ഇറാനിൽ ആഭ്യന്തര കലാപം സൃഷ്ടിച്ച് ഭരണമാറ്റത്തിന് ശ്രമിച്ച് പരാജയപ്പെട്ട ഇസ്രയേലിൽ ഏത് നിമിഷവും ബെഞ്ചമിൻ നെതന്യാഹു ഭരണകൂടം വീഴുമെന്ന അവസ്ഥയാണ് നിലവിലുള്ളത്. നെതന്യാഹു ഇറാനിൽ ആഗ്രഹിച്ചത് എന്താണോ അതാണ് ഇപ്പോൾ അദ്ദേഹത്തിൻ്റെ സ്വന്തം മണ്ണിൽ നേരിടേണ്ടി വന്നിരിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെ കൊലപ്പെടുത്താൻ മരണ വാറണ്ടിൽ ഒപ്പിട്ട ഇസ്രയേൽ പ്രധാനമന്ത്രിയുടെ ജീവനും സ്വന്തം സൈനികരുടെ ഭീഷണിയിൽ എപ്പോൾ വേണമെങ്കിലും നഷ്ടപ്പെടാമെന്ന സാഹചര്യമാണുള്ളത്.
ഗാസ പിടിച്ചെടുക്കാനുള്ള നീക്കത്തെ ചൊല്ലി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാഹുവും ഇസ്രയേൽ പ്രതിരോധ സേനാ മേധാവി ഇയാൽ സമീറും തമ്മിലുള്ള പോരാണ് ജൂത രാഷ്ട്രത്തിൽ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ഗാസ പിടിച്ചെടുക്കാനുള്ള നീക്കം സൈന്യത്തിന് ഒരു കെണിയാണെന്ന വാദത്തിലാണ് ഇസ്രയേൽ പ്രതിരോധ സേനയായ ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് ഇയാൽ സമീർ ഉള്ളത്.
നെതന്യാഹുവും സൈനിക മേധാവിയും തമ്മിലുള്ള അഭിപ്രായഭിന്നതകൾക്കിടയിൽ നെതന്യാഹുവിന്റെ മകൻ യേർ നെതന്യാഹു സൈനിക മേധാവി ഇയാൽ സമീറിനെതിരെ രൂക്ഷ വിമർശനമുയർത്തി രംഗത്തെത്തിയത് സാഹചര്യം കൂടുതൽ വഷളാക്കാൻ കാരണമായിട്ടുണ്ട്. കലാപത്തിനും സൈനിക അട്ടിമറി ശ്രമത്തിനും പിന്നിൽ ഇയാൽ സമീറാണെന്നാണ് യേർ നെതന്യാഹു ആരോപിക്കുന്നത്. ഇയാൽ സമീറിനെ ഐഡിഎഫ് മേധാവിയാക്കിയതിൽ പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്‌സിനെയും നെതന്യാഹുവിന്റെ മകൻ പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ഇതിനു തൊട്ടു പിന്നാലെ സമീറിനെ പിന്തുണച്ച് കാറ്റ്‌സ് രംഗത്തെത്തിയത് ഇസ്രയേൽ സൈന്യത്തിലെ പ്രബല വിഭാഗം നെതന്യാഹുവിനെ കൈവിടുമെന്നതിൻ്റെ സൂചന കൂടിയാണ്. ഇസ്രയേലിൽ ഒരു സൈനിക അട്ടിമറി ഏത് നിമിഷവും സംഭവിക്കാമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അമേരിക്കയും പുതിയ സംഭവവികാസങ്ങളെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്. അമേരിക്കയുടെ അൻപത്തി ഒന്നാമത്തെ സ്റ്റേറ്റായി വിലയിരുത്തപ്പെടുന്ന ഇസ്രയേലിൽ, ആഭ്യന്തര സംഘർഷം ഉണ്ടാകരുത് എന്നതാണ് അമേരിക്കൻ ഭരണകൂടത്തിൻ്റെ നിലപാട്. പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിൻ്റെ പിന്തുണയും നെതന്യാഹുവിനു തന്നെയാണുള്ളത്.
ഇറാൻ്റെ ചാരൻമാർ, ഇസ്രയേലിലെ ഏതൊരു സംഘർഷവും മുതലാക്കുമെന്ന മുന്നറിയിപ്പും ഇസ്രയേലിന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ ഇതിനകം തന്നെ നൽകിയിട്ടുണ്ട്. അതേസമയം, നെതന്യാഹുവിന്റെ മകൻ തനിക്കെതിരെ ഉയർത്തിയിട്ടുള്ള ആരോപണങ്ങൾ സൈനിക മേധാവി നിഷേധിച്ചിട്ടുണ്ട്. ഒരു യോഗത്തിനിടെ ഇത് സംബന്ധമായി അദ്ദേഹം നെതന്യാഹുവുമായി തർക്കത്തിലേർപ്പെട്ടതായും, ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘എന്തിനാണ് നിങ്ങൾ എന്നെ ആക്രമിക്കുന്നത്? ഒരു യുദ്ധത്തിനിടയിൽ നിങ്ങൾ എന്തിനാണ് എനിക്കെതിരെ സംസാരിക്കുന്നത്?’ എന്നാണ് സൈനിക മേധാവി ഇയാൽ സമീർ, നെതന്യാഹുവിനോട് ചോദിച്ചതെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ALSO READ: അവിടെയും നമ്മളാണ് ബ്രാൻഡ്! പാസ്പോർട്ടില്ലാതെ ലോകം ചുറ്റിയ ഇന്ത്യൻ സംസ്കാരം
“ഞങ്ങൾ നിങ്ങളുടെ പദ്ധതികൾ അംഗീകരിച്ചില്ലെങ്കിൽ നിങ്ങൾ രാജി വെക്കുമെന്ന് ഓരോ തവണയും ഭീഷണിപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ്’ തന്റെ മകനെ ന്യായീകരിച്ചു കൊണ്ട് നെതന്യാഹു മറുപടി നൽകിയതെന്നും ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഗാസ പിടിച്ചടക്കാനുള്ള പദ്ധതിയെ സൈനിക മേധാവി എതിർക്കുകയാണെങ്കിൽ അദ്ദേഹത്തിന് രാജിവെക്കാമെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നത്.
ബന്ദികളെ തടവിലാക്കിയിട്ടുണ്ടെന്ന് കരുതുന്ന പ്രദേശങ്ങളിൽ, കരസേനാ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നത് അവശേഷിക്കുന്നവരുടെ ജീവൻ അപായപ്പെടുത്തുമെന്ന മുന്നറിയിപ്പാണ് ഐഡിഎഫ് നൽകുന്നത്. ബന്ദികൾക്കൊപ്പം സൈനികരുടെ ജീവനും വലിയ രൂപത്തിൽ അപകടത്തിലാകുമെന്നും ഐഡിഎഫ് മേധാവി നെതന്യാഹുവിനെ അറിയിച്ചിട്ടുണ്ട്. സൈനിക മേധാവി ഇയാൽ സമീർ ഇത്തരമൊരു റിപ്പോർട്ട് നെതന്യാഹുവിന് നൽകിയത് ഗ്രൗണ്ട് റിയാലിറ്റി മനസ്സിലാക്കി കൊണ്ടാണ്.
ALSO READ: ഇതാവുമോ ‘മനുഷ്യന്റെയും’ ഭാവി? ആശങ്കയുയർത്തി പരിണാമത്തിന്റെ ‘വിചിത്രമായ’ പാത!
കാരണം, പുറത്ത് വന്ന കണക്കുകളേക്കാൾ എത്രയോ കൂടുതൽ ഇസ്രയേൽ സൈനികർ ഇതിനകം തന്നെ ഗാസയിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നെതന്യാഹുവിൻ്റെ പദ്ധതി പ്രകാരം ഗാസ പിടിച്ചെടുക്കാൻ ഇറങ്ങിയാൽ ഇസ്രയേൽ സൈനികരുടെ ശവപ്പറമ്പായി ഗാസ മാറുമെന്ന ഭയവും സൈനിക മേധാവിക്കുണ്ട്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ചും ബോംബുകൾ വർഷിച്ചും ഗാസയിലെ സാധാരണ മനുഷ്യരെ കൂട്ടക്കൊല നടത്തിയ ഇസ്രയേൽ സേനക്ക് പൂർണ്ണ തോതിൽ ഗാസ പിടിച്ചെടുക്കാൻ ഇറങ്ങിയാൽ വലിയ രൂപത്തിലുളള ആൾ നാശമുണ്ടാകുമെന്ന മുന്നറിയിപ്പ് അമേരിക്കൻ ചാര സംഘടനയായ സി.ഐ.എയും നൽകിയിട്ടുണ്ട്.
എന്നാൽ, ഇതൊന്നും തന്നെ മുഖവിലക്കെടുക്കാതെയാണ് പ്രധാനമന്ത്രി നെതന്യാഹു മുന്നോട്ട് പോകുന്നത്. ഇത് സൈന്യത്തിൽ മാത്രമല്ല, അദ്ദേഹത്തിൻ്റെ മന്ത്രിസഭയിലും ഭിന്നതയ്ക്ക് കാരണമായിട്ടുണ്ട്. സൈനിക മേധാവിയാകാൻ ശുപാർശ ചെയ്തത് താൻ തന്നെയാണെന്നാണ് പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് വ്യക്തമാക്കിയിരിക്കുന്നത്. ‘ഐഡിഎഫ് ചീഫ് ഓഫ് സ്റ്റാഫ് സ്ഥാനത്തേക്ക് താൻ ഇയാൽ സമീറിനെ ശുപാർശ ചെയ്തു, പ്രധാനമന്ത്രിയും സർക്കാരും തന്റെ ശുപാർശ അംഗീകരിക്കുകയും ചെയ്തു.
ALSO READ: പ്രകൃതിയുടെ മതിൽക്കെട്ട്: ഒരു ചെറിയ പുല്ല് എങ്ങനെ ദുരന്തങ്ങളെ തടയുന്നു?
ഐഡിഎഫ് ഒരു നിർണ്ണായക ഘട്ടത്തിൽ ആയിരുന്നപ്പോൾ, നമുക്ക് മുന്നിലുണ്ടായിരുന്ന നിരവധി സുരക്ഷാ വെല്ലുവിളികളെ നേരിടാൻ സൈന്യത്തെ കെട്ടിപ്പടുക്കുന്നതിനും, നയിക്കുന്നതിനും അദ്ദേഹം നിർണ്ണായക പങ്ക് വഹിച്ചതായും ഇസ്രയേൽ പ്രതിരോധ മന്ത്രി എക്‌സിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
ഇയാൽ സമീറിന്റെ നേതൃത്വത്തിൽ ഇസ്രയേൽ സൈന്യം കൈവരിച്ച നേട്ടങ്ങളും പ്രതിരോധ മന്ത്രി അക്കമിട്ട് നിരത്തിയിട്ടുണ്ട്. ‘ഐഡിഎഫ് ലെബനൻ, സിറിയ, വെസ്റ്റ് ബാങ്ക്, ഗാസ, മറ്റ് മേഖലകൾ എന്നിവിടങ്ങളിൽ കരുത്തോടെയും സർവസജ്ജരായുമാണ് പ്രവർത്തിക്കുന്നതെന്നും, അദ്ദേഹം അവകാശപ്പെടുന്നുണ്ട്. പരസ്യമായ ഈ മറുപടി നെതന്യാഹുവിനെ സംബന്ധിച്ച് വലിയ പ്രഹരമാണ്.
സ്വന്തം മന്ത്രിസഭയിലും സൈന്യത്തിലും വിമത സ്വരവും എതിർപ്പും ഉയർന്ന സാഹചര്യത്തിൽ, ഇനി എത്ര നാൾ നെതന്യാഹുവിന് പിടിച്ചു നിൽക്കാൻ പറ്റും എന്നതും പ്രസക്തമായ ചോദ്യമാണ്. പരസ്പരം തമ്മിലടിച്ച്, ഇസ്രയേൽ തന്നെ സ്വയം നാശത്തിലേക്ക് പോകാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല.
ഇവിടെയാണ് നാം, ഇസ്രയേലിൻ്റെ മൊസാദിനെ വെല്ലുന്ന ഇറാൻ്റെ ബ്രില്ല്യൻസ് കാണേണ്ടത്. ഇസ്രയേലിൻ്റെ തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ ചോർത്താൻ ഇറാന് സാധിച്ചതോടെയാണ്, പ്രധാനപ്പെട്ട ഇസ്രയേൽ ലക്ഷ്യങ്ങൾ തകർക്കാൻ ഇറാന് സാധിച്ചിരുന്നത്. ഇതാണ്, ഒറ്റക്കെട്ടായി നിന്ന ഇസ്രയേൽ ഭരണകൂടത്തെയും സൈന്യത്തെയും ഉലച്ചിരുന്നത്.
ALSO READ: ഇത് ‘ആസൂത്രിത വംശഹത്യ…’ കയ്യും കെട്ടി നോക്കിയിരിക്കാതെ പ്രതികരിക്കൂ! ലോകരാജ്യങ്ങളോട് ഈജിപ്ത്
സകല മിസൈൽ പ്രതിരോധങ്ങളും തകർത്ത് തുരുതുരാ ഇറാൻ മിസൈലുകൾ ഇസ്രയേലിൽ പതിച്ചതും, ഇറാനിൽ ഇസ്രയേലും അമേരിക്കയും നടത്തിയ ആക്രമണത്തിൽ പോലും, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം തകർക്കാൻ കഴിയാതിരുന്നതും എല്ലാം, ഇസ്രയേൽ സൈന്യത്തിൻ്റെയും ഭരണകുടത്തിൻ്റെയും ആത്മവിശ്വാസം, വലിയ രൂപത്തിലാണ് നഷ്ടപ്പെടുത്തിയിരുന്നത്. ഒന്നും നേടാതെ മാത്രമല്ല, ലോകത്തിന് മുന്നിൽ നാണംകെട്ടുകൊണ്ടു കൂടിയാണ്, ഇസ്രയേലിന് വെടിനിർത്തലിന് സമ്മതിക്കേണ്ടി വന്നിരിക്കുന്നത്.
ഇറാനോട് മുട്ടി തിരിച്ചടി ഏറ്റുവാങ്ങേണ്ടി വന്നതിൻ്റെ ജാള്യത മറയ്ക്കാനും, സ്വന്തം രാജ്യത്തെ ജനങ്ങളുടെ എതിർപ്പിൽ നിന്നും രക്ഷപ്പെടാനും വേണ്ടിയാണ്, ഗാസ പൂർണ്ണമായും പിടിച്ചെടുത്ത് താൽക്കാലിക നേട്ടമുണ്ടാക്കാൻ നെതന്യാഹു പദ്ധതി തയ്യാറാക്കിയിരുന്നത്. സംഘർഷാന്തരീക്ഷം ശമിച്ചാൽ, തനിക്കെതിരായ അഴിമതി കേസുകളിൽ കുരുക്ക് മുറുകുമെന്ന ഭയവും അദ്ദേഹത്തെ, ഈ സാഹസ തീരുമാനമെടുക്കുവാൻ പ്രേരിപ്പിച്ച പ്രധാന ഘടകമാണ്.
സൈന്യവും സർക്കാറും തൻ്റെ കൂടെ നിൽക്കുമെന്ന് കരുതി നെതന്യാഹു എടുത്ത ഈ തീരുമാനവും, ഇപ്പോൾ വലിയ പ്രതിസന്ധിയാണ് ഇസ്രയേലിൽ ഉണ്ടാക്കിയിരിക്കുന്നത്. നെതന്യാഹുവിൻ്റെ അജണ്ട, നടപ്പാക്കാൻ ശ്രമിച്ചാലും ഇല്ലെങ്കിലും, ഇസ്രയേലിൽ പൊട്ടിത്തെറിയും ആഭ്യന്തര സംഘർഷവും ഉറപ്പാണ്.
ഒരു മിസൈൽ പോലും തങ്ങളുടെ രാജ്യത്ത് വീഴില്ലെന്ന് വിശ്വസിച്ചിരുന്ന ഇസ്രയേൽ ജനത, ഇപ്പോൾ സംഘർഷമെന്ന് കേട്ടാൽ തന്നെ ഭയന്ന് തുടങ്ങിയിരിക്കുന്നു. പ്രത്യേകിച്ച്, ഇസ്രയേൽ ഗാസ പിടിച്ചെടുക്കാൻ ശ്രമിച്ചാൽ, ഇറാനും അവരുടെ പ്രോക്സി ഗ്രൂപ്പുകളും, ഏത് രൂപത്തിൽ പ്രതികരിക്കുമെന്ന കാര്യത്തിലും വലിയ ഭയം ഇസ്രയേൽ ജനതയ്ക്കും സൈന്യത്തിലെ ഒരു വിഭാഗത്തിനുമുണ്ട്.
ALSO READ: പട്ടിണിയും ബോംബും കാവലിരിക്കുന്ന ഗാസ! ഈ കുരുന്നുകളുടെ നിലവിളി ലോകം കേൾക്കുന്നില്ലേ?
റഷ്യയുമായും ചൈനയുമായും ഇന്ത്യയുമായും ഉടക്കിയ അമേരിക്കയുടെ നിലപാടും, ഇസ്രയേലിനെ പ്രതിരോധത്തിലാക്കുന്നതാണ്. റഷ്യയും അമേരിക്കയും പരസ്പരം പോർ വിളിച്ചു നിൽക്കുന്ന സാഹചര്യത്തിൽ അമേരിക്കയുടെ ആയുധ സപ്പോർട്ടും പഴയ പോലെ ഇസ്രയേലിന് ലഭിക്കാൻ സാധ്യത കുറവാണ്. അതായത്, ഗാസ പിടിച്ചെടുക്കാൻ ഇസ്രയേൽ ശ്രമിച്ചാൽ, ഇസ്രയേലിനെ പിടിച്ചെടുക്കാൻ ആ രാജ്യത്തിൻ്റെ ശത്രുക്കളും ഇനി ശ്രമിക്കും. അമേരിക്കൻ ചേരിയെ ഭയപ്പെടില്ലെന്ന ശക്തമായ മുന്നറിയിപ്പ്, റഷ്യയും ചൈനയും ഇറാനും ഉത്തര കൊറിയയും നൽകി കഴിഞ്ഞു. ഈ ചേരിയിലേക്ക് കൂടുതൽ രാജ്യങ്ങൾ വന്ന് ചേർന്ന് കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിൽ, പുതിയ ലോകക്രമമാണ് സൃഷ്ടിക്കപ്പെടുന്നത്. ട്രംപ് എന്ന മണ്ടൻ പ്രസിഡൻ്റിൻ്റെ ഭരണത്തിൽ, അമേരിക്കയെ കാത്തിരിക്കുന്നതും, ഇനി വലിയ പ്രതിസന്ധിയായിരിക്കും. അതാകട്ടെ, വ്യക്തവുമാണ്.
Express View
വീഡിയോ കാണാം..
The post ഖമേനിയെ തെറുപ്പിക്കാൻ നോക്കി സ്വയം തെറിക്കുന്ന നെതന്യാഹു, ഇസ്രയേലിൽ സൈനിക അട്ടിമറിക്ക് നീക്കം appeared first on Express Kerala.