ഓവല്‍: സീനിയര്‍ താരങ്ങള്‍ വഴിമാറിയ പരമ്പരയില്‍ മുന്‍നിര പേസര്‍ പുറത്തിരിക്കുമ്പോളാണ് മുഹമ്മദ് സിറാജും പ്രസിദ്ധ് കൃഷ്ണയും ചേര്‍ന്ന് ഭാരതത്തിന് ചരിത്രത്തിളക്ക തുല്യമായ ആവേശവിജയം സമ്മാനിച്ചിരിക്കുന്നത്. വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ദിവസങ്ങള്‍ക്കുള്ളില്‍ വിരമിക്കല്‍ പ്രഖ്യാപിച്ച ഉടനെയാണ് ഭാരതം ഇംഗ്ലണ്ടിലേക്ക് പറന്നത്. 25കാരനായ ശുഭ്മന്‍ ഗില്ലിന് കീഴില്‍. കോച്ച് ഗൗതം ഗംഭീറിന് കീഴില്‍ ഭാരത ടീം ഇണങ്ങിതുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
മത്സരം തുടങ്ങും മുമ്പേ എല്ലാവരും വിധിയെഴുതി. ഒരാശ്വാസ ജയമെങ്കിലും നേടാനായാല്‍ അത്യത്ഭുതം എന്ന് പറയാം. അഞ്ച് മത്സരങ്ങളില്‍ ഏതെങ്കിലും ഒന്നിലെങ്കിലും സമനിലയിലെത്തിയാല്‍ പോലും വിജയ തുല്യമെന്ന് കണക്കാക്കാം- ഇത്തരത്തിലായിരുന്നു പരമ്പര തുടങ്ങും മുമ്പ് ഭാരത ടീമിനെ കുറിച്ചുള്ള വിലയിരുത്തലുകള്‍.
ഇപ്പോഴിതാ വിമര്‍ശകരുടെയെല്ലാം വായടപ്പിച്ച് ഗില്ലും സംഘവും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം കിരീടവും കൈയ്യിലേന്തി നില്‍ക്കുന്നു.
ഇന്നലെ ഭാരതം നേടിയ നിര്‍ണായകമായ രണ്ടാം വിജയം തീര്‍ത്തും നേരിയ വ്യത്യാസത്തിലുള്ളതായിരുന്നു. അഞ്ച് മത്സരങ്ങളില്‍ ആധികാരിക വിജയം ഒന്നുമാത്രമേ ഉണ്ടായിട്ടുള്ളൂ. അത് എഡ്ജ്ബാസ്റ്റണില്‍ ഭാരതം നേടിയ 336 റണ്‍സ് വിജയമാണ്. മറ്റ് മത്സരങ്ങളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ കടന്നുപോയവയാണ്. ലോര്‍ഡ്‌സിലേതടക്കം ഇംഗ്ലണ്ട് ജയം ഉറപ്പിക്കും വരെ ഭാരതത്തിന് സാധ്യതയുണ്ടായിരുന്ന മത്സരമാണ്. മാഞ്ചസ്റ്ററിലെ സമനില ഭാരതത്തെ സംബന്ധിച്ച് വിജയതുല്യമായ ഒന്നായിരുന്നു.
ഭാരതത്തിന്റെ പുതുനിര ശക്തരെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ അത്യാവശ്യമായി പരിഹരിക്കാനുള്ള പോരായ്മകള്‍ അതേ പടി തുടരുകയാണ്. ബാറ്റിങ് ഓര്‍ഡറിലെ മൂന്നാം നമ്പര്‍ പൊസിഷന്‍ ഇതുവരെ പരിഹരിക്കപ്പെട്ടില്ല. കരുണ്‍ നായര്‍, സായി സുദര്‍ശന്‍ എന്നിവരെയെല്ലാം പരീക്ഷിച്ചെങ്കിലും യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. ബിലോ മിഡില്‍ ഓര്‍ഡറില്‍ ഒരു ബാറ്റര്‍ പോലും വിശ്വസ്തമായ തലത്തിലേക്ക് ഉയര്‍ന്നില്ല.