അസ്താന: മലയാളികളുടെ അഭിമാന താരമായ ഭാരത ലോങ് ജംപ് താരം മുരളി ശ്രീശങ്കര്‍ ഗംഭീര തിരിച്ചുവരവ് നടത്തിയിരിക്കുന്നത് സ്വര്‍ണ നേട്ടത്തിലൂടെ. ലോക അത്‌ലറ്റിക്‌സ് കോണ്ടിനെന്റല്‍ ടൂര്‍ ബ്രോണ്‍സിലായിരുന്നു ശ്രീശങ്കറിന്റെ സ്വര്‍ണ നേട്ടം.
ആദ്യ അവസരത്തില്‍ തന്നെ 7.94 മീറ്റര്‍ ദൂരം കുറിച്ച് ശ്രീശങ്കര്‍ തുടക്കത്തിലേ ആധിപത്യം പുലര്‍ത്തി. ശ്രീശങ്കറിന് കനത്ത വെല്ലുവിളിയുമായി ഫിലിപ്പീന്‍സ് താരം ജാന്റി ഉബാസ് മികച്ച പോരാട്ടം കാഴ്‌ച്ചവച്ചു. 7.53 മീറ്റര്‍ ദൂരം താണ്ടിക്കൊണ്ടാണ് ഉബാസ് വെള്ളി നേട്ടം ഉറപ്പിച്ചത്. 7.48 മീറ്റര്‍ ദൂരം കുറിച്ച അസര്‍ബൈജാനില്‍ നിന്നുള്ള നസീം ബാബയേവ് വെങ്കലം സ്വന്തമാക്കി.
കാല്‍ മുട്ടിലെ പരിക്കിന്റെ പേരില്‍ ഏറെ കാലമായി ശ്രീശങ്കര്‍ വിശ്രമത്തിലായിരുന്നു. തിരിച്ചുവരവില്‍ ഇത്ര വലിയ ഗംഭീര പ്രകടനം കാഴ്‌ച്ചവയ്‌ക്കുന്ന ശ്രീ വരും മത്സരങ്ങളില്‍ വലിയ പ്രതീക്ഷകളാണ് പകരുന്നത്. അടുത്ത കാലത്ത് ശ്രീശങ്കര്‍ നടത്തിയ ഏറ്റവും മികച്ച പ്രകടനം പൂനെയില്‍ ഇന്ത്യന്‍ ഓപ്പണിലെ ചാട്ടമാണ്. അന്ന് 8.05 മീറ്ററാണ് ശ്രീശങ്കര്‍ ചാടി കടന്നത്. താരം പങ്കെടുത്ത ഏറ്റവും ഒടുവിലത്തെ പ്രധാന ഇവന്റ് 2023 ഹാങ്‌ഛോ ഏഷ്യന്‍ ഗെയിംസ് ആണ്. അന്ന് ശ്രീശങ്കര്‍ വെള്ളി മെഡലാണ് നേടിയത്. നിലവില്‍ യൂറോപ്പിലും സെന്‍ട്രല്‍ ഏഷ്യയിലും വരുന്ന എല്ലാ മത്സരങ്ങളും പങ്കെടുക്കാനുള്ള ഒരുക്കത്തിലാണ്. ശ്രീയുടെ ലക്ഷ്യം അടുത്ത മാസം ടോക്കിയോയില്‍ നടക്കുന്ന ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടുകയാണ് ലക്ഷ്യം.