തൊടുപുഴ: രാമക്കൽമേട് ടൂറിസം കേന്ദ്രത്തിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,02,40,305 രൂപയുടെ സര്‍ക്കാർ ഭരണാനുമതി. പതിനായിരക്കണക്കിന് സന്ദര്‍ശകരെത്തുന്ന രാമക്കൽമേട്ടിലെ അടിസ്ഥാന സൗകര്യങ്ങൾ വര്ധിപ്പിക്കാണ് സംസ്ഥാന ടൂറിസം വകുപ്പ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭരണാനുമതി നല്‍കിയത്.
രാമക്കൽമേടിനെ ടൂറിസം ഭൂപടത്തിലെ അവിഭാജ്യഘടകമായി മാറ്റാനാണ് ശ്രമിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് മുന്നോട്ടുവെക്കുന്ന അനുഭവവേദ്യ ടൂറിസം സംരംഭങ്ങള്‍ക്ക് രാമക്കൽമേട്ടിൽ വലിയ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മനംകവരും കാഴ്ചകൾ
കേരളത്തിലെ വിവിധ ജില്ലകളിൽനിന്നും തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്നും നിരവധിയാളുകളാണ് രാമക്കൽമേട്ടിലെത്തുന്നത്. ഇവിടെനിന്നുള്ള തമിഴ്നാട്-കേരള അതിര്‍ത്തിയുടെ വിദൂര ദൃശ്യഭംഗി ആരുടേയും മനംകവരുന്നതാണ്. എപ്പോഴും കാറ്റ് വീശുന്ന രാമക്കൽമേട്ടിലെ സര്‍ക്കാർ വക കാറ്റാടിപ്പാടങ്ങളും നയനമനോഹര കാഴ്ച സമ്മാനിക്കും.
ചുറ്റുവേലി നിർമാണത്തിന് പുറമെ ഇരിപ്പിടങ്ങൾ, പ്രവേശന കവാടം, ടിക്കറ്റ് കൗണ്ടർ, പുല്‍മൈതാനം, സോളാർ ലൈറ്റ്, മാലിന്യക്കൂടകൾ, പൊതുശൗചാലയങ്ങൾ, കുറവൻ കുറത്തി ശിലപം, മലമുഴക്കി വേഴാമ്പൽ വാച്ച് ടവർ, കുട്ടികളുടെ പാര്‍ക്ക്, കാന്റീൻ തുടങ്ങിയവയാണ് പദ്ധതിയുടെ ഭാഗമായി നവീകരിക്കുക. ജില്ല ടൂറിസം പ്രമോഷൻ കൗണ്‍സിലിനാണ് (ഡി.ടി.പി.സി) പരിപാലനം, നടത്തിപ്പ് എന്നിവയുടെ ചുമതല. നവീകരണ പ്രവൃത്തികൾ എട്ടുമാസത്തിനകം പൂര്‍ത്തിയാക്കണമെന്നാണ് ഉത്തരവ്.
രാവിലെ 8.30 മുതൽ വൈകീട്ട് ഏഴു വരെയാണ് സന്ദർശനം. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കും 15 രൂപ, 15 വസ്സിസിനു മുകളിലുള്ളവര്‍ക്ക് 25 രൂപ എന്നിങ്ങനെയാണ് നിരക്ക്. വരുമാനത്തിന്റെ 60 ശതമാനം ഡി.ടി.പി.സിക്കും 40 ശതമാനം ടൂറിസം വകുപ്പിനുമായി ലഭ്യമാക്കണമെന്നും ഉത്തരവിൽ പറയുന്നു.