

തിരുവനന്തപുരം: ലോക ചാമ്പ്യന്മാരായ അര്‍ജന്റീന ഫുട്‌ബോള്‍ ടീം കേരളത്തിലേക്ക് വരുമെന്ന് കഴിഞ്ഞ ജൂണ്‍ ആറിന് കായിക മന്ത്രി വി. അബ്ദുറഹിമാന്‍ നടത്തിയ പ്രഖ്യാപനം തട്ടിപ്പ്. ലോക ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി വരും ട്ടാ..! എന്നായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഈ പ്രഖ്യാപനത്തെ കായിക പ്രേമികള്‍ ആവേശത്തോടെ കണ്ടെങ്കിലും ഇപ്പോഴിത് മന്ത്രി തന്നെ തിരുത്തിയിരിക്കുകയാണ്. കേരളത്തിലെ കായിക പ്രേമികളുടെ പ്രതീക്ഷകളെ തകിടം മറിച്ച്, സങ്കോചമൊന്നുമില്ലാതെ മന്ത്രി പറഞ്ഞു, അര്‍ജന്റൈന്‍ ഫുട്‌ബോള്‍ ടീമോ മെസിയോ കേരളത്തിലേക്ക് ഈ വര്‍ഷം വരില്ല. ഒക്ടോബറില്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ സൗഹൃദ മത്സരത്തിനായി എത്തുമെന്ന് അബ്ദുറഹിമാന്‍ പലവട്ടം പറഞ്ഞ് കൊതിപ്പിച്ചിരുന്നു. എന്നാല്‍ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രാലയമോ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനോ ഇത് സംബന്ധിച്ച് അറിയിപ്പു ലഭിച്ചിട്ടില്ലെന്ന് പറഞ്ഞിരുന്നു. അപ്പോഴും സംശയങ്ങള്‍ക്ക് ഇട വന്നതോടെ ഞാന്‍ പറയുന്നു മെസി കേരളത്തില്‍ എത്തുമെന്ന്, മന്ത്രി ആവര്‍ത്തിച്ചു.
സ്വകാര്യ വാര്‍ത്താ ചാനല്‍ ഉടമ ആന്റോ അഗസ്റ്റിനാണ് മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞിരുന്നത്. അവരായിരുന്നു സ്‌പോണ്‍സര്‍മാര്‍. കരാര്‍ തീയതി പ്രകാരം മെസി കേരളത്തില്‍ എത്തണമെങ്കില്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന് പണം ഒടുക്കണം. യഥാസമയം പണം അടച്ചില്ല. ഇതേത്തുടര്‍ന്ന് സ്‌പോണ്‍സര്‍ക്കെതിരേ അസോസിയേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഇതൊന്നും നോക്കാതെയാണ് സംസ്ഥാന മന്ത്രിയുടെ വീമ്പിളക്കല്‍. മാത്രവുമല്ല, മെസി വരുമെന്നു പറയപ്പെട്ടിരുന്ന ഒക്‌ടോബറില്‍ അര്‍ജന്റീന മറ്റ് രാജ്യങ്ങളുമായി ഫുട്‌ബോള്‍ മത്സരം ഷെഡ്യൂള്‍ ചെയ്തിട്ടും മെസി വരുമെന്ന് മന്ത്രിയും സ്‌പോണ്‍സര്‍ എന്നവകാശപ്പെടുന്നവരും ആവര്‍ത്തിച്ചു. ഇപ്പോള്‍ മന്ത്രി പറയുന്നത് അര്‍ജന്റൈന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ചതിച്ചെന്നാണ്.
ഡിസംബറില്‍ മെസി ഭാരതത്തിലെത്തുന്നുണ്ട്. ഡിസംബര്‍ 11 മുതല്‍ 15 വരെ കൊല്‍ക്കത്ത, മുംബൈ, ദല്‍ഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളാണ് മെസിയുടെയും അര്‍ജന്റീന ടീമിന്റെയും സന്ദര്‍ശന പട്ടികയില്‍പ്പെട്ടിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഭാരത ടീമുമായി സൗഹൃദ മത്സരം നടത്തുമെന്നും സൂചനയുണ്ട്. മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ഒരു ക്രിക്കറ്റ് മത്സരത്തിലും മെസി പങ്കെടുക്കാന്‍ സാധ്യതയുണ്ട്. ഈ മത്സരത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, എം.എസ് ധോണി, തുടങ്ങിയ ക്രിക്കറ്റ് ഇതിഹാസങ്ങള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ, ഡിസംബര്‍ 14ന് മുംബൈയില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയിലും മെസി പങ്കെടുക്കുമെന്നും സൂചനയുണ്ട്.
കായിക മന്ത്രി അബ്ദുറഹിമാന്റെ വാക്കു വിശ്വസിച്ച് മെസിയെ കാണാനായി ആവേശത്തോടെ കാത്തിരുന്ന കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ കടുത്ത നിരാശയിലും. മന്ത്രിയുടെ പൊങ്ങച്ചത്തെ ശപിക്കുകയാണ് കായിക പ്രേമികള്‍.
വിദ്യാര്‍ത്ഥികള്‍ക്കും ആശ കൊടുത്തു
അടുത്ത ഒക്‌ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ട് വരെ മെസി കേരളത്തിലുണ്ടാകും. ഫ്രണ്ട്‌ലി മാച്ചിനു പുറമേ, നിങ്ങളെയൊക്കെ കാണാന്‍ 20 മിനിറ്റ് അദ്ദേഹം പൊതുവേദിയില്‍ കൂടിയുണ്ടാകും. ഒരു സ്‌കൂളിലെത്തിയ അബ്ദുറഹിമാന്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞ വാക്കുകളാണിത്. എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് മന്ത്രി ഇങ്ങനെ പ്രഖ്യാപിച്ചതെന്ന് ഇപ്പോഴും ആര്‍ക്കുമറിയില്ല. ഉപതെരഞ്ഞെടുപ്പ് കാലത്തെ വെറും അവകാശവാദമായിരുന്നു ഇതെന്ന് ഇപ്പോള്‍ ബോധ്യമാകുന്നു.









