റംപ്റ്റ് പൂര്‍ത്തിയാക്കിയ ശേഷം മൂന്നാമത്തെ റൗണ്ടിലാണ് നന്ദന വീഴുന്നത്. ഉടനെ തന്നെ നന്ദനയെ മെഡിക്കലില്‍ കൊണ്ടു പോകുകയായിരുന്നു. പാസ്സ് പറഞ്ഞെങ്കിലും പിന്നീട് മത്സരിക്കാന്‍ നന്ദനയ്‌ക്ക് കഴിഞ്ഞില്ല. ഉയര്‍ത്തില്‍ നിന്നുള്ള വീഴ്ച പുറമെ പരിക്കുകള്‍ ഉണ്ടാക്കിയില്ലെങ്കിലും വീഴ്ച നന്ദനയുടെ ശരീരത്തെ ബാധിച്ചു. മുതുകില്‍ കടുത്ത വേദനയുണ്ടെങ്കിലും അടുത്ത മത്സരമായ ട്രിപ്പിള്‍ ജംപില്‍ മത്സരിക്കാന്‍ അവള്‍ തയ്യാറാവുകയായിരുന്നു. പക്ഷേ വീഴ്ചയുടെ ആഘാതം കാരണം അതില്‍ നന്ദനയ്‌ക്ക് ഡിസ്‌ക്വാളി ഫൈ ആകേണ്ടി വന്നു.
പ്രകൃതിയുടെ കാഠിന്യത്തെ മനക്കരുത്തിന്റെ ഉരുക്കു ബലം കൊണ്ട് മറികടക്കുന്നവരാണ് ഇടുക്കിക്കാര്‍ എന്ന് പറയാറുണ്ട്. അച്ഛനാണ് നന്ദനാ ജയ്‌മോന്റെ ധൈര്യം. സാഹസികതയുടെ യാത്രയില്‍ ഒട്ടും തന്നെ ഭയമില്ലാതെ ഹൈറേഞ്ചിലൂടെ അച്ഛനോടൊപ്പം ചുടുപ്പറ്റി ചേര്‍ന്നിരിക്കുമ്പോള്‍ രണ്ടാള്‍ക്കും പറയുവാന്‍ ഒരു സ്വപ്‌നം മാത്രമേ ഒള്ളു. കായിക മേളയില്‍ വിജയം നേടുക. ബസ് കണ്ടക്ടറായ അച്ഛന്‍ ജയ്‌മോഹനോടൊപ്പം യാത്രകള്‍ ചെയ്യാറുണ്ട് നന്ദന. സൈഡ് സീറ്റില്‍ ഇരുന്ന് മഞ്ഞു നിറഞ്ഞ തേയില തോട്ടങ്ങള്‍ക്കിടയിലേക്ക് നോക്കി സ്വപ്‌നം കാണുകയായിരുന്നു നന്ദന.
തോല്‍ക്കാന്‍ ഞാന്‍ തയ്യാറല്ല, സ്വപ്‌നങ്ങള്‍ അത് നേടി എടുക്കാനുള്ളതാണ്. ഇനിയും എന്നെ ട്രാക്കുകള്‍ കാത്തിരിക്കുന്നു, വേദികള്‍ ഇനിയും എനിക്കുണ്ട്, അതിലേക്കാണ് ഇനി എന്റെ യാത്ര…. തണുപ്പിന്റെ കോടമഞ്ഞില്‍ ബസില്‍ യാത്ര ചെയ്യുമ്പോള്‍ അച്ഛനും അമ്മയോടും എനിക്ക് പറയണം എന്റെ അടുത്ത സ്വര്‍ണ നേട്ടത്തിലേക്കുള്ള യാത്രയെപ്പറ്റി.- നന്ദന പറയുന്നു.









