ത്വാഇഫ്: സൗദി പടിഞ്ഞാറൻ പ്രവിശ്യയിൽ ത്വാഇഫ് നഗരത്തിലെ വിനോദസഞ്ചാര മേഖലയിലെ അൽഹദ പ്രദേശത്തുള്ള സ്ട്രോബെറി ഫാം സന്ദർശകരെ ഏറെ ആകർഷിക്കുന്ന ഒരിടമാണ്. വർഷം മുഴുവനും തുറന്നിരിക്കുന്ന മനോഹരമായ സ്ട്രോബെറി ഫാം കാണാൻ ആളുകളുടെ തിരക്കാണിവിടെ.

സ്ട്രോബെറിക്ക് പുറമേ, ഫാമിൽ പക്ഷികൾക്കായി ഒരു ചെറിയ പൂന്തോട്ടം, താറാവുകൾക്കും ആമകൾക്കും ഒരു തടാകം, ഐസ്ക്രീം, ചൂടുള്ള പാനീയങ്ങൾ, സ്ട്രോബെറി ജ്യൂസ്, സ്ട്രോബെറി പേസ്ട്രികൾ എന്നിവ വിൽക്കുന്ന ചെറിയ പവിലിയനുകളും ഇവിടെ ഒരുക്കിയിരിക്കുന്നു.
ഫാമിൽ ആകർഷകമായ രീതിയിൽ ഒരുക്കിയ ഇരിപ്പിടങ്ങളും അതിനോട് ചേർന്നുള്ള പ്രത്യേക വീടും ഉണ്ട്. അതിെൻറ പരിസരത്തുകൂടി സഞ്ചരിക്കുമ്പോൾ തലകീഴായി നിൽക്കുന്നതായി തോന്നിപ്പിക്കുന്ന രീതിയിൽ സജ്ജീകരിച്ചിരിക്കുന്നു. ഇത് കുട്ടികളുള്ള കുടുംബങ്ങൾക്ക് പ്രത്യേകിച്ചും രസകരമാണ്. സന്ദർശകർക്ക് ഉന്മേഷദായകമായ അനുഭവം പ്രദാനം ചെയ്യുന്നു. 35 റിയാൽ പ്രവേശന ടിക്കറ്റെടുത്ത് സന്ദർശനം നടത്തുന്നവർക്ക് സ്ട്രോബറി ചെടികളിൽനിന്ന് നേരിട്ട് പുതിയ സ്ട്രോബെറി പറിക്കാൻ കഴിയും.

വിവിധ സ്ട്രോബെറി ജ്യൂസുകൾ, ജാമുകൾ, മധുരപലഹാരങ്ങൾ എന്നിവയും ഇവിടെ ലഭ്യമാണ്. ഇവിടെ കുടുംബങ്ങൾക്കും സന്ദർശകർക്കും ഒരുപോലെ പ്രിയപ്പെട്ട വേനൽക്കാല ലക്ഷ്യസ്ഥാനമാക്കി മാറ്റിയിരിക്കുന്നു. വേനൽക്കാലത്ത് പ്രദേശത്തെത്തുമ്പോൾ പൊതിയുന്നൊരു തണുപ്പ് അനുഭവപ്പെടുന്നു. ഇവിടത്തെ ഫാമുകളിൽ സ്ട്രോബെറി വിളഞ്ഞുനിൽക്കുന്ന കാഴ്ച ഏറെ ആകർഷണീയമാണ്. പൂർണമായ ഗ്രാമീണ അനുഭവം ആഗ്രഹിക്കുന്നവർക്ക് ഇവിടത്തെ വിവിധ സൗകര്യങ്ങൾ ഉപയോഗപ്പെടുത്താം.
പരിസര പ്രദേശങ്ങളിലുള്ള മൾബറി വില്ലേജ് സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി ഫാമുകളും ഇവിടത്തെ ആകർഷണമാണ്. വിശ്രമിക്കാനുള്ള പിക്നിക് ഏരിയകൾ, ഫ്രഷ് ജ്യൂസ് കോർണറുകൾ, കുട്ടികൾക്ക് അനുയോജ്യമായ സൗകര്യങ്ങൾ എന്നിവ ഇവിടെയുണ്ട്. പ്രദേശം വിശ്രമത്തിനും പര്യവേക്ഷണത്തിനുമുള്ള ഒരു സമ്പന്നമായ സ്ഥലമാക്കി മാറ്റുകയാണ് അധികൃതർ.

മാതള നാരങ്ങ, അത്തി, ടാംഗറിൻ, ക്വിൻസ്, ആപ്പിൾ, മൾബറി എന്നിവയുൾപ്പെടെയുള്ള മരങ്ങളുടെ മാതൃകകൾ ഫാമിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവയുടെ ആവാസ വ്യവസ്ഥ, ജലസേചന രീതി, കൃഷിസ്ഥലങ്ങൾ, അവയുടെ ആയുസ്സിനെക്കുറിച്ചുള്ള മറ്റ് പ്രധാന വിശദാംശങ്ങൾ എന്നിവയും സന്ദർശകർക്ക് പുതിയ അറിവുകൾ നൽകുന്നു.